മുഹമ്മദ്‌ നബി(സ)യുടെ നിഴലും തലമുടിയും

എ അബ്‌ദുസ്സലാം സുല്ലമി

``മുഹമ്മദ്‌ നബി(സ)ക്ക്‌ നിഴല്‍ ഇല്ലായിരുന്നു. നബി(സ)യുടെ തലമുടി അഗ്നിക്കിരയാക്കിയാല്‍ കത്തുകയില്ല. ഇത്‌ നബിയുടെ ശരീരത്തിന്റെ അമാനുഷികതയാണ്‌. (മുസ്‌ലിയാക്കന്മാര്‍) വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ)യെ പരിചയപ്പെടുത്തുന്നത്‌ കാണുക. നീ പറയുക. തീര്‍ച്ചയായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌. (പക്ഷെ) എനിക്ക്‌ ദിവ്യസന്ദേശം നല്‍കപ്പെടുന്നു'' (സൂറ: അല്‍കഹ്‌ഫ്‌ 110). ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം റാസി(റ) എഴുതുന്നു.

എന്റെയും നിങ്ങളുടെയും ഇടയില്‍ വിശേഷണങ്ങളില്‍ യാതൊന്നിലും യാതൊരു പ്രത്യേകതയുമില്ല. അല്ലാഹു എനിക്ക്‌ ദിവ്യസന്ദേശം നല്‍കുന്നു എന്നത്‌ അല്ലാതെ (റാസി 21-176). അപ്പോള്‍ ശാരീരികമായ പ്രകൃതിയില്‍ സാധാരണ മനുഷ്യനെപ്പോലെ തന്നെയാണ്‌ നബി(സ)യും എന്നാണ്‌ അല്ലാഹു പൊതുതത്വമായി ഇവിടെ പ്രഖ്യാപിക്കുന്നത്‌. അതിനാല്‍ നബി(സ)ക്ക്‌ നിഴല്‍ ഇല്ലെന്നും നബി(സ)യുടെ മുടി സാധാരണ മനുഷ്യന്റെതുപോലെയല്ലെന്നും അത്‌ കത്തിച്ചാല്‍ കത്തുകയില്ലെന്നും പറയുവാന്‍ ഖുര്‍ആനിലെ തന്നെ സൂക്തമോ സ്ഥിരപ്പെട്ട ഹദീസോ പ്രമാണമായി ആവശ്യമാണ്‌. വിശുദ്ധ ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട ഹദീസിന്റെയും പിന്‍ബലമില്ലാതെ യാതൊന്നും അംഗീകരിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന്‌ ബാധ്യതയില്ല.

അല്ലാഹു പറയുന്നു: (നബിയേ) പറയുക. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്‌ (സൂറ ഫുസ്സിലത്‌ 6). മഖ്‌ദൂമി(പൊന്നാനി) നല്‍കിയ പരിഭാഷയാണിത്‌. ശേഷം അദ്ദേഹം സൂക്തത്തെ വ്യാഖ്യാനിക്കുന്നത്‌ കാണുക. പ്രകൃത്യാ നബിതിരുമേനി(സ) ഒരു സാധാരണ മനുഷ്യനാണ്‌ (ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, 2-ാം വാള്യം, പേജ്‌ 1022, അബ്‌ദുര്‍റഹ്‌മാന്‍ മഖ്‌ദൂമി പൊന്നാനി).

അപ്പോള്‍ പ്രകൃത്യാ സാധാരണ മനുഷ്യനായ നബി(സ)ക്ക്‌ നിഴല്‍ ഇല്ല എന്ന്‌ ജല്‌പിക്കുന്നവര്‍ ഇതിന്‌ ഖുര്‍ആന്റെ തന്നെ സൂക്തമോ വ്യക്തമായി സ്ഥിരപ്പെട്ട ഹദീസോ തെളിവായി ഉദ്ധരിക്കണം. ഏതെങ്കിലും കിതാബില്‍ എഴുതിയത്‌ ഇസ്‌ലാമില്‍ തെളിവല്ല. ഖുബൂരികള്‍ക്ക്‌ മാത്രമാണ്‌ അവയെല്ലാം തെളിവാകുന്നത്‌. അതുപോലെ നബി(സ)യുടെ മുടി കത്തിച്ചാല്‍ കത്തുകയില്ലെന്ന്‌ ജല്‍പിക്കുവാനും. കാരണം സാധാരണ മനുഷ്യന്റെ മുടി കത്തിച്ചാല്‍ കത്തുന്നതാണ്‌. എന്നാല്‍ ഇവരുടെ ഈ ജല്‍പനങ്ങള്‍ക്ക്‌ യാതൊരു തെളിവുമില്ല എന്ന്‌ മാത്രമല്ല, തെളിവുള്ളത്‌ നബി(സ)ക്ക്‌ നിഴല്‍ ഉണ്ടെന്നും നബി(സ)യുടെ തലമുടി അഗ്നിക്കിരയാക്കിയാല്‍ അത്‌ കത്തിക്കരിയും എന്നതിനാണ്‌. അവ ശേഷം വിവരിക്കുന്നതാണ്‌.


വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിനാണ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം സാഷ്‌ടാംഗം ചെയ്യുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും പ്രഭാതത്തിലും സായാഹ്നത്തിലും അവരുടെ നിഴലുകളും (സൂറ റഅ്‌ദ്‌ 15, അധ്യായം 13) സര്‍വ മനുഷ്യര്‍ക്കും നിഴലുണ്ടെന്ന്‌ ഈ സൂക്തം വ്യക്തമാക്കുന്നു. പ്രത്യേകിച്ച്‌ അല്ലാഹുവിന്‌ സുജൂദ്‌ ചെയ്യുന്നവര്‍ക്ക്‌ മുഹമ്മദ്‌ നബി(സ) മനുഷ്യനും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്യുന്നവനുമായിരുന്നു. സാധാരണ മനുഷ്യന്‍ എന്ന്‌ നബി(സ)യെ വിശേഷിപ്പിച്ചത്‌ മഖ്‌ദൂമി(പൊന്നാനി)യുടെ ഖുര്‍ആന്‍ പരിഭാഷയിലാണ്‌.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ള ഏതൊരു വസ്‌തുവിന്റെയും നേര്‍ക്ക്‌ അവര്‍ നോക്കിയിട്ടില്ലേ? എളിയവരായിട്ടും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്‌തുകൊണ്ടും അതിന്റെ നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞുകൊണ്ടിരിക്കുന്നു (സൂറ അന്നഹ്‌ല്‍ 48). മുഹമ്മദ്‌ നബി(സ)യെ ഈ മഹത്തായ സ്വഭാവഗുണത്തില്‍ നിന്ന്‌ ധിക്കാരികളും സത്യനിഷേധികളും മാത്രമാണ്‌ ഒഴിവാക്കുക. വഹും ദാഖിറൂന്‍ (അവര്‍ എളിയവരായിട്ട്‌) എന്നാണ്‌ ഖുര്‍ആന്‍ ഇവിടെ പറയുന്നത്‌. മുഹമ്മദ്‌ നബി(സ) ധിക്കാരിയായിരുന്നു എന്നാണോ ഇവര്‍ ജല്‌പിക്കുന്നത്‌? ഈ അധ്യായത്തിലെ 81-ാം സൂക്തത്തിലും അല്ലാഹു സൃഷ്‌ടിച്ചതിന്‌ നിഴലുകള്‍ ഉണ്ടെന്ന്‌ പ്രഖ്യാപിക്കുന്നു.

അനസ്‌(റ) നിവേദനം: നബി(സ) അരുളി. എനിക്കും നിങ്ങളുടെയും ഇടയിലായി ഞാന്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ നരകം ദര്‍ശിപ്പിച്ചു. എന്റെ നിഴലും നിങ്ങളുടെ നിഴലും ഞാന്‍ കാണുന്നതുവരെ (ഇബ്‌നുഖുസൈമ ഹ.നമ്പര്‍ 892, വാളം 2, പേജ്‌ 51). ഈ ഹദീസിന്റെ പരമ്പര സ്ഥിരപ്പെട്ടതാണ്‌. ഇബ്‌നുഖുസൈമയുടെ വ്യാഖ്യാനക്കുറിപ്പില്‍ തന്നെ ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നു. പുറമെ ഇബ്‌നുഖുസൈമയുടെ പ്രസിദ്ധ ഗ്രന്ഥമായ സ്വഹീഹില്‍ തന്നെയാണ്‌ ഈ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. അദ്ദേഹം ശാഫിഈ മദ്‌ഹബിലെ തന്നെ ഹദീസ്‌ പണ്ഡിതനായിട്ടാണ്‌ അറിയപ്പെടുന്നത്‌. അദ്ദേഹം ഈ ഹദീസിനെ സ്വഹീഹാക്കുന്നു. എന്നാല്‍ ഖലീഫ അബൂബക്കര്‍, ഉമര്‍(റ)വിനെപ്പോലെയുള്ളവര്‍ക്ക്‌ നിഴലുണ്ടെന്ന്‌ ഹദീസില്‍ പ്രത്യേകമായി പറയുന്നുമില്ല. ഞാന്‍ നടന്ന്‌ നബി(സ)യുടെ നിഴലില്‍ എത്തി എന്ന്‌ ആഇശ(റ) പറഞ്ഞത്‌ ഇമാം അഹ്‌മദ്‌ ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നു. ഇതിന്‌ അല്‌പം ദുര്‍ബലതയുണ്ടെങ്കിലും നാം ഉദ്ധരിച്ച സൂക്തങ്ങളും സ്വഹീഹായ ഹദീസും ഈ ഹദീസില്‍ പറയുന്ന ആശയത്തെ ശക്തിപ്പെടുത്തുന്നു. പുറമെ ഈ ഹദീസിനെക്കാള്‍ ദുര്‍ബലമായതും ഖുര്‍ആനിന്‌ എതിരായതുമായ ധാരാളം ഹദീസുകള്‍ മുസ്‌ല്യാക്കന്മാര്‍ തെളിവ്‌ പിടിക്കുകയും ചെയ്യാറുണ്ട്‌. ശ്രേഷ്‌ഠത പറയുന്ന വിഷയത്തില്‍ ദുര്‍ബല ഹദീസ്‌ തെളിവായി ഉദ്ധരിക്കാം എന്നതാണ്‌ ഖുബൂരികളുടെ അടിസ്ഥാനതത്വവും.

നബി(സ്വ)യുടെ മുടിയും പ്രകൃതി നിയമത്തിന്‌ വിധേയമായിരുന്നുവെന്ന്‌ ധാരാളം ഹദീസുകളില്‍ വ്യക്തമാക്കുന്നു. നബി(സ)യുടെ ചില മുടികള്‍ക്ക്‌ നരബാധിച്ചിരുന്നുവെന്ന്‌ ബുഖാരി, മുസ്‌ലിം പോലെയുള്ള സര്‍വഹദീസ്‌ ഗ്രന്ഥങ്ങളിലും വ്യക്തമാക്കുന്നു. 80 വയസ്സായിട്ടും ഒരു മുടിപോലും മരിക്കുന്നതുവരെ നരക്കാത്ത മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്‌. അവര്‍ കറുത്തചായം നല്‍കിയതായിരുന്നില്ല.

നബി(സ)യുടെ ചില മുടികള്‍ ചുവന്നതായിരുന്നുവെന്ന്‌ ബുഖാരി, മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസുകളില്‍ പ്രസ്‌താവിക്കുന്നു. ഇതിന്റെ കാരണമായി ചിലര്‍ പറയുന്നത്‌ നബി(സ) ചായം നല്‍കിയതുകൊണ്ടാണ്‌ എന്നാണ്‌. മറ്റു ചിലര്‍ പറയുന്നത്‌ നബി(സ) സുഗന്ധം(ത്വീബ്‌) തലയില്‍ പുരട്ടിയിരുന്നുവെന്നും സുഗന്ധം പുരട്ടുമ്പോള്‍ മുടിയുടെ കറുപ്പ്‌ നീങ്ങുക എന്നത്‌ പ്രകൃതി നിയമമാണെന്നും നബി(സ)യുടെ മുടിയും പ്രകൃതി നിയമത്തിന്‌ വിധേയമായിരുന്നുവെന്നുമാണ്‌ (അഹ്‌മദിന്റെ പ്രസിദ്ധ വ്യാഖ്യാന ഗ്രന്ഥമായ ഫത്‌ഹുര്‍റബ്ബാനി, വാള്യം 22, പേജ്‌ 10). ദുര്‍ബലമായ ഹദീസുകള്‍ ഇസ്‌ലാമില്‍ തെളിവല്ലെങ്കില്‍ പോലും നബി(സ)ക്ക്‌ നിഴല്‍ ഉണ്ടായിരുന്നില്ല. നബിയുടെ മുടി കത്തിച്ചാല്‍ കത്തുകയില്ല എന്ന്‌ പ്രസ്‌താവിക്കുന്ന ദുര്‍ബലമായ ഹദീസുകള്‍പോലും ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണുവാന്‍ സാധ്യമല്ല. ഇതെല്ലാം മനുഷ്യ പിശാചുക്കളുടെ പ്രചാരണം മാത്രമാണ്‌. ഇസ്‌ലാമിന്റെ പ്രമാണങ്ങളുമായി ഇതിന്‌ യാതൊരു ബന്ധവുമില്ല.

പുറമെ ഒരു സത്യം വ്യക്തമാക്കുവാന്‍ അനാദരവ്‌ ഇല്ലാതെ മുടികത്തിച്ച്‌ നോക്കുന്നതിനു യാതൊരു വിരോധവുമില്ല. വിശുദ്ധ ഖുര്‍ആനിന്റെ പഴയ കോപ്പികള്‍ വരെ കത്തിച്ചുകളയാം എന്ന്‌ പുരോഹിതന്മാര്‍ തന്നെ പറയുന്നുമുണ്ട്‌. നബി(സ)യുടെ മുടി കത്തിച്ചാല്‍ കത്തുകയില്ലെങ്കില്‍ കത്തിക്കുന്നതിന്‌ എന്താണ്‌ വിരോധമെന്ന്‌ പുരോഹിതന്മാര്‍ വ്യക്തമാക്കണം. സ്വഹാബിവര്യന്മാര്‍ സ്വന്തം ജീവനെക്കാള്‍ നബി(സ)യെ സ്‌നേഹിച്ചിരുന്നു. അവര്‍ നബി(സ)യെ ഖബ്‌റടക്കിയപ്പോള്‍ പ്രവാചകന്റെ ഒരൊറ്റ മുടിപോലും പറിച്ചെടുക്കുകയോ വെട്ടിയെടുക്കുകയോ ചെയ്യാതെയാണ്‌ ഖബ്‌റടക്കിയത്‌.

മയ്യിത്തിന്റെ ശരീരത്തില്‍ ആദരിക്കപ്പെടുന്ന വസ്‌തുക്കള്‍ ഉണ്ടെങ്കില്‍ അവ എടുത്തുമാറ്റണമെന്നും ചിലര്‍ക്ക്‌അഭിപ്രായമുണ്ട്‌. നാല്‌ ഖലീഫമാരില്‍ ആരെങ്കിലും നബി(സ)യുടെ ഒരൊറ്റ മുടിയെങ്കിലും ആദരിച്ചും ബഹുമാനിച്ചും സൂക്ഷിച്ചുവെച്ചിരുന്നതും അത്‌ സംരക്ഷിക്കാന്‍ ഒരു ചെറിയ കൂടാരമെങ്കിലും നിര്‍മിച്ചതും കാണാന്‍ സാധ്യമല്ല. കേരളത്തില്‍ ജുമുഅ ഖുതുബ മലയാളത്തില്‍ പരിഭാഷപ്പെടുത്തല്‍, സ്‌ത്രീകള്‍ പള്ളിയില്‍ വരല്‍ തുടങ്ങിയവ അടുത്ത കാലത്താണ്‌ ആരംഭിച്ചത്‌ എന്ന്‌ പറഞ്ഞ്‌ എതിര്‍ക്കുന്ന പുരോഹിതന്മാര്‍ മുടിപ്പള്ളി എന്നാണ്‌ കേരളത്തില്‍ ഉണ്ടായത്‌ എന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews