മുതവാതിറായ ഹദീസുകളും ജിന്നുവാദികളും


എ അബ്‌ദുസ്സലാം സുല്ലമി


മുതവാതിറായ ഹദീസുകളെപ്പറ്റി നവയാഥാസ്ഥിതികര്‍ എഴുതിവിട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുക:


``ആരെങ്കിലും തന്റെ ലിംഗം സ്‌പര്‍ശിച്ചാല്‍ അവര്‍ വുളു ചെയ്യട്ടെ എന്ന ഇരുപതോളം സ്വഹാബിമാര്‍ നിവേദനം ചെയ്‌ത ഹദീസിനെ ഇമാം സ്വഖാവി മുതവാതിറിന്റെ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്‌ (ഫത്‌ഹുല്‍ മുഈസ്‌ 4117). സ്വലാത്തുല്‍ വുസ്‌ത്വ എന്നത്‌ അസ്‌റാണ്‌, ജുമുഅ ദിവസം കുളിക്കല്‍, ഇമാം മഹ്‌ദിയുടെ ആഗമനവുമായി ബന്ധപ്പെട്ട ഹദീസുകള്‍, ദജ്ജാലിന്റെ ഹദീസ്‌, ചന്ദ്രന്‍ പിളര്‍ന്ന സംഭവം വിവരിക്കുന്ന ഹദീസുകള്‍, മൂന്ന്‌ ഉത്തമ തലമുറകളെ കുറിച്ച്‌ പറയുന്ന ഹദീസ്‌ തുടങ്ങിയവയെല്ലാം പണ്ഡിതന്മാര്‍ മുതവാതിറാണെന്ന്‌ പറഞ്ഞ കൂട്ടത്തില്‍ പെട്ടവയാണ്‌. മുതവാതിറായ ഹദീസുകള്‍ അംഗുലി പരിമിതമല്ല എന്നുള്ളതിന്‌ ഈ ഗ്രന്ഥങ്ങള്‍ തന്നെ മതിയായ തെളിവാണ്‌.മുതവാതിറായ ഹദീസുകളില്‍ വന്ന കാര്യങ്ങളെ നിഷേധിക്കുന്നവന്‍ കാഫിറാണ്‌ എന്ന കാര്യത്തില്‍ മുസ്‌ലിം ലോകത്ത്‌ അഭിപ്രായ ഭിന്നതയില്ല'' (ഇസ്വ്‌ലാഹി മാസിക, ഫെബ്രുവരി 2012, പേജ്‌ 50, അബ്‌ദുല്‍ മലിക്‌ മൊറയൂര്‍ മുതവാതിറായ ഹദീസ്‌).


എന്നാല്‍ ഇതേക്കുറിച്ച്‌ അവര്‍ തന്നെ പറയട്ടെ: `ഹദീസുകള്‍ പ്രധാനമായും രണ്ടു വിഭാഗമാണ്‌ (1) മുതവാതിര്‍, (2) ആഹാദ്‌. അനേകം പരമ്പരകളിലൂടെ കളവില്‍ യോജിക്കല്‍ സാധ്യതയില്ലാത്തത്ര എണ്ണം റിപ്പോര്‍ട്ടര്‍മാരിലൂടെ ഉദ്ധരിക്കപ്പെടുന്നവയാണ്‌ `മുതവാതിര്‍' എന്നറിയപ്പെടുന്നത്‌. വളരെ തുച്ഛം ഹദീസുകള്‍ മാത്രമേ `മുതവാതിര്‍' എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നുള്ളൂ. ഇതല്ലാത്ത മറ്റെല്ലാ ഹദീസുകള്‍ക്കും പറയുന്ന പേരാണ്‌ ആഹാദുകള്‍ എന്നത്‌ (സോവനീര്‍, മുജാഹിദ്‌ സംസ്ഥാന സമ്മേളനം 2002 എറണാകുളം, മന്‍ഹജ്‌ നിഷേധികളുടെ ഹദീസ്‌ നിഷേധം: കെ കെ സകരിയ്യാ സ്വലാഹി, പേജ്‌ 251, ഖണ്ഡിക: 3, വരികള്‍ 17-13 വരെ) `മുതവാതിറായ ഹദീസുകള്‍ അംഗുലി പരിമിതമല്ല' എന്ന്‌ എഴുതിയ ആളോ `വളരെ തുച്ഛ'മാണ്‌ എന്ന്‌ എഴുതിയ ആളോ ഒരാള്‍ ഹദീസിന്റെ പേരില്‍ വ്യാജം എഴുതിയിട്ടുണ്ടെന്ന്‌ വ്യക്തമാണ്‌. ആരാണ്‌ എഴുതിയതെന്ന്‌ ഇവരുടെ കെ ജെ യു തീരുമാനമെടുക്കുമെന്ന്‌ പ്രതീക്ഷിക്കാം.



ആരെങ്കിലും തന്റെ ലിംഗം സ്‌പര്‍ശിച്ചാല്‍ അവന്‍ വുളു ചെയ്യട്ടെ എന്ന ഇരുപതോളം സ്വഹാബികള്‍ നിവേദനം ചെയ്‌ത ഹദീസിനെ ഇമാം സ്വഖാവി മുതവാതിറിന്റെ ഗണത്തില്‍ പെടുത്തിയിട്ടുണ്ടെന്ന്‌ ഉദ്ധരിച്ച്‌ ഈ വാദത്തെ അംഗീകരിക്കുകയാണ്‌ ജിന്നുവാ ദികള്‍ ഇവിടെ ചെയ്യുന്നത്‌. മുതവാതിറായ ഹദീസുകള്‍ `വളരെ തുച്ഛം' എന്ന്‌ വാദിച്ച കെ കെ സകരിയ്യയെ ഖണ്ഡിക്കുവാനാണ്‌ ഇദ്ദേഹം ഈ വിഡ്‌ഢിത്തത്തെ അംഗീകരിക്കുന്നത്‌. ശേഷം മുതവാതിറായ ഹദീസിനെ നിഷേധിക്കുന്നവന്‍ കാഫിറാണെന്നും ഇവര്‍ എഴുതുന്നു. അപ്പോള്‍ ലിംഗം സ്‌പര്‍ശിച്ചാല്‍ വുളു മുറിയുകയില്ലെന്ന്‌ പറയുന്നവരെയും മുറിയുമെന്ന്‌ പറയുന്ന ഹദീസിനെ തള്ളുന്നവരും കാഫിറാണെന്നാണ്‌ നവ യാഥാസ്ഥിതികര്‍ പറയുന്നത്‌? മുജാഹിദ്‌ പ്രസ്ഥാനത്തിലെ ആദ്യകാല പണ്ഡിതന്‍മാരില്‍ ഭൂരിപക്ഷവും ലിംഗം സ്‌പര്‍ശിച്ചാല്‍ വുളു മുറിയുകില്ല എന്ന അഭിപ്രായക്കാരായിരുന്നു. ഇവരെല്ലാം കാഫിറുകളാണെന്നാണ്‌ ഇമാം സ്വഖാവിയുടെ അഭിപ്രായം ഉദ്ധരിച്ച്‌ ഇവര്‍ സ്ഥാപിക്കുന്നത്‌. ജാഹിലുകള്‍ പണ്ഡിത വേഷം ധരിച്ച്‌ രംഗത്ത്‌ വന്നാല്‍ പണ്ഡിതന്മാര്‍ക്ക്‌ മൗനം പാലിക്കലാണ്‌ രക്ഷയെന്ന്‌ ഒരു കവി പാടിയത്‌ എത്ര ശരി! എങ്കിലും ബാധ്യതയെക്കുറിച്ച്‌ ഓര്‍മിക്കുമ്പോള്‍ പേന ചലിപ്പിക്കുവാന്‍ നിര്‍ബന്ധിതരാകുകയാണ്‌. യഥാര്‍ഥത്തില്‍ ഒരൊറ്റ സ്വഹാബിയില്‍ നിന്ന്‌ പോലും നബി(സ) പറഞ്ഞതായോ പ്രവര്‍ത്തിച്ചതായോ അംഗീകരിച്ചതായോ, ലിംഗം സ്‌പര്‍ശിച്ചാല്‍ വുളു മുറിയുമെന്ന്‌ സ്വഹീഹായി റി പ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. മുറിയുകയില്ലെന്നതിന്‌ സ്വഹീഹായ ഹദീസ്‌ വന്നിട്ടുമുണ്ട്‌. ഇവര്‍ ആരെയെല്ലാമാണ്‌ കാഫിറാക്കുന്നതെന്ന്‌ നമുക്ക്‌ പരിശോധിക്കാം.


1. ഹസന്‍(റ) നിവേദനം: ഒരിക്കല്‍ മുഹമ്മദ്‌ നബി(സ)യുടെ സ്വഹാബിമാരില്‍ പെട്ട ഒരു സംഘം ഒരുമിച്ചുകൂടി. ഞാന്‍ എന്റെ ലിംഗം സ്‌പര്‍ശിച്ചാലും എന്റെ ചെവികള്‍ സ്‌പര്‍ശിച്ചാലും എന്റെ തുട സ്‌പര്‍ശിച്ചാലും എന്റെ കാല്‍മുട്ടുകള്‍ സ്‌പര്‍ശിച്ചാലും യാതൊരു പരിഗണനയും നല്‌കാറില്ലെന്ന്‌ പ്രസ്‌താവിച്ചവര്‍ അവരിലുണ്ടായിരുന്നു (മുസ്വന്നഫ്‌). ഇപ്രകാരം പ്രഖ്യാപിച്ചവരില്‍ ഹുദൈഫ(റ), ഇബ്‌നു അബ്ബാസ്‌(റ), അലി (റ) ഇബ്‌നു മസ്‌ഊദ്‌(റ), ഇംറാന്‍(റ), ഖൈസ്‌(റ) മുതലായ പ്രഗത്ഭരായ സ്വഹാബിവര്യന്മാര്‍ ഉണ്ടായിരുന്നുവെന്ന്‌ അബ്‌ദുറസാഖ്‌ വളരെ പ്രബലമായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. നബി(സ)യുടെ പ്രഗത്ഭ സ്വഹാബിവര്യനായ സഅ്‌ദ്‌ബ്‌നു അബീവഖാസിനോടു ലിംഗം സ്‌പര്‍ശിച്ചാല്‍ വുളു മുറിയുമോ എന്ന്‌ ഒരാള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം കോപിഷ്‌ഠനായിക്കൊണ്ട്‌ പറഞ്ഞത്‌ വുളു മുറിയുമെങ്കില്‍ അത്‌ നീ നിന്റെ ശരീരത്തില്‍ നിന്ന്‌ മുറിച്ചുകളയുക എന്നായിരുന്നു (മുസ്വന്നഫ്‌). ഇമാം ഷൗക്കനി(റ) ഉദ്ധരിക്കുന്ന അലി
(റ) ഇബ്‌നുമസ്‌ഊദ്‌(റ), അമ്മാര്‍
(റ) മുതലായ സ്വഹാബിമാരും ഹസനുല്‍ ബസ്‌രി(റ), റബീഅ
(റ), ഇമാം സൗരി(റ) അബൂഹനീഫ(റ) അദ്ദേഹത്തിന്റെ അനുയായികള്‍ മുതലായവര്‍ എല്ലാവരും തന്നെ ലിംഗം സ്‌പര്‍ശിച്ചാല്‍ വുളു മുറിയുകയില്ലെന്ന്‌ പറയുന്നു (നൈല്‌ 1-249). തഫ്‌സീര്‍ മനാറിലും ഇവരുടെയെല്ലാം അഭിപ്രായം ഇതാണെന്നു പറയുന്നു. അപ്പോള്‍ ഈ സ്വഹാബിവര്യന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇമാമുകളും പണ്ഡിതന്മാരും കാഫിറുകള്‍ തന്നെയെന്നാണ്‌ ജിന്നുവാദികള്‍ ജല്‌പിക്കുന്നത്‌.



2. ഇബ്‌നു ഹസം(റ)ന്റെ അഭിപ്രായത്തെ പരിഗണിക്കാതെ ഇജ്‌മാഅ്‌ പോലും സ്ഥിരപ്പെടുകയില്ലെന്ന്‌ ഡോ. കെ കെ സകരിയ്യ തന്നെ എഴുതുന്നു (ഗള്‍ഫ്‌ സലഫികളും കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനവും, പേജ്‌ 82, എറണാകളും സോവനീര്‍, പേജ്‌ 253). ഈ മഹാപണ്ഡിതന്‍ എഴുതുന്നു: ലിംഗം എങ്ങനെ സ്‌പര്‍ശിച്ചാലും വുളു മുറിയുകയില്ല (അല്‍മുഹല്ലാലി ഇബ്‌നു ഹസം, വാള്യം 10, പേജ്‌ 235). ഇബ്‌നു ഹസം(റ) കാഫിറാണെങ്കില്‍ എന്തിനാണ്‌ ഇജ്‌മാഅ്‌ സ്ഥിരപ്പെടാന്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ പരിഗണിക്കുന്നത്‌? ജിന്നുവാദികള്‍ വ്യക്തമാക്കണം. ഇബ്‌നു ഹസം(റ) മുതവാതിറായ ഹദീസിന്‌ എതിര്‍ പറയുന്നവനാണോ?


3. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റ) എഴുതുന്നു. തീര്‍ച്ചയായും ലിംഗം സ്വര്‍ശിച്ചാല്‍ വുളു മുറിയുകയില്ല (മജ്‌മഅ്‌: 21-224).


4. മദ്‌ഹബുകള്‍ വിവരിക്കുന്ന പ്രസിദ്ധ ഗ്രന്ഥമായ മദാഹിബുല്‍ അര്‍ബഅയില്‍ എഴുതുന്നു: വികാരത്തോടുകൂടി ലിംഗം സ്‌പര്‍ശിച്ചാലും വുളു മുറിയുകയില്ല എന്നതാണ്‌ ഇമാം അബൂഹനീഫ(റ)യുടെയും അനുയായികളുടെയും അഭിപ്രായം (വാള്യം 1, പേജ്‌ 85). അലിയ്യ്‌ബ്‌നു മദീനിയും ലിംഗം സ്‌പര്‍ശിച്ചാല്‍ വുദു മുറിയുകയില്ല എന്ന ഹദീസിനെ സ്വഹീഹാക്കുന്നു. ഒരു ഹദീസ്‌ നബി(സ)യിലേക്ക്‌ ചേര്‍ത്തിക്കൊണ്ടു തന്നെ ഇരുപത്‌ സ്വഹാബിമാര്‍ സ്വഹീഹായ പരമ്പരയിലൂടെ ഉദ്ധരിച്ചത്‌ ബുഖാരി, മുസ്‌ലിം ഏകോപിപ്പിച്ച്‌ ഉദ്ധരിച്ചാല്‍ പോലും ആ ഹദീസ്‌ മുതവാതിറാവുകയില്ല. ഇവര്‍ സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയ നിയമങ്ങള്‍ ഹദീസ്‌ പണ്ഡിതന്മാരുടെ നിയമമായി ഇവര്‍ ജല്‌പിക്കുന്ന ദു:ഖകരമായ അവസ്ഥയാണ്‌ നാം കാണുന്നത്‌. നാല്‌പത്‌ സ്വഹാബിമാര്‍ ഉദ്ധരിച്ചാല്‍ മുതവാതിറാകും. എഴുപത്‌ സ്വഹാബിമാര്‍ ഉദ്ധരിച്ചാല്‍ മുതവാതിറാകും മുതലായ അഭിപ്രായം പോലും തെറ്റാണെന്നാണ്‌ ഇബ്‌നു ഹജറില്‍ അസ്‌ഖലാനി(റ) പറയുന്നത്‌ (നഖ്‌ബ: പേജ്‌ 12).


സ്വലാതുല്‍ വുസ്‌ത്വാ എന്നതിന്റെ ഉദ്ദേശം സുബ്‌ഹ്‌ നമസ്‌കാരമാണെന്നാണ്‌ ഇമാം ശാഫിഈ  (റ)യുടെ അഭിപ്രായം. അപ്പോള്‍ അദ്ദേഹവും കാഫിറാകുന്നു. മഹ്‌ദി വരുമെന്ന്‌ പറയുന്ന ഹദീസാണ്‌ മുതവാതിറിന്‌ ഉദാഹരണമായി ഇവര്‍ എടുത്തുകാണിക്കുന്ന മറ്റൊരു ഹദീസ്‌. അപ്പോള്‍ ആദ്യകാല മുജാഹിദു പണ്ഡിതന്മാര്‍ എല്ലാം തന്നെ കാഫിറാകുന്നു. മഹ്‌ദിയുടെ ഹദീസുകള്‍ എല്ലാം തന്നെ വ്യാജമാണെന്ന്‌ അല്‍മനാല്‍ മാസികയില്‍ മുഖപ്രസംഗം വരെ എഴുതുകയുണ്ടായി. ശബാബില്‍ ഇത്‌ നാം പല ലക്കങ്ങളിലായി വിവരിച്ചതുമാണ്‌. ഇമാം റശീദുറിദാ(റ) ദജ്ജാലിന്റെയും മഹദിയുടെയും ഹദീസുകളെ തള്ളിക്കളഞ്ഞ മുജാഹിദുകളുടെ ആദരണീയനായ ഒരു പണ്ഡിതനാണ്‌. മുജാഹിദ്‌ പ്രസ്ഥാനത്തെ സംബന്ധിച്ച്‌ യാതൊരു അറിവുമില്ലാത്ത ആള്‍ മാത്രമേ മഹ്‌ദിയുടെ ഹദീസ്‌ മുതവാതിറാണെന്ന്‌ ജല്‌പിക്കുകയുള്ളൂ.
മുതവാതിറിന്‌ ഇവര്‍ ഉദാഹരണമായി കാണിച്ച മറ്റു ഉദാഹരണങ്ങളും വ്യാജമാണ്‌. അഞ്ചുനേരത്തെ നമസ്‌കാരം, അവയുടെ റക്‌അത്തുകളുടെ എണ്ണം, കബറിലെ ശിക്ഷ വിവരിക്കുന്ന ഹദീസുകള്‍ ഇവയെല്ലാം മുതവാതിറിന്‌ ഉദാഹരണമായി ഇവര്‍ എടുത്തുകാണിച്ചാല്‍ സത്യവുമായി കുറെയെങ്കിലും യോജിക്കുമായിരിക്കുന്നു. ഇവര്‍ ദുര്‍ബലമാക്കിയ മുആദ്‌(റ)ന്റെ ഹദീസും മുതവാതിറാണെന്ന്‌ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. 
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews