ഖുര്‍ആനിനെ രണ്ടാം പ്രമാണമാക്കണമോ?

പി കെ മൊയ്‌തീന്‍ സുല്ലമി 

ഇസ്‌ലാമിന്റെ ഒന്നാമത്തെ പ്രമാണം ഖുര്‍ആനാണ്‌ എന്നു പറയേണ്ടതിനു പകരം ഖുര്‍ആനും സുന്നത്തുമാണ്‌ എന്ന്‌ സമര്‍ഥിക്കാന്‍ ചിലര്‍ മുതിരുന്നുണ്ട്‌. അല്ലാഹു എന്നു പറഞ്ഞാല്‍ അല്ലാഹു മാത്രമല്ല അല്ലാഹുവും റസൂലും കൂടിയതാണ്‌ എന്ന്‌ പറയുംപോലെ. ഈ വാദത്തിനു പിന്നില്‍ ഇവര്‍ക്ക്‌ ചില ഗൂഢലക്ഷ്യങ്ങളുണ്ട്‌. അതായത്‌, ഖുര്‍ആനിന്‌ വിരുദ്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവര്‍ക്ക്‌ സ്ഥാപിച്ചെടുക്കേണ്ടതുണ്ട്‌. അവ സ്ഥാപിക്കണമെങ്കില്‍ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആനിനെ അതിന്റെ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തേണ്ടതുണ്ട്‌.

 ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ നാലാണെന്ന വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്‌മാഅ്‌, ഖിയാസ്‌ എന്നിവയാണവ. മദ്‌ഹബുകള്‍ അനുസരിച്ചു ജീവിക്കുന്നവരും നാട്ടാചാരം അടിസ്ഥാനപ്പെടുത്തി കര്‍മങ്ങള്‍ അനുഷ്‌ഠിക്കുന്നവരുമെല്ലാം പ്രമാണങ്ങളായി അംഗീകരിക്കുന്നത്‌ ഇവയാണ്‌. ഈ പ്രമാണങ്ങള്‍ക്ക്‌ ദീനില്‍ ഒരേ സ്ഥാനമാണോ ഉള്ളത്‌? ഒരിക്കലുമില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെങ്കില്‍ സുന്നത്ത്‌ എന്നത്‌ നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളുമാണ്‌. അല്ലാഹുവിനും റസൂലിനും തുല്യസ്ഥാനങ്ങള്‍ ഇല്ലാത്തതു പോലെ ഖുര്‍ആനിനും സുന്നത്തിനും തുല്യസ്ഥാനങ്ങളല്ല ഉള്ളത്‌.


വിശുദ്ധ ഖുര്‍ആന്‍ ദൈവിക വചനങ്ങളാണെങ്കില്‍ ഹദീസുകള്‍ പ്രവാചക വചനങ്ങളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളുമാണ്‌. ഖുര്‍ആനിന്റെ ഒരു ഹര്‍ഫ്‌ ഉച്ചരിച്ചാല്‍ പോലും പ്രതിഫലമുണ്ട്‌. എന്നാല്‍ ഹദീസുകള്‍ക്ക്‌ അപ്രകാരം പ്രതിഫലം നബി(സ) വാഗ്‌ദാനം ചെയ്‌തിട്ടില്ല. ഇസ്‌ലാമിന്റെ ഒന്നാമത്തെ പ്രമാണം വിശുദ്ധ ഖുര്‍ആനാണ്‌. ഖുര്‍ആനിന്റെ വിശദീകരണമാണ്‌ സുന്നത്ത്‌. ഒരു വിഷയം പ്രതിപാദിക്കുമ്പോള്‍ ആദ്യം ഉദ്ധരിക്കേണ്ടത്‌ ഖുര്‍ആനില്‍ നിന്നാണ്‌. പിന്നീട്‌ വിശദീകരണം എന്ന നിലയില്‍ ഹദീസുകള്‍ രേഖപ്പെടുത്തും. മുസ്‌ലിം ലോകം പിന്തുടര്‍ന്നുപോരുന്ന ചര്യ ഇപ്രകാരമാണ്‌. അഥവാ വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണം എന്ന നിലയിലാണ്‌ ഹദീസുകള്‍ ഉദ്ധരിക്കാറുള്ളത്‌. അല്ലാതെ സുന്നത്തിന്റെയോ ഹദീസുകളുടെയോ വിശദീകരണമായിട്ടല്ല വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ രേഖപ്പെടുത്താറുള്ളത്‌.

 ഹദീസുകള്‍ പ്രാധനമായും രണ്ടു വിധമുണ്ട്‌. ഒന്ന്‌: അല്ലാഹുവിന്റെ വഹ്‌യിലൂടെ ലഭിച്ച കാര്യങ്ങള്‍ നബി(സ) തന്റെ സ്വന്തം ഭാഷയിലൂടെ സ്വഹാബികളെ പഠിപ്പിക്കുന്ന കാര്യങ്ങള്‍. രണ്ട്‌: അല്ലാഹുവിങ്കല്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ അല്ലാഹു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട്‌ അവിടുന്ന്‌ ഉദ്ധരിക്കുന്ന കാര്യങ്ങള്‍. രണ്ടായിരുന്നാലും വഹ്‌യിലൂടെ ലഭിക്കുന്ന കാര്യങ്ങളാണ്‌. രണ്ടാമത്തെ വിഭാഗം ഹദീസുകള്‍ക്ക്‌ `ഖുദ്‌സി'യായ ഹദീസുകള്‍ എന്നാണ്‌ പറയുക. പക്ഷെ, നബി(സ) പറഞ്ഞതായി സ്ഥിരപ്പെടേണ്ടതുണ്ട്‌.

 എന്നാല്‍ പുതിയ ചില വാദക്കാര്‍ രംഗത്തുവന്നിരിക്കുന്നു. ഇസ്‌ലാമിന്റെ ഒന്നാമത്തെ പ്രമാണം ഖുര്‍ആനാണ്‌ എന്നു പറയേണ്ടതിനു പകരം ഖുര്‍ആനും സുന്നത്തുമാണ്‌ എന്ന്‌ സമര്‍ഥിക്കാന്‍ അവര്‍ ശ്രമിക്കുന്നത്‌ കാണാം. അല്ലാഹു എന്നു പറഞ്ഞാല്‍ അല്ലാഹു മാത്രമല്ല അല്ലാഹുവും റസൂലും കൂടിയതാണ്‌ എന്ന്‌ പറയുംപോലെ. ഈ പുതിയ വാദത്തിനു പിന്നില്‍ ഇവര്‍ക്ക്‌ ചില ഗൂഢലക്ഷ്യങ്ങളുണ്ട്‌. അതായത്‌, ഖുര്‍ആനിന്‌ വിരുദ്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവര്‍ക്ക്‌ സ്ഥാപിച്ചെടുക്കേണ്ടതുണ്ട്‌. അവ സ്ഥാപിക്കണമെങ്കില്‍ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആനിനെ അതിന്റെ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തേണ്ടതുണ്ട്‌.

 അല്‍ഇസ്വ്‌ലാഹ്‌ 2011 ഡിസംബര്‍ ലക്കത്തില്‍ വന്ന ഒരു ലേഖനത്തിന്റെ അവസാനഭാഗം ഇങ്ങനെയാണ്‌: ``ഖുര്‍ആനും സുന്നത്തും പ്രമാണമെന്ന നിലയില്‍ യാതൊരു വേര്‍തിരിവുമില്ല എന്നും രണ്ടിലും വന്ന കാര്യങ്ങള്‍ക്ക്‌ ഒരേ സ്ഥാനമാണെന്നും അവ ഒരുപോലെ തന്നെ സ്വീകരിക്കാമെന്നുമാണ്‌. ശരീഅത്തില്‍ രണ്ടിനും ഒരേ സ്ഥാനമാണെന്ന്‌ സാരം'' (പേജ്‌ 44). മേല്‍ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ ഇതാണ്‌: ഒന്ന്‌, പ്രമാണങ്ങള്‍ എന്ന നിലയില്‍ ഖുര്‍ആനിന്ന്‌ ഹദീസുകളെക്കാള്‍ യാതൊരു മേന്മയും ഇല്ല. രണ്ട്‌: ശരീഅത്തില്‍ ഖുര്‍ആനിനും സുന്നത്തിനും ഒരേ സ്ഥാനമാണ്‌. ഈ ലേഖനത്തില്‍ വീണ്ടും രേഖപ്പെടുത്തുന്നു: ``ഖുര്‍ആനില്‍ വന്ന ഒരു വിഷയം വിശദീകരിക്കുക ഹദീസിലാണ്‌ എന്നതിനാല്‍ ഹദീസില്‍ വന്ന അതിന്റെ വിശദീകരണം നോക്കാതെ ഖുര്‍ആന്‍ കൊണ്ട്‌ മതിയാക്കല്‍ ശരിയായ രീതിയല്ലെന്നുമാണ്‌. ശരീഅത്തില്‍ രണ്ടിനും ഒരേ സ്ഥാനമാണെന്ന്‌ സാരം'' (പേജ്‌ 44).

 മേല്‍പറഞ്ഞ രണ്ടു കാര്യങ്ങളും അബദ്ധങ്ങളാണ്‌. ഒന്ന്‌: ഹദീസുകള്‍ നോക്കാതെ ഖുര്‍ആന്‍ കൊണ്ടു മാത്രം കര്‍മങ്ങള്‍ അനുഷ്‌ഠിക്കല്‍ തെറ്റായ രീതിയാണ്‌ എന്ന്‌ പറയുമ്പോള്‍ അല്ലാഹു തെറ്റിനു പ്രേരിപ്പിച്ചു എന്നു പറയേണ്ടി വരും. അല്ലാഹുവിന്റെ കല്‌പനകള്‍ ശ്രദ്ധിക്കുക: ``അല്ലാഹു ഇറക്കിയതനുസരിച്ച്‌ ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍'' (മാഇദ 44). ``അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചതനുസരിച്ച്‌ വിധി കല്‌പിക്കുക. നിനക്ക്‌ വന്നുകിട്ടിയ സത്യത്തെ വിട്ട്‌ നീ അവരുടെ തന്നിഷ്‌ടങ്ങളെ പിന്‍പറ്റരുത്‌.'' (മാഇദ 48) മാഇദ 44-ാം വചനം തൗറാത്തനുസരിച്ച്‌ വിധികല്‌പിക്കാന്‍ മടിച്ചുനിന്ന യഹൂദരെ സംബന്ധിച്ചാണ്‌. ഖുര്‍ആന്‍ അനുസരിച്ച്‌ വിധികല്‌പിക്കാതിരുന്നാല്‍ നാമും അവിശ്വാസികളായി മാറും എന്നര്‍ഥം. 48-ാം വചനം നബി(സ)യടക്കമുള്ള സത്യവിശ്വാസികളോടാണ്‌. ഒരു പ്രശ്‌നം വന്നാല്‍ അത്‌ സംബന്ധമായി ഖുര്‍ആനില്‍ വിധിയുണ്ടെങ്കില്‍ അതനുസരിച്ച്‌ മാത്രമേ വിധി കല്‌പിക്കാവൂ. അതാണ്‌ സത്യം. അതുവിട്ടുകളിക്കരുത്‌ എന്നാണ്‌ കല്‌പന.

അപ്പോള്‍ പ്രമാണങ്ങളില്‍ ഒന്നാം സ്ഥാനം അല്ലാഹുവിന്റെ വചനങ്ങളായ ഖുര്‍ആനിനു തന്നെയാണ്‌. ഖുര്‍ആനില്‍, ഒരു പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്താന്‍ കഴിയാത്ത പക്ഷം നബിചര്യ അവലംബിക്കേണ്ടതാണ്‌. എന്നാല്‍ ഖുര്‍ആനില്‍ സൂചനയില്ലാത്ത ഒരുപാട്‌ നബിചര്യകളുണ്ട്‌. ഇതിലാര്‍ക്കും തര്‍ക്കമില്ല. അതുപോലെ തന്നെ വിശുദ്ധ ഖുര്‍ആനില്‍ പൊതുവായി പറഞ്ഞ കാര്യങ്ങള്‍ക്ക്‌ സുന്നത്തില്‍ വിശദീകരണം വന്നിട്ടുണ്ടെങ്കില്‍ അതും അവലംബിക്കണം.

 രണ്ടാമത്തെ വാദം: ഖുര്‍ആന്‍ ഒന്നാം പ്രമാണമല്ല. എന്നാല്‍ രണ്ടാണോ? അതുമല്ല. രണ്ടാം പ്രമാണം ഖുര്‍ആനും സുന്നത്തും കൂടിയാണുപോല്‍! ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം ഖുര്‍ആനാണെന്ന്‌ പൂര്‍വികര്‍ മനസ്സിലാക്കിയത്‌ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമാണ്‌. അല്ലാതെ ഊഹത്തില്‍ നിന്നല്ല. അല്ലാഹു പറയുന്നു: ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്ന പക്ഷം നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക'' (അന്നിസാഅ്‌ 59). റസൂലും അപ്രകാരം തന്നെയാണ്‌ അരുളിയത്‌: ``രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചുപോകുന്നു. അവ രണ്ടും മുറുകെപിടിക്കുന്ന പക്ഷം നിങ്ങള്‍ ഒരിക്കലും വഴിപിഴച്ചുപോകുന്നതല്ല. അല്ലാഹുവിന്റെ കിതാബും നബി(സ)യുടെ ചര്യയുമാകുന്നു അവ.'' (മാലിക്‌) 

അന്നിസാഅ്‌ 59-ാം വചനത്തിലും ഇമാം മാലിക്‌(റ) ഉദ്ധരിച്ച ഹദീസിലും ഒരു വിഷയം ഇസ്‌ലാമികമായി മനസ്സിലാക്കേണ്ടത്‌ ആദ്യമായി ഖുര്‍ആനില്‍ നിന്നാണെന്ന്‌ ബോധ്യപ്പെടുത്തുന്നു. ഖുര്‍ആനില്‍ ഒരു വിഷയത്തില്‍ തെളിവ്‌ കാണാത്ത പക്ഷം ഹദീസുകള്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതാണ്‌. ഇമാം അബൂഹനീഫയുടെ ഒരു പ്രസ്‌താവന ഇബ്‌നുല്‍ഖയ്യിം(റ) രേഖപ്പെടുത്തുന്നു: ``ഒരു വിഷയത്തില്‍ പ്രശ്‌നം നേരിട്ടാല്‍ ഞാന്‍ ആദ്യമായി അല്ലാഹുവിന്റെ ഗ്രന്ഥം തെളിവായി സ്വീകരിക്കും. അതില്‍ അതിന്‌ പരിഹാരമില്ലെങ്കില്‍ നബി(സ)യുടെ ചര്യ തെളിവായി സ്വീകരിക്കും. അതിലും പരിഹാരം കണ്ടില്ലെങ്കില്‍ അവിടുത്തെ സ്വഹാബികളുടെ പ്രസ്‌താവന ഞാന്‍ തെളിവായി സ്വീകരിച്ചേക്കും.'' (ഇഅ്‌ലാമുല്‍ മുവഖ്‌ഖിഈന്‍) മുആദുബ്‌നു ജബലിനെ(റ) യമനിലേക്ക്‌ പറഞ്ഞയക്കുന്ന സന്ദര്‍ഭത്തില്‍ നബി(സ) അദ്ദേഹത്തോട്‌ ചോദിച്ചു: വല്ല പ്രശ്‌നവും നേരിടുന്ന പക്ഷം താങ്കള്‍ എങ്ങനെയാണ്‌ മതപരമായി വിധി നടത്തുക? അദ്ദേഹം പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ കിതാബു കൊണ്ട്‌ വിധിക്കും. അവിടുന്ന്‌ വീണ്ടും ചോദിച്ചു: അല്ലാഹുവിന്റെ കിതാബില്‍ പരിഹാരം കണ്ടില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തനുസരിച്ച്‌ വിധിക്കും. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ തട്ടിക്കൊണ്ട്‌ ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ ദൂതനെ അവന്റെ റസൂലിനെ തൃപ്‌തിപ്പെടുത്തുന്നതിന്ന്‌ തുണച്ച അല്ലാഹുവിന്ന്‌ സര്‍വസ്‌തുതിയും'' (അബൂദാവൂദ്‌) ഈ ഹദീസ്‌ ശൈഖ്‌ നാസിറുദ്ദീന്‍ അല്‍ബാനി അംഗീകരിക്കാത്തതിനാല്‍ സ്വീകാര്യമല്ല എന്നാണ്‌ അല്‍ഇസ്‌ലാഹുകാരന്റെ പക്ഷമെങ്കിലും മുജാഹിദ്‌ പണ്ഡിതന്മാര്‍ അംഗീകരിച്ചുപോന്നിട്ടുണ്ട്‌.

കെ എന്‍ എമ്മിന്റെ മുന്‍ സംസ്ഥാന ജന. സെക്രട്ടറി കെ പി മുഹമ്മദ്‌ മൗലവിയും എ പി അബ്‌ദുല്‍ ഖാദിര്‍ മൗലവിയും സംയുക്തമായി എഴുതിയ ഗ്രന്ഥമാണ്‌ തഖ്‌ലീദ്‌ ഒരു പഠനം. അതിന്റെ 173,174 പേജുകളില്‍ ഈ ഹദീസ്‌ തെളിവായി ഉദ്ധരിച്ചിട്ടുണ്ട്‌. അല്‍ബാനി കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു സമുന്നത പണ്ഡിതന്‍ തന്നെയാണ്‌. അതിലാര്‍ക്കും സംശയമില്ല. പക്ഷേ, ഹദീസുകളുടെ വിഷയത്തില്‍ മുന്‍ഗാമികളായ പണ്ഡിതന്മാരില്‍ നിന്ന്‌ വേറിട്ട ഒരു സമീപനം അദ്ദേഹം സ്വീകരിച്ചതിനാല്‍ ആ വിഷയത്തില്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ മുജാഹിദുകള്‍ക്ക്‌ ബാധ്യതയില്ല. ബറാഅത്ത്‌ രാവിന്റെ പുണ്യം കുറിക്കുന്ന ഹദീസുകളും നബി(സ) നുബുവ്വത്തിനു ശേഷം തനിക്കു വേണ്ടി അഖീഖത്ത്‌ അറുത്തിരുന്നു എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ മുജാഹിദുകള്‍ മാത്രമല്ല, ഭൂരിപക്ഷം മുഹദ്ദിസുകളും തള്ളിയതാണ്‌. എന്നാല്‍ അല്‍ബാനിയുടെ പക്കല്‍ ഇതൊക്കെ സ്വഹീഹാണ്‌.

ഖുര്‍ആന്‍ ഒന്നാമത്തെ പ്രമാണമാണ്‌ എന്ന്‌ പറയുന്നവരൊക്കെ അല്ലാഹുവിനെയും റസൂലിനെയും വേര്‍തിരിക്കുന്നവരാണ്‌ എന്ന നിലയില്‍ അദ്ദേഹം രേഖപ്പെടുത്തിയ ഖുര്‍ആന്‍ വചനം ദുര്‍വ്യാഖ്യാനമാണ്‌. അതിനദ്ദേഹം തെളിവായി ഉദ്ധരിച്ചത്‌ സൂറത്തുന്നിസാഇലെ 150-152 വചനങ്ങളാണ്‌. പ്രസ്‌തുത വചനങ്ങള്‍ ഖുര്‍ആനിനെക്കുറിച്ചോ ഹദീസുകളെക്കുറിച്ചോ ഒന്നുമല്ല. ഇമാം ഇബ്‌നു കസീര്‍(റ) പ്രസ്‌താവിച്ചത്‌ ശ്രദ്ധിക്കുക: ``യഹൂദികളും നസാറാക്കളും വിശ്വാസപരമായ കാര്യങ്ങളില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ഇടയില്‍ വേര്‍തിരിവുണ്ടാക്കി. അവര്‍ ചില പ്രവാചകന്മാരെ വിശ്വസിക്കുകയും മറ്റു ചില പ്രവാചകന്മാരെ അവിശ്വസിക്കുകയും ചെയ്‌തു'' (ഇബ്‌നു കസീര്‍). ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആനാണ്‌. ഒരു വിഷയത്തില്‍ ഖുര്‍ആനില്‍ വ്യക്തമായ തെളിവുണ്ടെങ്കില്‍ അത്‌ തെളിവായി സ്വീകരിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്‌.

സൂറത്ത്‌ ആലുഇംറാനിലെ 7-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം ഇബ്‌നുകസീര്‍(റ) പ്രസ്‌താവിക്കുന്നു: ``ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: സുവ്യക്തങ്ങളായ വചനങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്‌ അനുവദനീയം, നിഷിദ്ധം, നിയമപരിധി, മതപരമായ വിധികള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വചനങ്ങളാണ്‌. അതുപോലെ നിര്‍ബന്ധമായി കല്‌പിക്കപ്പെടുന്നവയും പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ടതും അതിലുള്‍പ്പെടുന്നതാണ്‌.'' (ഇബ്‌നുകസീര്‍) വിശുദ്ധ ഖുര്‍ആന്‍ ഒരു പാരായണഗ്രന്ഥം മാത്രമല്ല മറിച്ച്‌ അത്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥവും കൂടിയാണ്‌. സുന്നത്ത്‌ എന്ന്‌ പറയുന്നത്‌ അതിന്റെ വിശദീകരണമാണ്‌. വിശുദ്ധ ഖുര്‍ആനില്‍ സുവ്യക്തമായ (മുഹ്‌കമ്‌) വചനങ്ങളാണധികവും. ഒരു സത്യവിശ്വാസി ആദ്യമായി പ്രമാണമായി അംഗീകരിക്കേണ്ടത്‌ പ്രസ്‌തുത വചനങ്ങളെയാണ്‌. എന്നാല്‍ വിശദീകരണം ആവശ്യമായി വരുന്ന സന്ദര്‍ഭത്തിലോ ഖുര്‍ആനിലെ കല്‌പനയുടെ വ്യക്തതയ്‌ക്കു വേണ്ടിയോ ഹദീസുകള്‍ പരിശോധിക്കാവുന്നതാണ്‌. ഇതിന്‌ ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.

അല്ലാഹു പറയുന്നു: ``മോഷ്‌ടിക്കുന്നവന്റെയും മോഷ്‌ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക'' (മാഇദ 38). എന്നാല്‍ ഒരാളുടെ കൈ മുറിക്കണമെങ്കില്‍ കക്കുന്ന വസ്‌തുവിന്റെ തോത്‌ എത്ര വേണംകു കൈമുറിക്കേണ്ടത്‌ എവിടെയാണ്‌ എന്നൊക്കെ വിശദീകരിക്കുന്നത്‌ ഹദീസുകളിലാണ്‌. ഇതുപോലെ ഖുര്‍ആനിന്റെ വിശദീകരണമാണ്‌ ഹദീസുകള്‍. ഹദീസുകളുടെ വിശദീകരണമല്ല ഖുര്‍ആന്‍. ഖുര്‍ആന്‍ പഠിക്കാനും മനസ്സിലാക്കാനും എളുപ്പമാണ്‌. ഖുര്‍ആനിന്റെ ഭാഷ വശമുള്ള ഏതൊരാള്‍ക്കും എളുപ്പം അത്‌ മനസ്സിലാകും.

 സൂറത്തുന്നിസാഇലെ 82-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തുന്നു: ``ഖുര്‍ആനിനെക്കുറിച്ച്‌ ചിന്തിക്കാന്‍ കല്‍പിക്കുന്നതും അതില്‍ നിന്നും തിരിഞ്ഞുകളയുക എന്നത്‌ നിരോധിച്ചുകൊണ്ടുള്ളതുമാണ്‌ ഈ വചനം. അതിലെ സുവ്യക്തങ്ങളായ വചനങ്ങളെയും സാഹിത്യ സമ്പൂര്‍ണങ്ങളായ പദങ്ങളെയും മനസ്സിലാക്കാനും അത്‌ കല്‌പിക്കുന്നു. അതില്‍ വൈരുധ്യങ്ങളോ ആശയക്കുഴപ്പങ്ങളോ ഭിന്നാഭിപ്രായങ്ങളോ ഒന്നും തന്നെയില്ല. അത്‌ സത്യസമ്പൂര്‍ണനായ സ്‌തുത്യര്‍ഹനും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നും അവതരിപ്പിക്കപ്പെട്ട സത്യമാണ്‌'' (ഇബ്‌നുകസീര്‍).

 തൗഹീദിനും സുന്നത്തിനും വിരുദ്ധങ്ങളായ കഥകള്‍ ചില ഹദീസ്‌ ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചിട്ടുണ്ട്‌. അവയില്‍ പ്രമാണയോഗ്യമായവയേതെന്ന്‌ തിരിച്ചറിയാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ മുന്‍ഗാമികള്‍ വിവരിച്ചുതന്നിട്ടുണ്ട്‌. എന്നാല്‍ വിശുദ്ധ ഖുര്‍ആനിനെ ഒന്നാം പ്രമാണത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിന്റെ ലക്ഷ്യവും വിശുദ്ധ ഖുര്‍ആനിന്‌ വിരുദ്ധങ്ങളായ കഥകള്‍ സ്ഥാപിക്കുക എന്നതാണ്‌. പക്ഷെ, ഈ വിഷയത്തില്‍ സലഫുകളുടെ മാതൃക അവര്‍ക്കൊപ്പമില്ല എന്നവര്‍ മനസ്സിലാക്കേണ്ടതാണ്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews