നവയാഥാസ്ഥിതികര്‍ വീണ്ടും തൗഹീദിനെതിരെ

എ അബ്‌ദുസ്സലാം സുല്ലമി 

 മലക്കുകളുടെയും ജിന്നുകളുടെയും കഴിവില്‍പെട്ടത്‌ അവരോട്‌ ചോദിക്കല്‍ പ്രാര്‍ഥനയോ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമോ അല്ല. കാര്യകാരണബന്ധത്തിന്‌ അതീതവുമല്ല. ശിര്‍ക്കുമല്ല. സൃഷ്‌ടികളുടെ കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള അപേക്ഷ എന്ന്‌ പറയുന്നതില്‍ മനുഷ്യര്‍ മാത്രമല്ല ജിന്നുകളും മലക്കുകളും അടക്കമുള്ള സകല സൃഷ്‌ടികളുടെയും കഴിവുകള്‍ ഉള്‍പ്പെടും. (അല്‍ഇസ്വ്‌ലാഹ്‌ -2012 മാര്‍ച്ച്‌, പേജ്‌ 35-40) പ്രാര്‍ഥനയ്‌ക്ക്‌ നിര്‍വചനം പറഞ്ഞ സന്ദര്‍ഭത്തിലും അല്ലാത്ത സന്ദര്‍ഭത്തിലും സൃഷ്‌ടികളുടെ കഴിവുകള്‍ക്ക്‌ അതീതമായത്‌ അവരോട്‌ ചോദിക്കല്‍ ശിര്‍ക്കാണെന്ന്‌ പൂര്‍വീകരായ മുജാഹിദ്‌ പണ്ഡിതന്മാരും അല്ലാത്തവരും എഴുതിയിട്ടുണ്ടാവും.

നമുക്ക്‌ ഇവരോട്‌ ചോദിക്കാനുള്ളത്‌ അപ്രകാരം എഴുതിയ മുജാഹിദ്‌ പണ്ഡിതന്മാരില്‍ ആരാണ്‌ ജിന്നുകളുടെയും മലക്കുകളുടെയും കഴിവില്‍പെട്ടത്‌ ചോദിക്കല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമോ അല്ലെന്ന്‌ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തത്‌? ഏത്‌ പണ്ഡിതനാണ്‌ ഇപ്രകാരം എഴുതിയത്‌? നവയാഥാസ്ഥിതികരില്‍ ജിന്ന്‌ മുജാഹിദുകളുടെ ജല്‍പനവും ശിര്‍ക്കും കുഫ്‌റും നിറഞ്ഞ വാദവുമാണിത്‌. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളായി ഇവര്‍ എഴുതിയത്‌ താഴെ വിവരിക്കുന്നു.


 1. ഒരു മനുഷ്യന്റെ മേല്‍ വീഴുന്ന മതിലിനെ പിടിച്ചുനിര്‍ത്തുവാന്‍ മലക്കിന്‌ കഴിവുണ്ട്‌ (ഇസ്വ്‌ലാഹ്‌ മാസിക -2007 മാര്‍ച്ച്‌, കടവത്തൂര്‍ പ്രസംഗം- കെ കെ സകരിയ്യ, കരുവമ്പൊയില്‍). ഒരാള്‍ ഒരു മതിലിന്റെ ചുവട്ടില്‍ ഇരിക്കുന്നു. മതില്‍ തന്റെ മേല്‍ വീഴാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ അയാള്‍ തന്റെ രക്ഷയ്‌ക്കു വേണ്ടി മലക്കിനെയും ജിന്നുകളെയും വിളിച്ചു തേടിയാല്‍ ഈ സഹായതേട്ടം പ്രാര്‍ഥനയോ ശിര്‍ക്കോ അല്ലെന്നാണ്‌ ജിന്നുവാദികള്‍ ജല്‍പിക്കുന്നത്‌.

 2. കിണറ്റില്‍ വീഴുന്ന മനുഷ്യനെ രക്ഷപ്പെടുത്താന്‍ മലക്കിന്‌ സാധിക്കും (ഇസ്വ്‌ലാഹ്‌ മാസിക -2007 മാര്‍ച്ച്‌). അപ്പോള്‍ ഒരു മനുഷ്യന്‍ കിണറ്റില്‍ വീഴുന്ന സന്ദര്‍ഭത്തില്‍ തന്റെ രക്ഷയ്‌ക്കുവേണ്ടി മലക്കിനെ വിളിച്ച്‌ സഹായം തേടിയാല്‍ ഈ സഹായതേട്ടം പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല എന്ന്‌ സ്ഥിരപ്പെടുന്നു.

 3. ഒരു ദുഷ്‌ടമൃഗം പിടികൂടിയ മനുഷ്യനെ മലക്കുകള്‍ക്ക്‌ രക്ഷപ്പെടുത്തുവാന്‍ സാധിക്കുമെന്ന്‌ ഇവര്‍ എഴുതുന്നു. (സലഫീ പ്രസ്ഥാനവും വിമര്‍ശനങ്ങളും കെ കെ സകരിയ്യാ, പേജ്‌ 79, ഇസ്വ്‌ലാഹ്‌ 2007 മാര്‍ച്ച്‌) അപ്പോള്‍ ഒരു മനുഷ്യന്‍ കാട്ടിലൂടെ സഞ്ചരിക്കുകയാണ്‌. ഒരു ദുഷ്‌ടമൃഗം അവനെ പിടികൂടി. രക്ഷയ്‌ക്കുവേണ്ടി ആ മനുഷ്യന്‍ മലക്കുകളെ വിളിച്ച്‌ സഹായം തേടിയാല്‍ ഈ സഹായതേട്ടം പ്രാര്‍ഥനയോ ശിര്‍േക്കാ അല്ല എന്ന്‌ ജിന്നുവാദികള്‍ എഴുതുന്നു.

 4. വെള്ളത്തില്‍ മുങ്ങിപ്പോവുന്ന മനുഷ്യരെ രക്ഷിക്കുവാനുള്ള കഴിവുകള്‍ മലക്കുകള്‍ക്ക്‌ ഉണ്ട്‌. (സലഫീ പ്രസ്ഥാനവും വിമര്‍ശനങ്ങളും മറുപടിയും, പേജ്‌ 75,76, ഇസ്വ്‌ലാഹ്‌ 2007 ഏപ്രില്‍, കരുവമ്പൊയില്‍ പേജ്‌ 10, ഇസ്വ്‌്‌ലാഹ്‌ മാസിക, 2007 മാര്‍ച്ച്‌). അപ്പോള്‍ വെള്ളത്തില്‍ മുങ്ങിപ്പോവുന്ന മനുഷ്യന്‍ രക്ഷയ്‌ക്കുവേണ്ടി മലക്കുകളെ വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഈ സഹായം ചോദിക്കല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല, ഇവരുടെ വീക്ഷണത്തില്‍.

 5. മലക്കുകള്‍ക്ക്‌ അഗ്നിയില്‍ അകപ്പെട്ട മനുഷ്യനെ രക്ഷപ്പെടുത്തുവാന്‍ കഴിവുണ്ട്‌ (സലഫീ പ്രസ്ഥാനം പേജ്‌ 79, ഇസ്വ്‌ലാഹ്‌ മാസിക 2007 ഏപ്രില്‍, കരുവമ്പൊയില്‍ 2007 മാര്‍ച്ച്‌) അപ്പോള്‍ അഗ്നിയില്‍ അകപ്പെട്ട മനുഷ്യന്‍ തന്റെ രക്ഷയ്‌ക്കുവേണ്ടി മലക്കിനെ വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഈ സഹായം ചോദിക്കല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല. കാര്യകാരണ ബന്ധത്തിന്‌ അതീതവുമല്ല. അദൃശ്യവും അഭൗതികവുമായ നിലയ്‌ക്കുള്ള സഹായതേട്ടവുമല്ല എന്നാണവരുടെ വാദം.

 6. ഉറക്കിലും ഉണര്‍ച്ചയിലും മലക്കുകള്‍ക്ക്‌ മനുഷ്യരെ ഇഴജന്തുക്കളില്‍ നിന്ന്‌ കാക്കാന്‍ സാധിക്കുന്നതാണ്‌ (സലഫീ പ്രസ്ഥാനം പേജ്‌ 78, ഇസ്വ്‌ലാഹ്‌ 2007 ഏപ്രില്‍, കരുവമ്പൊയില്‍ 2007 മാര്‍ച്ച്‌). ഒരാളുടെ ഉറക്കിലും ഉണര്‍ച്ചയിലും ഇഴജന്തുക്കളുടെ ഉപദ്രവത്തില്‍ നിന്നും തന്നെ കാക്കുവാന്‍ വേണ്ടിമലക്കുകളെ വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഈ സഹായതേട്ടം പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല, നവയാഥാസ്ഥിതികരുടെ നിര്‍വചനപ്രകാരം. അദൃശ്യമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടവുമല്ല.

 7. മനുഷ്യന്റെ ഉറക്കിലും ഉണര്‍ച്ചയിലും പിശാചുക്കളുടെയും മറ്റുള്ള മനുഷ്യന്മാരുടെയും ഉപദ്രവത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തുവാന്‍ മലക്കുകള്‍ക്ക്‌ സാധിക്കുന്നതാണ്‌ (സലഫീ പ്രസ്ഥാനം, പേജ്‌ 78)

 8. ഒരു മനുഷ്യന്‌ അവന്റെ മരണം അടുത്ത സന്ദര്‍ഭത്തില്‍ സ്വര്‍ഗംകൊണ്ടുള്ള സന്തോഷവാര്‍ത്തയുമായി വരുവാന്‍ മലക്കുകള്‍ക്ക്‌ കഴിവുണ്ടെന്ന്‌ ജിന്ന്‌ മുജാഹിദുകള്‍ എഴുതുന്നു (സലഫീ പ്രസ്ഥാനം, പേജ്‌ 79, കെ കെ സകരിയ്യ). ഈ പുസ്‌കത്തില്‍തന്നെ മലക്കുകള്‍ക്ക്‌ ചെയ്യുവാന്‍ സാധിക്കുന്നത്‌ അവരോട്‌ ചോദിക്കല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ അദൃശ്യമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമോ അല്ലെന്നും എഴുതുന്നു (പേജ്‌ 75, കരുവമ്പൊയിലും ജബ്ബാര്‍ മൗലവിയും ഇവരുടെ കോക്കസും ഇപ്രകാരം എഴുതുന്നു). അപ്പോള്‍ ഒരാള്‍ തന്റെ മരണവേളയില്‍ സ്വര്‍ഗം കൊണ്ടുള്ള സന്തോഷവാര്‍ത്തയുമായി മലക്കുകള്‍ തന്റെ അടുത്തുവരുവാന്‍ വേണ്ടി വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഈ സഹായതേട്ടം പ്രാര്‍ഥനയോ ശിര്‍ക്കോ അല്ലെന്നും ഇവരുടെ ജല്‍പനപ്രകാരം സ്ഥിരപ്പെടുന്നു.

 9. മലക്കുകള്‍ക്ക്‌ അല്ലാഹു ഇഷ്‌ടപ്പെട്ട ദാസന്മാരെ സ്‌നേഹിക്കുവാന്‍ സാധിക്കുന്നതാണ്‌ (സലഫിസം പേജ്‌ 79). അപ്പോള്‍ ഒരാള്‍ മലക്കേ എന്നെ സ്‌നേഹിക്കണേ, എന്ന്‌ വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഈ സഹായ തേട്ടം പ്രാര്‍ഥനയോ ശിര്‍ക്കോ അല്ലെന്ന്‌ ജല്‌പിക്കല്‍ ഇവര്‍ക്ക്‌ അനിവാര്യമാകുന്നതാണ്‌.

 10. മലക്കുകള്‍ക്ക്‌ വിശ്വാസികള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുവാന്‍ കഴിവുണ്ടെന്ന്‌ ഇവര്‍ എഴുതുന്നു (സലഫി പ്രസ്ഥാനം, പേജ്‌ 79, കെ കെ സകരിയ്യ). അപ്പോള്‍ ഒരു വിശ്വാസി മലക്കിനെ വിളിച്ച്‌ എനിക്കുവേണ്ടി അല്ലാഹുവിനോടു പ്രാര്‍ഥിക്കണമേ എന്ന്‌ ആവശ്യപ്പെട്ടാല്‍ ഇത്‌ പ്രാവര്‍ഥനയോ ശിര്‍ക്കോ അദൃശ്യ മാര്‍ഗമോ കാര്യകാരണബന്ധങ്ങള്‍ക്ക്‌ അതീതമോ അല്ല. ഇതാണ്‌ ഇവരുടെ ജല്‌പനം.

 11. വിശ്വാസികളുടെ പ്രാര്‍ഥനക്ക്‌ നാം ഉദ്ദേശിക്കുമ്പോള്‍ ഒരാളുടെ പ്രാര്‍ഥനക്ക്‌ ആമീന്‍ ചൊല്ലാം. അല്ലാഹു നമുക്ക്‌ കഴിവ്‌ നല്‌കിയതുപോലെ മലക്കുകള്‍ക്കും കഴിവ്‌ നല്‌കിയിട്ടുണ്ടെന്നു ഡോ. കെ കെ സകരിയ്യ സ്വലാഹി എഴുതുന്നു (സലഫി പ്രസ്ഥാനം: വിമര്‍ശനങ്ങളും മറുപടിയും, പേജ്‌ 79). അപ്പോള്‍ ഒരു വിശ്വാസി ഞാന്‍ പ്രാര്‍ഥിക്കുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാം തന്നെ മലക്കുകളേ, നിങ്ങള്‍ എനിക്ക്‌ വേണ്ടി ആമീന്‍ പറയണമേ എന്ന്‌ മലക്കുകളെ വിളിച്ച്‌ സഹായം തേടിയാല്‍ ഈ സഹായ തേട്ടം പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല. ഇതാണ്‌ ഖുബൂരികളെ പോലും ലജ്ജിപ്പിക്കുന്ന നിലക്ക്‌ ജിന്ന്‌ മുജാഹിദുകള്‍ പറയുന്നത്‌.

 12. നല്ല സദസ്സുകളില്‍ വിശ്വാസികള്‍ക്കൊപ്പം സന്നിഹിതരാകുവാന്‍ മലക്കുകള്‍ക്ക്‌ കഴിവുണ്ടെന്ന്‌ ഡോ. കെ കെ സകരിയ്യാ സ്വലാഹി എഴുതുന്നു (സലഫി പ്രസ്ഥാനം; പേജ്‌ 79). അപ്പോള്‍ ഒരു വിശ്വാസി നല്ല സദസ്സുകളില്‍ ഇരിക്കുമ്പോള്‍ മലക്കുകളേ, നിങ്ങള്‍ എന്റെ കൂടെ ഇരിക്കേണമേ എന്ന്‌ വിളിച്ച്‌ മലക്കുകളോട്‌ ആവശ്യപ്പെട്ടാല്‍ ഈ ആവശ്യപ്പെടല്‍ ശിര്‍ക്കോ പ്രാര്‍ഥനയോ അല്ല. ഇപ്രകാരമാണ്‌ ഇവര്‍ വാദിക്കുന്നത്‌.

 13. മലക്കുകള്‍ക്ക്‌ നല്ല സ്വപ്‌നങ്ങള്‍ മനുഷ്യര്‍ക്ക്‌ കാണിച്ചു തരുവാനും ചീത്ത സ്വപ്‌നങ്ങളില്‍ നിന്ന്‌ രക്ഷനല്‌കുവാനും സാധിക്കുമെന്ന്‌ ഇവര്‍ എഴുതുന്നു (അല്‍മനാര്‍ മാസിക 2008 ജൂണ്‍, പേജ്‌ 14, മലക്കുകളുടെ കഴിവുകള്‍) അപ്പോള്‍ ഒരാള്‍ ഉറക്കത്തില്‍ തനിക്ക്‌ നല്ല സ്വപ്‌നങ്ങള്‍ കാണിച്ചുതരുവാനും ചീത്ത സ്വപ്‌നങ്ങളില്‍ നിന്ന്‌ തന്നെ രക്ഷിക്കുവാനും മലക്കുകളെ വിളിച്ച്‌ സഹായം തേടിയാല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ കാര്യകാരണ ബന്ധത്തിന്‌ അതീതമായ സഹായ തേട്ടമോ അല്ല നവയാഥാസ്ഥിതിക വീക്ഷണത്തില്‍

 14. മലക്കുകള്‍ക്ക്‌ യുദ്ധത്തില്‍ പങ്കെടുത്ത്‌ മനുഷ്യരെ സഹായിക്കുവാന്‍ കഴിവുണ്ടെന്ന്‌ ഇവര്‍ എഴുതുന്നു (അല്‍മനാര്‍ മാസിക, മലക്കുകളുടെ കഴിവുകള്‍ എന്ന തുടര്‍ലേഖനം 2007 ആഗസ്‌ത്‌, 2008 ജൂണ്‍, പേജ്‌ 30). അപ്പോള്‍ മുസ്‌ലിംകള്‍ യുദ്ധസന്ദര്‍ഭത്തില്‍ വിജയത്തിനുവേണ്ടി മലക്കുകളെ വിളിച്ച്‌ സഹായം ചോദിച്ചാല്‍ ഈ സഹായം ചോദിക്കല്‍ ഇവരുടെ അടുത്തു പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല. കാര്യകാരണബന്ധത്തിന്‌ അതീതവുമല്ല.

 15. ജിബ്‌രീല്‍ എന്ന മലക്കിന്‌ കുതിരയെ നിയന്ത്രിക്കുവാന്‍ കഴിവുണ്ടെന്ന്‌ ഇവര്‍ എഴുതുന്നു (അല്‍മനാര്‍ 2007 ആഗസ്‌ത്‌, മലക്കുകളുടെ കഴിവുകള്‍ എന്ന തുടര്‍ലേഖനം. മല്‍മനാര്‍ 2008 ജൂണ്‍, പേജ 31). അപ്പോള്‍ ഒരു കുതിര സവാരിക്കാരന്‍ കുതിര നിയന്ത്രണം വിട്ടു ഓടുമ്പോള്‍ അതിനെ നിയന്ത്രിക്കുവാന്‍ വേണ്ടി ജിബ്‌രീല്‍ എന്ന മലക്കിനെ വിളിച്ച്‌ സഹായം ആവശ്യപ്പെട്ടാല്‍ ഇത്‌ പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല. ഇതാണ്‌ ഈ കൂട്ടര്‍ വാദിക്കുന്നത്‌. അദൃശ്യമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടവുമല്ല.

 16. യുദ്ധക്കളത്തില്‍ വെച്ച്‌ ഹൃദയങ്ങള്‍ക്ക്‌ സമാധാനം നല്‌കുവാനും കാല്‍പാദങ്ങളെ ഉറപ്പിച്ച്‌ നിര്‍ത്തുവാനും മലക്കുകള്‍ക്ക്‌ കഴിവുണ്ടെന്ന്‌ ഇവര്‍ എഴുതുന്നു (മലക്കുകളുടെ കഴിവുകള്‍ എന്ന്‌ അധ്യായം നല്‌കിക്കൊണ്ട്‌ അല്‍-മനാര്‍ മാസികയിലെ തുടര്‍ലേഖനം 2008 ജൂണ്‍, പേജ്‌ 31) അപ്പോള്‍ യുദ്ധക്കളത്തില്‍ വെച്ച്‌ മനസ്സുകള്‍ക്ക്‌ സമാധാനം ലഭിക്കുവാനും തങ്ങളുടെ കാല്‍പാദങ്ങള്‍ ഉറച്ചുനിര്‍ത്തുവാനും വേണ്ടി മുസ്‌ലിംകള്‍ മലക്കുകളെ വിളിച്ച്‌ സഹായം തേടിയാല്‍ ഈ സഹായ തേട്ടം പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല. ഈ വിധമാണ്‌ ഇവരുടെ വാദങ്ങള്‍.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews