നവയാഥാസ്ഥിതികര്‍ വീണ്ടും തൗഹീദിനെതിരെ-2

എ അബ്‌ദുസ്സലാം സുല്ലമി 

 മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളായി നവയാഥാസ്ഥിതിക മുജാഹിദുകള്‍ അവകാശപ്പെടുന്ന വാദങ്ങള്‍ക്കുള്ള മറുപടി. കഴിഞ്ഞ ലക്കം തുടര്‍ച്ച:


 1). യുദ്ധം ചെയ്യുമ്പോള്‍ ശത്രുക്കളുടെ കഴുത്തുകള്‍ വെട്ടുവാനും വിരലുകള്‍ വെട്ടിമാറ്റുവാനും മലക്കുകള്‍ക്ക്‌ കഴിവുണ്ടെന്ന്‌ ഇവര്‍ എഴുതുന്നു (മലക്കുകളുടെ കഴിവുകള്‍ എന്ന ലേഖനം, 2008 ജൂണ്‍, പേജ്‌ 31) അപ്പോള്‍ ഒരു മുസ്‌ലിം മലക്കുകളേ ഇസ്‌ലാമിന്റെ ശത്രുക്കളുടെ കഴുത്തുകള്‍ വെട്ടിമാറ്റണമോ, അവരുടെ വിരലുകള്‍ വെട്ടിമാറ്റണമേ എന്ന്‌ വിളിച്ചുതേടിയാല്‍ ഈ തേട്ടം പ്രാര്‍ഥനയോ ശിര്‍ക്കോ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലുള്ള സഹായതേട്ടമോ കാര്യകാരണ ബന്ധത്തിന്‌ അതീതമോ അല്ല എന്നാണ്‌ മുജാഹിദിന്റെയും സലഫിസത്തിന്റെയും തൗഹീദിന്റെ പേരില്‍ സംഘടനയെ പിളര്‍ത്തിയവരായ ജിന്നുകള്‍ ജല്‍പിക്കുന്നത്‌.

 2). മനുഷ്യ ജീവിതത്തിലെ ക്ലേശങ്ങള്‍ അകറ്റുവാന്‍ മലക്കുകള്‍ക്ക്‌ സാധിക്കുമെന്ന്‌ അല്‍മനാര്‍ മാസികയില്‍ ഒരു ചെറിയ അധ്യായം തന്നെ നല്‍കിക്കൊണ്ട്‌ മലക്കുകളുടെ കഴിവുകള്‍ എന്ന വലിയ അധ്യായം നല്‍കിക്കൊണ്ട്‌ വിവരിക്കുന്ന തുടര്‍ലേഖനത്തില്‍ എഴുതുന്നു (അല്‍മനാര്‍ മാസിക 2008 ജൂണ്‍ പേജ്‌ 32, വിശ്വാസം അബുല്‍ഫദ്‌ല്‍ സുല്ലമി). അപ്പോള്‍ ഒരു മുജാഹിദ്‌ മലക്കുകളേ, നിങ്ങള്‍ എന്റെ ജീവിതത്തിലെ ക്ലേശങ്ങളും പ്രയാസങ്ങളും ഇല്ലാതെയാക്കി എനിക്ക്‌ സൗഖ്യവും ഐശ്വര്യവും ആരോഗ്യവും നല്‍കേണമേ എന്ന്‌ മലക്കുകളെ വിളിച്ചുതേടിയാല്‍ ഈ തേട്ടം പ്രാര്‍ഥനയോ ശിര്‍ക്കോ കാര്യകാരണ ബന്ധത്തിന്‌ അതീതമോ അല്ലെന്നാണ്‌ നവയാഥാസ്ഥിതികരായ ജിന്ന്‌ മുജാഹിദുകള്‍ ജല്‍പിക്കുന്നത്‌.

 3). മരുഭൂമിയില്‍ അകപ്പെട്ട ഒരു മനുഷ്യന്‍ ദാഹജലത്തിനുവേണ്ടി മലക്കുകളോട്‌ ആവശ്യപ്പെടുമ്പോള്‍ അയാളെ സഹായിക്കുവാനുള്ള കഴിവ്‌ മലക്കുകള്‍ക്കുണ്ടന്ന്‌ ഇവര്‍ എഴുതുന്നു (അല്‍മനാര്‍, 2008 ജൂണ്‍ പേജ്‌ 33, മലക്കുകളുടെ കഴിവുകള്‍ എന്ന തുടര്‍ലേഖനം). അപ്പോള്‍ ഒരു മുജാഹിദ്‌ മരുഭൂമിയില്‍ അകപ്പെടുമ്പോള്‍ മലക്കുകളേ, നിങ്ങള്‍ എനിക്ക്‌ ദാഹജലം നല്‍കേണമേ, എന്ന്‌ മലക്കുകളെ വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഈ സഹായം ചോദിക്കല്‍ പ്രാര്‍ഥനയോ ശിര്‌ക്കോ അദൃശ്യമാര്‍ഗമോ കാര്യകാരണ ബന്ധത്തിന്‌ അതീതമോ അല്ല. ഇപ്രകാരമാണ്‌ ഡോക്‌ടറും കോക്കസും ഇപ്പോഴും വാദിക്കുന്നത്‌.

4 ). മലക്കുകള്‍ക്ക്‌ സജ്ജനങ്ങളുടെ ജനാസയില്‍ പങ്കെടുക്കുവാനുള്ള കഴിവുണ്ടെന്ന്‌ ഇവര്‍ എഴുതുന്നു (അല്‍മനാര്‍, 2008 ജൂണ്‍, മലക്കുകളുടെ കഴിവുകള്‍ - പേജ്‌ 33). അപ്പോള്‍ ഒരു മുജാഹിദ്‌ മലക്കുകളേ, നിങ്ങള്‍ എന്റെ മരണശേഷം എന്റെ ജനാസയില്‍ പങ്കെടുക്കേണമേ എന്ന്‌ മലക്കുകളെ വിളിച്ച്‌ ആവശ്യപ്പെട്ടാല്‍ ഇത്‌ പ്രാര്‍ഥനയോ ശിര്‍ക്കോ കാര്യകാരണ ബന്ധത്തിന്‌ അതീതമോ അല്ല. ഇതാണ്‌ ജിന്ന്‌ മുജാഹിദുകളുടെ ജല്‍പനം.

 5). മലക്കുകള്‍ക്ക്‌ അവരുടെ ചിറകുകള്‍കൊണ്ട്‌ മനുഷ്യര്‍ക്ക്‌ ഭൂമിയില്‍ ഇറങ്ങിവന്ന്‌ തണലിട്ടുകൊടുക്കുവാന്‍ കഴിവുണ്ടെന്ന്‌ ഇവര്‍ എഴുതുന്നു (അല്‍മനാര്‍ മാസിക 2008 ജൂണ്‍, മലക്കുകളുടെ കഴിവുകള്‍ എന്ന തുടര്‍ലേഖനം പേജ്‌ 32). അപ്പോള്‍ മരുഭൂമിയിലോ മറ്റോ അകപ്പെട്ട ഒരു മുജാഹിദ്‌ വെയിലിന്റെ ചൂടില്‍നിന്ന്‌ രക്ഷപ്പെടുവാന്‍വേണ്ടി മലക്കുകളെ, നിങ്ങള്‍ എനിക്ക്‌ തണലിട്ടുതരേണമേ എന്ന്‌ വിളിച്ചു സഹായം ചോദിച്ചാല്‍ ഈ സഹായം ചോദിക്കല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല. കാര്യകാരണ ബന്ധത്തിന്‌ അതീതമായോ അദൃശ്യമായോ ഈ മുജാഹിദ്‌ ഇവിടെ അല്ലാഹു അല്ലാത്തവരോട്‌ സഹായം തേടുന്നില്ല (സലഫീ പ്രസ്ഥാനം പേജ്‌ 75, ഇസ്വ്‌ലാഹ്‌ മാസിക-2007 ഏപ്രില്‍, കരുവമ്പൊയില്‍ 2012 മാര്‍ച്ച്‌)

 6). ശത്രുക്കള്‍ കൊണ്ടുപോയ വസ്‌തുക്കള്‍ തിരിച്ചുകൊണ്ടുവന്ന്‌ മനുഷ്യര്‍ക്ക്‌ നല്‍കുവാന്‍ മലക്കുകള്‍ക്ക്‌ കഴിവുണ്ടെന്ന്‌ ഇവര്‍ എഴുതുന്നു.(അല്‍മനാര്‍ 2008 ജൂണ്‍, മലക്കിന്റെ കഴിവുകള്‍, പേജ്‌ 33). മലക്കിന്റെ കഴിവില്‍പെട്ടത്‌ അവരോട്‌ ചോദിക്കല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ കാര്യകാരണ ബന്ധത്തിന്‌ അതീതമോ അല്ല എന്നും ഇവര്‍ വാദിക്കുന്നു. (അല്‍ഇസ്വ്‌ലാഹ്‌ 2012 മാര്‍ച്ച്‌). അപ്പോള്‍ ഒരു മുജാഹിദ്‌ മലക്കുകളോ, എന്റെ ശത്രുക്കള്‍കൊണ്ടുപോയ വസ്‌തു തിരിച്ചുതരേണമേ എന്ന്‌ മലക്കുകളെ വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഇത്‌ പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല. ഇതാണ്‌ ഇവരുടെ ജല്‌പനം. കള്ളന്മാര്‍ കൊണ്ടുപോയത്‌ തിരിച്ചുതരുവാന്‍ മലക്കുകള്‍ക്ക്‌ സാധിക്കുമോ എന്ന്‌ അല്‍മനാറില്‍ വ്യക്തമാക്കിയിട്ടില്ല. ശത്രുക്കള്‍ കൊണ്ടുപോയത്‌ എന്നാണ്‌ എഴുതുന്നത്‌. കള്ളന്മാര്‍ ശത്രുക്കളുടെ വകുപ്പില്‍ ഉള്‍പ്പെടുമോ ഇല്ലയോ എന്ന്‌ ഇവരുടെ പണ്ഡിത സംഘടന(കെജെയു) ഉടനെ വ്യക്തമാക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

 7). മക്കയില്‍ നിന്നും മദീനയില്‍ നിന്നും ദജ്ജാലിന്റെ ഉപദ്രവത്തെ തടുക്കുവാന്‍ മലക്കുകള്‍ക്ക്‌ സാധിക്കുമെന്ന്‌ ഇവര്‍ എഴുതുന്നു (അല്‍മനാര്‍ മാസി പു. 52, ലക്കം 10, 2008 ജൂണ്‍ പേജ്‌ 37, മലക്കുകളുടെ കഴിവുകള്‍) അപ്പോള്‍ മക്കയിലും മദീനയിലും ജീവിക്കുന്ന മുസ്‌ലിംകള്‍-സലഫികള്‍-മലക്കുകളേ, ദജ്ജാലിന്റെ ഉപദ്രവത്തില്‍ നിന്ന്‌ നിങ്ങള്‍ ഞങ്ങള്‍ക്ക്‌ രക്ഷ തരേണമേ, എന്ന്‌ സഹായം ചോദിച്ചാല്‍ ഈ സഹായതേട്ടം പ്രാര്‍ഥനയോ ശിര്‍ക്കോ കാര്യകാരണബന്ധത്തിന്‌ അതീതമോ അല്ല എന്നും ഇവര്‍ ജല്‌പിക്കുന്നു (അല്‍ഇസ്വ്‌ലാഹ്‌ 2012 മാര്‍ച്ച്‌, പേജ്‌ 35-40, പ്രാര്‍ഥനയും നിര്‍വചനങ്ങളും പുതിയ വസ്‌വാസുകളും) മലക്കുകളുടെ കഴിവില്‍പെട്ടത്‌ അവരോട്‌ ചോദിക്കല്‍ ശിര്‍ക്കല്ലെന്ന്‌ ഒരൊറ്റ മുജാഹിദ്‌ പണ്ഡിതനും പ്രസ്‌താവിച്ചിട്ടില്ല. ഇത്‌ മരണപ്പെട്ടുപോയ മുജാഹിദ്‌ പണ്ഡിതന്മാരുടെ പേരിലുള്ള ഇവരുടെ വമ്പിച്ച നുണപ്രചാരണം മാത്രമാണ്‌. പരലോകത്ത്‌ മനുഷ്യരെ ഹാജരാക്കപ്പെടുമെന്ന വിശ്വാസം ഗ്രൂപ്പിന്റെ താല്‌പര്യം കാരണം ഇവര്‍ക്ക്‌ പൂര്‍ണമായും നഷ്‌ടപ്പെട്ടിരിക്കുകയാണ്‌.

 8). മലക്കുകള്‍ക്ക്‌ മനുഷ്യരുടെ അടുത്തുവന്ന്‌ സലാം പറയുവാനുള്ള കഴിവുകള്‍ ഉണ്ടെന്ന്‌ ഇവര്‍ എഴുതുന്നു(അല്‍മനാര്‍ 2007 ആഗസ്‌ത്‌, പേജ്‌ 50, മലക്കുകളുടെ കഴിവുകള്‍, പഠനം). മലക്കുകളുടെ കഴിവില്‍പെട്ടത്‌ ചോദിക്കല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ അല്ലെന്നും ഇവര്‍ എഴുതുന്നു. (അല്‍ഇസ്വ്‌ലാഹ്‌ 2007 ഏപ്രില്‍ പേജ്‌ 10, 2008 ജനുവരി പേജ്‌, 2, 2012 മാര്‍ച്ച്‌) അപ്പോള്‍ ഒരു ഖുബരി മലക്കുകളേ നിങ്ങള്‍ എനിക്ക്‌ സലാം പറയണമേ എന്ന്‌ വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഈ സഹായതേട്ടം ശിര്‍ക്കല്ല, കാര്യകാരണ ബന്ധത്തിന്‌ അതീതമല്ല, അദൃശ്യവും അഭൗതികവുമായ മാര്‍ഗമല്ല. ഇതാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ചില പള്ളികളും സ്ഥാപനങ്ങളും കവര്‍ന്നെടുത്തവര്‍ ജല്‌പിക്കുന്നത്‌.

 9). മലക്കുകള്‍ക്ക്‌ അവര്‍ ഉദ്ദേശിക്കുന്ന മനുഷ്യരൂപത്തില്‍ നബിമാര്‍ അല്ലാത്തവരുടെ അടുത്തുവരുവാന്‍ കഴിവുണ്ടെന്ന്‌ ഇവര്‍ എഴുതുന്നു. (അല്‍മനാര്‍ മാസിക 2007 ആഗസ്‌ത്‌, മലക്കുകളുടെ കഴിവുകള്‍ പേജ്‌ 50). മലക്കുകള്‍ക്ക്‌ അല്ലാഹു നല്‍കിയിട്ടുള്ള തനിരൂപത്തില്‍ നിന്ന്‌ മറ്റൊരൂപം പ്രാപിക്കുവാനുള്ള കഴിവ്‌ അവര്‍ക്കുണ്ട്‌. (അല്‍മനാര്‍ മാസിക 2007 ആഗസ്‌ത്‌). അപ്പോള്‍ ഒരു ഖുബൂരി മലക്കുകളേ, നിങ്ങള്‍ ഇന്ന മനുഷ്യന്റെ രൂപത്തില്‍ വന്ന്‌ എന്നെ സഹായിക്കേണമേ, ഇന്നവനെ നശിപ്പിക്കേണമേ എന്നെല്ലാം വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഈ സഹായതേട്ടം ചോദിക്കല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ കാര്യകാരണ ബന്ധത്തിന്‌ അതീതമോ അല്ല. (അല്‍ഇസ്വ്‌ലാഹ്‌ മാസിക, 2012 മാര്‍ച്ച്‌). ഇവരാണുപോലും അഹ്‌ലുസ്സുന്നത്തും സലഫീങ്ങളും. വല്ലാത്ത അട്ടിമറി!

 10). വെള്ളപ്പാണ്ഡ്‌ രോഗമുള്ള ഒരു രോഗി മലക്കുകളേ, നിങ്ങള്‍ എന്റെ രോഗം സുഖപ്പെടുത്തി തരേണമേ എന്ന്‌ മലക്കുകളെ വിളിച്ച്‌ രോഗശമനത്തിനുവേണ്ടി സാഹയം ചോദിച്ചാല്‍ ഈ സഹായം ചോദിക്കല്‍ ശിര്‍ക്കോ പ്രാര്‍ഥനയോ അല്ല. കാര്യകാരണ ബന്ധത്തിന്‌ അതീതമോ അദൃശ്യമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമോ അല്ല. ഒരു ഡോക്‌ടറെ സമീപിച്ച്‌ ഇപ്രകാരം ആവശ്യപ്പെടുന്നതുപോലെ ദൃശ്യവും കാര്യകാരണബന്ധത്തിന്‌ അകത്തുള്ളതുമാണ്‌. ഇപ്രകാരമാണ്‌ ഡോക്‌ടര്‍ സകരിയ്യായുയം കോക്കസും ജല്‍പിക്കുന്നത്‌. മലക്കിന്‌ പാണ്ഡുരോഗം സുഖപ്പെടുത്തുവാന്‍ കഴിവുണ്ടെന്ന്‌ ഇവര്‍ എഴുതുന്നു (അല്‍മനാര്‍ മാസിക, 2007 ആഗസ്‌ത്‌, മലക്കുകളുടെ കഴിവുകള്‍, പേജ്‌ 51)
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews