ഖുര്‍ആനും ഹദീസും ഒന്നാംപ്രമാണമോ?

എ അബ്‌ദുസ്സലാം സുല്ലമി

നവയാഥാസ്ഥിതികര്‍ എഴുതുന്നത്‌ നോക്കൂ: 1). ``ഈ വിഷയത്തില്‍ സ്വഹാബത്തിന്റെ നിലപാട്‌ ഇതില്‍ നിന്ന്‌ വ്യക്തമായി ഗ്രഹിക്കാവുന്നതുമാണ്‌. അവരാരും തന്നെ ശരീഅത്തില്‍ ഖുര്‍ആനില്‍ പറഞ്ഞതിന്‌ പ്രഥമ സ്ഥാനവും സുന്നത്തില്‍ രണ്ടാം സ്ഥാനവും നല്‌കിയിരുന്നില്ല. (അല്‍ഇസ്വ്‌ലാഹ്‌ മാസിക -2011 ഡിസംബര്‍, പേജ്‌ 44)

2). ഖുര്‍ആനും സുന്നത്തും പ്രമാണമെന്ന നിലയില്‍ യാതൊരു വേര്‍തിരിവുമില്ല എന്നും രണ്ടിലും വന്ന കാര്യങ്ങള്‍ക്ക്‌ ഒരേ സ്ഥാനമാണെന്നും അവ ഒരുപോലെ തന്നെ സ്വീകരിക്കണമെന്നുമാണ്‌.'' (പേജ്‌ 44)

3). ``ഇങ്ങനെയാണെങ്കില്‍ നബി(സ)ക്ക്‌ നല്‌കപ്പെട്ട രണ്ട്‌ സംഗതികള്‍ക്കിടയില്‍ നാം അത്‌ സ്വീകരിക്കുമ്പോള്‍ എങ്ങനെയാണ്‌ വ്യത്യാസം കല്‌പിക്കുക? രണ്ടും ഒരുപോലെ സ്വീകരിക്കണമെന്നാണല്ലോ ഹദീസില്‍ തേട്ടം.'' (പേജ്‌ 44)

4). സൂക്ഷ്‌മമായി കാര്യങ്ങള്‍ അപഗ്രഥിച്ചാല്‍ വ്യക്തമാവുന്ന സംഗതി ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തും ആണെന്നും തെളിവുകള്‍ സ്വീകരിക്കുന്നതില്‍ ഒന്നു മറ്റൊന്നിന്റെ മേലെ അല്ലെന്നും ഒന്നില്‍ പറഞ്ഞ വിധിവിലക്കുകള്‍ക്ക്‌ മറ്റേതിലുള്ളതിനെക്കാള്‍ മഹത്വമോ കുറവോ ഇല്ലെന്നും രണ്ടിലും പറഞ്ഞ വിഷയങ്ങള്‍ ഒരുപോലെ കണ്ടുതന്നെ സ്വീകരിക്കണമെന്നുമാണ്‌.'' (പേജ്‌ 43)

ഈ വിഭാഗം ഇപ്രകാരം എഴുതിവിട്ടത്‌ നബിചര്യയോടവര്‍ക്കുള്ള ആദരവു കൊണ്ടല്ല. പ്രത്യുത വിശുദ്ധ ഖുര്‍ആനിനെ അവഗണിച്ചുകൊണ്ട്‌ സിഹ്‌റ്‌ ബാധയും ജിന്നുബാധയും ഉള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച്‌ അതുമൂലം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുവാന്‍ വേണ്ടിയാണ്‌.

നബി(സ)യുടെ കാലത്ത്‌ ഒരു സ്വഹാബി പ്രവാചകന്റെ വായില്‍ നിന്ന്‌ ഒരു ഹദീസ്‌ കേള്‍ക്കുമ്പോള്‍ നബി(സ) പറഞ്ഞതാണെന്ന ഖണ്ഡിതമായ അറിവ്‌ ഈ വിഷയത്തില്‍ ലഭിക്കുന്നതാണ്‌. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല. എങ്കില്‍ പോലും ഖുര്‍ആന്‍ അവര്‍ നബിയില്‍ നിന്നു കേള്‍ക്കുമ്പോള്‍ അതിന്റെ അമാനുഷികത കാരണം അല്ലാഹുവിന്റേതാണെന്ന്‌ ഉറപ്പ്‌ അവര്‍ക്ക്‌ ലഭിക്കാറുണ്ട്‌. അതിനാല്‍ ഇതു അല്ലാഹുവിന്റേതാണോ നബി(സ)യുടെതാണോ എന്ന്‌ ചോദിക്കാറില്ല. കാരണം ഖുര്‍ആന്‍ ആശയവും പദങ്ങളും അല്ലാഹുവിന്റേതാണ്‌. എന്നാല്‍ ഹദീസില്‍ ആശയം മാത്രമാണ്‌ അല്ലാഹുവിന്റേത്‌. പദങ്ങള്‍ നബി(സ)യുടെ കാലത്ത്‌ നബി(സ)യുടേത്‌ തന്നെയാണെന്ന്‌ നമുക്കു പറയാം. പദങ്ങള്‍ നബിയുടേതാവാം അല്ലെങ്കില്‍ സ്വഹാബിയുടേതാവാം, അല്ലെങ്കില്‍ നിവേദകന്റേതുമാവാം. പ്രവാചകന്റെ കാലത്തുപോലും ഹദീസ്‌ നബിയില്‍ നിന്ന്‌ കേള്‍ക്കുമ്പോള്‍ ഇതു നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണോ അതല്ല അല്ലാഹുവിന്റെ വഹ്‌യാണോ എന്ന്‌ സ്വഹാബിമാര്‍ ചോദിച്ചതിന്‌ ധാരാളം സംഭവങ്ങള്‍ ഹദീസ്‌ ഗ്രന്ഥങ്ങളിലും ചരിത്രങ്ങളിലും കാണാവുന്നതാണ്‌. ഇപ്രകാരം അവര്‍ ചോദിക്കുവാന്‍ കാരണം ഖുര്‍ആനിന്റെ പദവും അല്ലാഹുവിന്റെതായതിനാല്‍ ഖുര്‍ആനിനുള്ള അമാനുഷികത ഹദീസിന്‌ ഇല്ലാത്തതുകൊണ്ടായിരുന്നു. നബി(സ) തന്റെ ഇജ്‌തിഹാദനുസരിച്ച്‌ പറയുന്ന കാര്യത്തെപ്പറ്റി ഇപ്രകാരം പറഞ്ഞു: താന്‍ നിങ്ങളോട്‌ ഒരു കാര്യം പറഞ്ഞു. അതിനേക്കാള്‍ ഉത്തമമായത്‌ നിങ്ങള്‍ കണ്ടാല്‍ എന്റെ നിര്‍ദേശം ഉപേക്ഷിച്ച്‌ ഉത്തമമായത്‌ നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. കാരണം ആ നിര്‍ദേശം എന്റെ ഗവേഷണമായിരിക്കും. എന്നാല്‍ അല്ലാഹു പറയുന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ അതു സ്വീകരിച്ചുകൊള്ളുക. ഞാന്‍ കളവു പറയുകയില്ല. (മുസ്‌ലിം)

ഹദീസ്‌ ഗ്രന്ഥങ്ങളില്‍ പ്രസിദ്ധമായത്‌ ബുഖാരിയും മുസ്‌ലിമുമാണ്‌. ഈ ഗ്രന്ഥങ്ങളില്‍ നബിയുടേതല്ലാത്ത വാക്കുകള്‍ ഉണ്ടെന്ന്‌ ശൈഖ്‌ അല്‍ബാനി വരെ പറയുന്നു. നബിയുടേതാണെന്ന്‌ ഉറപ്പില്ലാത്ത ദുര്‍ബലമായതും ഉണ്ടെന്ന്‌ പറയുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ നബിയുടെ വാക്കുകള്‍ ഇല്ല. എല്ലാം അല്ലാഹുവിന്റെ വാക്കുകളാണ്‌. ഖുര്‍ആനിലെ സൂക്തങ്ങള്‍ എല്ലാം തന്നെ മുതവാതിറായതാണ്‌.

എന്നാല്‍ ഹദീസുകളില്‍ മുതവാതിറായത്‌ ഉണ്ടോ എന്നതില്‍ വരെ പൂര്‍വികരുടെ ഇടയില്‍ പോലും തര്‍ക്കമാണ്‌. ഉണ്ടെങ്കില്‍ വളരെ കുറവുമാണ്‌. ഖുര്‍ആനിലെ ഒരു ആയത്ത്‌ ഒരാള്‍ ഓതിയാല്‍ അതില്‍ പരമ്പര (സനദ്‌) ഉണ്ടോ എന്ന്‌ വല്ല നവയാഥാസ്ഥികരും ചോദിച്ചാല്‍ അവന്‍ കാഫിറാണ്‌. എന്നാല്‍ വല്ലവനും ഹദീസ്‌ ഉദ്ധരിച്ചാല്‍ സനദ്‌ ഉണ്ടോ എന്നും സ്വഹീഹായ പരമ്പരയാണോ എന്നും ചോദിക്കാം.

സ്വഹാബിമാരുടെ കാലത്ത്‌ നിര്‍മിതമായ വ്യാജ ഹദീസുകളുടെ രംഗപ്രവേശനം പില്‍ക്കാലത്ത്‌ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ വളരെ വിരളമായിരുന്നു. തീരെ ഉണ്ടായിരുന്നില്ല എന്ന്‌ പറഞ്ഞാല്‍ പോലും അതൊരു അസത്യമാവുകയില്ല. എങ്കില്‍ പോലും ഒരു സ്വഹാബി നേരിട്ടു നബിയില്‍ നിന്ന്‌ കേള്‍ക്കാത്ത ഒരു ഹദീസ്‌ കേട്ടാല്‍ വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളുമായും ആ നിവേദനം (ഹദീസ്‌) പരിശോധിച്ചുകൊണ്ടായിരുന്നു ചിലപ്പോള്‍ സ്വീകരിച്ചിരുന്നത്‌. ഖുര്‍ആന്‍ പോലെ പരിശോധനക്ക്‌ അപ്പുറമാണ്‌ ഹദീസുകള്‍ എന്ന്‌ അവര്‍ അക്കാലത്ത്‌ പോലും വിശ്വസിച്ചിരുന്നില്ല. ചില ഉദാഹരണങ്ങള്‍ മാത്രം വിവരിക്കാം.

1. ഉമര്‍(റ) മരണത്തോടു അടുത്ത സന്ദര്‍ഭത്തില്‍ സ്വുഹൈബ്‌(റ) എന്ന സ്വഹാബി അവിടെ പ്രവേശിച്ചു. അദ്ദേഹം കരഞ്ഞപ്പോള്‍ ഉമര്‍(റ) പറഞ്ഞു: സുഹൈബേ, നീ കരയുകയാണോ? നീ കരയരുത്‌. നബി(സ) പറയുകണ്ടായി: മയ്യിത്തിന്റെ മേല്‍ ആളുകള്‍ കരഞ്ഞാല്‍ ആ മയ്യിത്ത്‌ ശിക്ഷിക്കപ്പെടുന്നതാണ്‌. ഉമറിന്റെ (റ) മരണശേഷം ആഇശ(റ)യോടു ഈ ഹദീസ്‌ പറഞ്ഞപ്പോള്‍ ആഇശ(റ) ഇപ്രകാരം പറഞ്ഞു: ``അല്ലാഹു ഉമറിന്റെ മേല്‍ കരുണ ചെയ്യട്ടെ. ഒരു സത്യവിശ്വാസി മരണപ്പെട്ടാല്‍, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ പേരില്‍ കരഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്ന്‌ നബി(സ) പറഞ്ഞിട്ടില്ല.

നബി (സ) ഇപ്രകാരമാണ്‌ പറഞ്ഞത്‌: തീര്‍ച്ചയായും അല്ലാഹുവേ ഒരു സത്യനിഷേധിക്ക്‌ അവന്റെ മേല്‍ അവന്റെ ബന്ധുക്കള്‍ (അവന്റെ ഉപദേശ പ്രകാരം) കരഞ്ഞാല്‍ ശിക്ഷ വര്‍ധിപ്പിക്കുന്നതാണ്‌. നിങ്ങള്‍ക്ക്‌ ഖുര്‍ആന്‍ തന്നെ മതിയാകും.

അല്ലാഹു പറയുന്നു: പാപഭാരം വഹിക്കുന്നവന്‍ മറ്റൊരുവന്റെ പാപഭാരം വഹിക്കുകയില്ല. (ബുഖാരി 1288 മുസ്‌ലിം 929)

2. ബദറിലെ കിണറ്റില്‍ കൊണ്ടുപോയി എറിയപ്പെട്ട ബഹുദൈവ വിശ്വാസികളോട്‌ നബി (സ) സംസാരിച്ചുവെന്ന്‌ ചിലര്‍ ആഇശ(റ)യോടു പറഞ്ഞപ്പോള്‍ അവര്‍ ഇപ്രകാരമാണ്‌ പ്രതികരിച്ചത്‌. ``അവര്‍ ഞാന്‍ പറയുന്നത്‌ കേള്‍ക്കുമെന്നല്ല നബി പറഞ്ഞത്‌, തീര്‍ച്ചയായും ഞാന്‍ അവരോടു മുമ്പേ പറഞ്ഞിരുന്നത്‌ ഇപ്പോള്‍ അവര്‍ സത്യമാണെന്ന്‌ അറിയുന്നുണ്ട്‌ എന്നാണ്‌. ശേഷം ആഇശ(റ) ഇപ്രകാരം പാരായണം ചെയ്‌തു. (തീര്‍ച്ചയായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല. ഖബാറികളെയും നീ കേള്‍പ്പിക്കുന്നവനല്ല) (ബുഖാരി 3981).

3. മുഹമ്മദ്‌ നബി(സ) മിഅ്‌റാജിന്റെ രാത്രിയില്‍ അല്ലാഹുവിനെ ദര്‍ശിച്ചുവെന്ന്‌ പ്രഗത്ഭരായ ചില സ്വഹാബിമാര്‍ പ്രസ്‌താവിച്ച വിവരം ആഇശ(റ)യോടു പറഞ്ഞപ്പോള്‍ അതിനെ നിഷേധിച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു. തീര്‍ച്ചയായും അല്ലാഹു പറയുന്നത്‌ നീ കേട്ടിട്ടില്ലേ (കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്‌മ ജ്ഞാനിയും അഗാധ ജ്ഞാനിയുമാണ്‌). (സ്വപ്‌നത്തിലേ ഒരു ബോധനം എന്ന നിലയിലോ മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ ഒരു ദൂതനെ അയച്ചുകൊണ്ടോ അല്ലാതെ അല്ലാഹു തന്നോട്‌ സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല (മുസ്‌ലിം 278)

4. അബൂദര്‍റ്‌, അബ്‌ദുല്ലാഹിബ്‌നു മുഗഫല്‍, അബൂഹുറയ്‌റ ഇബ്‌നു അബ്ബാസ്‌(റ) മുതലായ സ്വഹാബിമാര്‍ നമസ്‌കരിക്കുന്നവന്റെ മുന്നിലൂടെ സ്‌ത്രീയും പുരുഷനും കഴുതയും നടന്നുപോയാല്‍ നമസ്‌കാരം മുറിയുമെന്ന്‌ നബി(സ) പറഞ്ഞതായി നിവേദനം ചെയ്‌തതിനെ സംബന്ധിച്ച്‌ ആഇശ(റ)യോടു ചോദിച്ചപ്പോള്‍ ആ മഹതി ഈ നിവേദനങ്ങളെ തള്ളിക്കളഞ്ഞ ശേഷം പറഞ്ഞു. നിങ്ങള്‍ സ്‌ത്രീകളായ ഞങ്ങളെ കഴുതയോടും പട്ടികളോടും ഉപമിക്കുകയാണോ (ബുഖാരി 514). വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ടെങ്കില്‍ ആഇശ(റ) അതിനെ തള്ളിക്കൊണ്ട്‌ ``നിങ്ങള്‍ സ്‌ത്രീകളായ ഞങ്ങളെ കഴുതയോടും പട്ടികളോടും ഉപമിക്കുകയാണോ'' എന്ന്‌ ചോദിക്കുമെന്ന്‌ വല്ല നവയാഥാസ്ഥിതികരും പറയുന്ന പക്ഷം അവരെപ്പറ്റി എന്തു പറയണമെന്ന്‌ വായനക്കാര്‍ തീരുമാനിക്കുക. നവയാഥാസ്ഥിതികന്മാര്‍ എഴുതിയത്‌ സത്യമാണെങ്കില്‍ ഇപ്രകാരം ചോദിക്കുന്നതിന്‌ വിരോധം ഉണ്ടാവുകയില്ല. കാരണം ഖുര്‍ആനിനും ഹദീസിനും എല്ലാ നിലക്കും ഒരേ സ്ഥാനമാണുള്ളതെന്നാണ്‌ ഇക്കൂട്ടര്‍ വാദിക്കുന്നത്‌.

5. കുതിര, സ്‌ത്രീകള്‍, വീട്‌ എന്നിവയില്‍ ദുശ്ശകുനമുണ്ടെന്ന്‌ നബി(സ) പ്രസ്‌താവിച്ചിട്ടുണ്ടെന്ന്‌ അബൂഹുറയ്‌റ(റ) ഇബ്‌നു ഉമര്‍
(റ) മുതലായവര്‍ പ്രസ്‌താവിക്കുന്നുണ്ടെന്ന്‌ ആഇശ(റ) കേട്ടപ്പോള്‍ അവര്‍ വളരെയധികം കോപിക്കുകയും ഈ നിവേദനത്തെ തള്ളിക്കളയുകയും ചെയ്‌തു.

ഖുര്‍ആനില്‍ ഇപ്രകാരം പ്രസ്‌താവിച്ചിട്ടുണ്ടെങ്കിലും ആഇശ(റ) അതിനെ തള്ളിക്കളയുകയും അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടില്ലെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ്‌ നവയാഥാസ്ഥിതികര്‍ പറയുന്നത്‌. ഇബ്‌നു ഹജര്‍(റ) എഴുതുന്നു: തീര്‍ച്ചയായും ആഇശ(റ) ഈ ഹദീസിനെ നിരാകരിച്ചത്‌ അവരില്‍ നിന്ന്‌ വന്നിട്ടുണ്ട്‌ (ഫതുഹുല്‍ ബാരി 7-438). അഹമ്മദ്‌ ഇബ്‌നു ഖുസൈമ, ഹാകിം മുതലായവര്‍ ആഇശ(റ) ഈ ഹദീസിനെ തള്ളിക്കളഞ്ഞ്‌ നിവേദനം ചെയ്യുന്നു.

6. ഫാതിമ ബിന്‍ത്‌ ഖൈസ്‌ എന്ന സ്‌ത്രീയെ അവളുടെ ഭര്‍ത്താവ്‌ മൂന്നാമത്തെ പ്രാവശ്യവും വിവാഹ മോചനം ചെയ്‌തപ്പോള്‍ അവര്‍ക്ക്‌ ഇദ്ദയുടെ ചെലവും താമസ സൗകര്യവും നല്‌കുവാന്‍ ഭര്‍ത്താവിനോടു നബി(സ) കല്‌പിക്കുകയുണ്ടായില്ല എന്ന ഹദീസ്‌ ഫാതിമ തന്നെ പറഞ്ഞത്‌ ഖലീഫ ഉമര്‍(റ) കേട്ടപ്പോള്‍ ആ നിവേദനം തള്ളിക്കളഞ്ഞു അവള്‍ക്ക്‌ രണ്ടും നല്‌കണമെന്ന്‌ പ്രഖ്യാപിച്ചു (മുസ്‌ലിം 46).

ആഇശ(റ) ബീവി ഈ ഹദീസ്‌ കേട്ടപ്പോള്‍ പറഞ്ഞു: ആ സ്‌ത്രീക്ക്‌ അത്‌ പറയാതിരിക്കലാണ്‌ നല്ലത്‌ (ബുഖാരി 5321). ഖുര്‍ആനിലും ഇപ്രകാരം പ്രസ്‌താവിച്ചിട്ടുണ്ടെങ്കില്‍ ഖലീഫ ഉമര്‍(റ), ആഇശ(റ) മുതലായവര്‍ അതിനെ തള്ളിക്കളയുമന്നാണു നവയാഥാസ്ഥിതികര്‍ പറയുന്നത്‌. കാരണം രണ്ടിനും ഒരേ പരിഗണനയാണ്‌ ഇവരുടെ അടുത്തുള്ളത്‌!
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews