മുആദിന്റെ(റ) ഹദീസും നവയാഥാസ്ഥിതികരുടെ വാദവും


എ അബ്‌ദുസ്സലാം സുല്ലമി

ഇസ്‌ലാമികമായ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പ്രമാണങ്ങളില്‍ ഒന്നാം സ്ഥാനത്ത്‌ നില്‌ക്കുന്നത്‌ വിശുദ്ധ ഖുര്‍ആനും തുടര്‍ന്നുള്ള സ്ഥാനത്ത്‌ നബിചര്യയുമാണെന്ന്‌ വ്യക്തമാക്കുന്നതിന്‌ ഇസ്വ്‌ലാഹി പണ്ഡിതന്മാര്‍ സ്റ്റേജിലും പേജിലും നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന മുആദി(റ)ന്റെ ഹദീസിനെ സംബന്ധിച്ച്‌ നവയാഥാസ്ഥിതികന്മാര്‍ ഇപ്പോള്‍ വാദിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്‌ ഈ ലേഖനത്തിന്റെ താല്‌പര്യം. അവര്‍ എഴുതുന്നത്‌ കാണുക:

``സാധാരണയായി മുആദിന്റെ (റ) ഹദീസാണ്‌ ഈ വിഷയത്തില്‍ തെളിവായി ഉദ്ധരിക്കപ്പെടാറുള്ളത.്‌ ഈ ഹദീസാവട്ടെ മുന്‍കര്‍ ആയ ദുര്‍ബലമായ ഹദീസാണ്‌ (സില്‍സിലത്തുദ്വഈഫ 2:28)'' (ഇസ്വ്‌ലാഹ്‌ മാസിക -2011 ഡിസംബര്‍, പേജ്‌ 48).

പ്രസിദ്ധമായ ഈ ഹദീസിനെ ദുര്‍ബലമാക്കാനുള്ള ഉദ്ദേശ്യം ഇവര്‍ തന്നെ തുടര്‍ന്ന്‌ വിവരിക്കുന്നതു കാണുക: ``സൂക്ഷ്‌മമായി കാര്യങ്ങള്‍ അപഗ്രഥിച്ചാല്‍ വ്യക്തമാവുന്ന സംഗതി ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തും ആണെന്നും തെളിവുകള്‍ സ്വീകരിക്കുന്നതില്‍ ഒന്നു മറ്റൊന്നിന്റെ മേലെ അല്ലെന്നും ഒന്നില്‍ പറഞ്ഞ വിധിവിലക്കുകള്‍ക്ക്‌ മറ്റേതിലുള്ളതിനേക്കാള്‍ മഹത്വമോ കുറവോ ഇല്ലെന്നും രണ്ടിലും പറഞ്ഞ വിഷയങ്ങള്‍ ഒരുപോലെ കണ്ടുതന്നെ സ്വീകരിക്കണമെന്നുമാണ്‌.'' (പേജ്‌ 43)


മുആദിന്റെ(റ) ഹദീസ്‌ ദുര്‍ബലമാണെന്ന്‌ ഇദ്ദേഹം എഴുതിയത്‌ തന്നെ വിശുദ്ധ ഖുര്‍ആനും ഹദീസും ഒരുപോലെയാണെന്ന ഇദ്ദേഹത്തിന്റെ വാദം ശുദ്ധകളവാണെന്ന്‌ വിളിച്ചു പറയുന്നു. കാരണം ഹദീസ്‌ ദുര്‍ബലമാണെന്നു വന്നാല്‍ ആ ഹദീസില്‍ പറഞ്ഞ സംഗതി നബി(സ) പറഞ്ഞതാണെന്ന്‌ സ്ഥിരപ്പെടുകയില്ല. ഈ ഹദീസ്‌ സ്ഥിരപ്പെട്ടതാണെന്ന്‌ ആദ്യകാലത്തെയും ഇന്നത്തെയും പണ്ഡിതന്മരില്‍ വലിയൊരു വിഭാഗം വ്യക്തമാക്കുന്നുണ്ട്‌. ഇനി ഇവര്‍ വിശുദ്ധ ഖുര്‍ആനിലും അല്ലാഹുവിന്റെതാണോ അല്ലയോ എന്ന്‌ തര്‍ക്കമുള്ള ദുര്‍ബലമായ സൂക്തങ്ങള്‍ ഉണ്ടെന്ന്‌ വാദിക്കുമോ? ഈ നില തുടര്‍ന്നാല്‍ ഇങ്ങനെയും അവര്‍ വാദിച്ചുകൂടെന്നില്ല. കാരണം ഇസ്‌ലാമിക ശരീഅത്തില്‍ വിശുദ്ധ ഖുര്‍ആനിനും ഹദീസിനും ഒരേ സ്ഥാനവും മഹത്വവുമാണെന്ന്‌ ഈ വിഭാഗം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്‌. സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍ ഇവര്‍ യാഥാസ്ഥിതികരെക്കാള്‍ അധപ്പതിച്ചവരാണെന്ന്‌ നമുക്ക്‌ ബോധ്യം വരുന്നതാണ്‌.

1969-70ല്‍ പട്ടിക്കാട്‌ ജാമിഅ നൂരിയ കോളെജ്‌ പ്രസിദ്ധീകരിച്ച അല്‍മുനീര്‍ അഞ്ചാം വാര്‍ഷികപ്പതിപ്പില്‍ (പേജ്‌ 64,65) ഇപ്രകാരം എഴുതുകയുണ്ടായി: ഖുര്‍ആനിനെക്കാള്‍ മുന്‍ഗണന നല്‌കേണ്ടത്‌ ഇജ്‌മാഇനാണ്‌. എന്നാല്‍ ഇവരുടെ പുരോഗതി വ്യക്തമാക്കുന്നതാണ്‌, അല്‍ഇസ്വ്‌ലാഹ്‌ മാസികയില്‍ നബിദിനം ആഘോഷിക്കാന്‍ വല്ല ഹദീസിന്റെ തെളിവെങ്കിലും ഹാജരാക്കുന്നവര്‍ക്ക്‌ ഒരു കോടി ഇനാം എന്ന്‌ നല്‌കിയ പരസ്യത്തിന്‌ ഖുബൂരികള്‍ നല്‌കിയ മറുപടി: ``ആദ്യം ചോദിക്കേണ്ടത്‌ ഹദീസല്ലല്ലോ. ആയത്തല്ലേ? നബിദിനാഘോഷം പാടില്ലെന്ന്‌ അറിയിക്കുന്ന ഖുര്‍ആനില്‍ നിന്ന്‌ ഒരു ആയത്ത്‌ എഴുതി അറിയിച്ചാല്‍ ഒരു കോടി രൂപ ഇനാം.'' (സുന്നിവോയ്‌സ്‌-2005 ഏപ്രില്‍ 16-30)

1). ഇബ്‌നുകസീര്‍ എഴുതുന്നു: വിശുദ്ധ ഖുര്‍ആനില്‍ ഒരു വിഷയം കണ്ടെത്താന്‍ നിനക്ക്‌ പ്രയാസകരമായാല്‍ നീ ഹദീസിലേക്ക്‌ നോക്കുക. ഇപ്രകാരമാണ്‌ അല്ലാഹുവിന്റെ ദൂതന്‍ മുആദിനെ(റ) യമനിലേക്ക്‌ നിയോഗിച്ചപ്പോള്‍ കല്‌പിച്ചത്‌. നബി(സ) അദ്ദേഹത്തോടു ചോദിച്ചു: നീ എന്തുകൊണ്ട്‌ വിധി പറയും? മുആദ്‌(റ) പറഞ്ഞു: അല്ലാഹുവിന്റെ വേദഗ്രന്ഥം കൊണ്ട്‌. നബി(സ) പറഞ്ഞു: വിശുദ്ധ ഖുര്‍ആനില്‍ നീ കണ്ടിട്ടില്ലെങ്കില്‍ എന്തുകൊണ്ട്‌ നീ വിധിക്കും? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ സുന്നത്തുകൊണ്ട്‌. അതിലും നീ കണ്ടില്ലെങ്കില്‍ എന്തുകൊണ്ട്‌ വിധി പറയും എന്ന്‌ നബി(സ) ചോദിച്ചു. ഞാന്‍ ഗവേഷണം ചെയ്യുമെന്ന്‌ മുആദ്‌(റ) പ്രത്യുത്തരം നല്‍കിയപ്പോള്‍ നബി(സ) അദ്ദേഹത്തിന്റെ നെഞ്ചില്‍ കൈവെച്ചുകൊണ്ട്‌ പറഞ്ഞു: അല്ലാഹുവിന്‌ സര്‍വസ്‌തുതിയും, അല്ലാഹുവിന്റെ ദൂതന്റെ ദൂതനെ അല്ലാഹുവിന്റെ ദൂതനുമായി യോജിപ്പിച്ചവനായ ഈ ഹദീസ്‌ മുസ്‌നദിലും ഹദീസ്‌ ഗ്രന്ഥങ്ങളിലും നല്ല പരമ്പരയോടുകൂടി ഉദ്ധരിച്ചതാണ്‌. (തഫ്‌സീര്‍ ഇബ്‌നുകസീര്‍, വാള്യം 1, പേജ്‌ 12).

2). ഉസൂലുല്‍ ഫിഖ്‌ഹിന്റെ മികച്ച ഗ്രന്ഥങ്ങളിലും ഈ ഹദീസ്‌ ഉദ്ധരിച്ച്‌ സ്ഥിരപ്പെടുത്തുന്നു.

3). കെ എന്‍ എം പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തില്‍ എഴുതുന്നത്‌ ശ്രദ്ധിക്കുക: ``മുആദിനെ(റ) യമനിലേക്ക്‌ വിധികര്‍ത്താവായി അയച്ചപ്പോള്‍ നബി(സ) അദ്ദേഹത്തോട്‌ ചോദിച്ചു: തീരുമാനം എടുക്കേണ്ടി വരുന്ന വല്ല പ്രശ്‌നവും തനിക്ക്‌ നേരിട്ടാല്‍ താന്‍ എങ്ങനെ തീരുമാനം കല്‌പിക്കും? അദ്ദേഹം പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ കിത്താബനുസരിച്ച്‌ തീരുമാനിക്കും. തിരുനബി ചോദിച്ചു: അല്ലാഹുവിന്റെ കിത്താബില്‍ തീരുമാനം കണ്ടെത്തിയില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു: എന്നാല്‍ അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തനുസരിച്ച്‌. തിരുനബി: റസൂലിന്റെ സുന്നത്തിലും കണ്ടെത്തിയില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു: ഒട്ടും വീഴ്‌ച വരുത്താതെ എന്റെ അഭിപ്രായത്തിലൂടെ തീരുമാനിക്കാന്‍ ഞാന്‍ പരിശ്രമിക്കും. അപ്പോള്‍ (സന്തോഷപൂര്‍വം) തിരുമേനി അദ്ദേഹത്തിന്റെ നെഞ്ചില്‍ കൊട്ടിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ ദൂതന്‌ അല്ലാഹുവിന്റെ റസൂല്‍ ഇഷ്‌ടപ്പെടുന്ന കാര്യത്തില്‍ ഉതവി നല്‌കിയവനായ അല്ലാഹുവിന്‌ സര്‍വസ്‌തുതിയും. (അബൂദാവൂദ്‌: തിര്‍മിദി, ദാരിമി) അമാനി മൗലവി ഈ ഹദീസിനെ സ്വഹീഹായി പ രിഗണിക്കുന്നു. (വിശുദ്ധ ഖുര്‍ആന്‍ വിവരണം, വാള്യം 1, പേജ്‌ 54)

4). ``മുആദിനെ(റ) യമനിലേക്ക്‌ ഗവര്‍ണറായി നിയോഗിച്ച്‌ അയക്കുമ്പോള്‍ നബി(സ) ചോദിച്ചു: നീ എന്തു അവലംബമാക്കിയാണ്‌ വിധിക്കുക? അദ്ദേഹം പറഞ്ഞു: വിശുദ്ധ ഖുര്‍ആന്‍: നബി: അതില്‍ കാണാത്തപക്ഷം? അദ്ദേഹം: നബിയുടെ സുന്നത്തുകൊണ്ട്‌. നബി: അതിലും കാണാത്ത പക്ഷം. അദ്ദേഹം: ഞാന്‍ ഇജ്‌തിഹാജ്‌ ചെയ്യും. രണ്ടിലും കാണപ്പെടുന്ന സാദൃശ്യം ആധാരമാക്കി വിധിക്കും. ഈ പ്രസ്‌താവന നബി(സ) സന്തോഷത്തോടു കൂടി അംഗീകരിച്ചു (മുജാഹിദ്‌ സംസ്ഥാന സമ്മേളന സുവനീര്‍-1992, പേജ്‌ 195)

ഹദീസിന്റെ പരമ്പരക്ക്‌ വല്ല ന്യൂനതകളും ഉണ്ടെങ്കില്‍ വിശുദ്ധ ഖുര്‍ആനിലെ ധാരാളം സൂക്തങ്ങളും ഇമാം ബുഖാരി, മുസ്‌ലിം ഏകോപിപ്പിച്ച്‌ ഉദ്ധരിച്ച ധാരാളം സ്വഹീഹായ ഹദീസുകളും അബൂബക്കര്‍(റ), ഉമര്‍(റ), അലി(റ), ഇബ്‌നു മസ്‌ഊദ്‌, ഇബ്‌നു അബ്ബാസ്‌(റ), ആഇശ(റ), അബൂസഈദ്‌(റ) മുതലായ സ്വഹാബിമാരുടെ ചര്യയും ഹദീസിന്റെ ആശയത്തെ ശക്തിപ്പെടുത്തുന്നു.

ഒരു ആയത്തും അതിന്‌ ഖുര്‍ആന്‍ വ്യാഖാതാക്കളുടെ ഇമാമായ ഇബ്‌നുജരീര്‍ ത്വബ്‌രി(റ) നല്‌കിയ വ്യാഖ്യാനവും മാത്രം ഉദ്ധരിക്കുന്നു. അല്ലാഹു പറയുന്നു: അപ്പോള്‍ വല്ല കാര്യത്തിലും നിങ്ങള്‍ ഭിന്നിച്ചാല്‍ അതിനെ അല്ലാഹുവിലേക്കും ദൂതനിലേക്കും നിങ്ങള്‍ മടക്കുവീന്‍ (അന്നിസാഅ്‌ 59). ``അല്ലാഹുവിലേക്ക്‌ എന്നതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ കിത്താബിലേക്ക്‌ എന്നാണ്‌. അപ്പോള്‍ അതില്‍ നിങ്ങള്‍ കാണുന്നതിനെ നിങ്ങള്‍ പിന്തുടരുവീന്‍. അങ്ങനെ ഖുര്‍ആനിലെ കല്‌പനകളും വിരോധങ്ങളും വിധികളും തീരുമാനങ്ങളും പിന്‍പറ്റിക്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിനെ അനുകരിക്കുവിന്‍. എന്നാല്‍ (ദൂതനിലേക്ക്‌) എന്നതിന്റെ വിവക്ഷ തീര്‍ച്ചയായും അല്ലാഹു പറയുകയാണ്‌. പ്രശ്‌നത്തിന്റെ വിധി അല്ലാഹുവിന്റെ കിതാബില്‍ നിന്ന്‌ ഗ്രഹിക്കുവാന്‍ യാതൊരു വഴിയും നിങ്ങള്‍ക്ക്‌ ഇല്ലാത്തപക്ഷം അപ്പോള്‍ അതിനെ മനസ്സിലാക്കാന്‍ അവന്റെ ദൂതന്‍ ജീവിച്ചിരിക്കുന്ന കാലത്ത്‌ അദ്ദേഹത്തിലേക്ക്‌ വിടുവീന്‍ എന്നാണ്‌. മരണശേഷമാണെങ്കില്‍ അവിടുത്തെ സുന്നത്തിലേക്ക്‌ വിടുവീന്‍ എന്നാണ്‌.'' (വാള്യം 5, പേജ്‌ 178).

നവയാഥാസ്ഥിതികരുടെ പില്‍ക്കാല പ്രസ്‌താവനകളില്‍ ചിലത്‌ കാണുക:

1). ``ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ഹദീസ്‌ ക്രോഡീകരിച്ചു ഒരു ഗ്രന്ഥമാക്കിയതായി കാണുന്നില്ല.'' (കരുവള്ളി മുഹമ്മദ്‌ മൗലവി, അല്‍മനാര്‍ മാസിക -2000 ജനുവരി, പേജ്‌ 23).

ഇതുകൊണ്ടാണ്‌ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, അഹ്‌മദ്‌, ഹൈഹഖി, ത്വബ്‌റാനി, നസാഈ പോലെയുള്ളവര്‍ സ്വഹീഹാക്കിയ ആയിരത്തില്‍ പരം ഹദീസുകളെ ശൈഖ്‌ അല്‍ബാനി(റ) ദുര്‍ബലമാക്കിയത്‌. വിശുദ്ധ ഖുര്‍ആനിന്റെ ക്രോഡീകരണവും ഇതുപോലെയാണെന്ന്‌ പറയല്‍ ഇനി മുതല്‍ യാഥാസ്ഥിതികര്‍ക്ക്‌ അനിവാര്യമാകുന്നു.

2). അല്‍മക്വലൂബ്‌ (കൂട്ടിക്കലര്‍ത്തപ്പെട്ടത്‌): അതായത്‌ ഒരു പരമ്പരയില്‍ മറ്റൊരു പരമ്പര കൂടി ഇടകലര്‍ന്നത്‌. ഹദീസിന്റെ വചനത്തില്‍ തന്നെ കൂട്ടിക്കലര്‍ത്തി അട്ടിമറി സംഭവിച്ചിട്ടുള്ള ഹദീസുകള്‍ക്കാണ്‌ അല്‍മക്വ്‌ലൂബ്‌ എന്നു പറയുന്നത്‌. കൂടുതല്‍ വിശ്വസ്‌തനായ ഒരാള്‍ ഉദ്ധരിച്ച ഹദീസിന്‌ വിരുദ്ധമായി ഉദ്ധരിക്കപ്പെട്ട ഹദീസിനാണ്‌ അശ്ശാദ്ദ്‌ എന്നു പറയുന്നത്‌. വിശ്വസ്‌തനും പ്രബലനുമായ ഒരാള്‍ ഉദ്ധരിച്ചതിനെതിരായി ദുര്‍ബലനായ ഒരാള്‍ ഉദ്ധരിക്കുന്ന ഹദീസിനാണ്‌ അല്‍മുന്‍കര്‍ എന്ന്‌ പറയുന്നത്‌. ബാഹ്യമായി ന്യൂനത കാണപ്പെടുകയില്ല. ഏതെങ്കിലും സൂക്ഷ്‌മ പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയിട്ടുള്ള ഹദീസുകളാണ്‌ മുഅല്ലലായ ഹദീസുകള്‍ (അല്‍മനാര്‍ മാസിക -2010 ഡിസംബര്‍, പേജ്‌ 37)

വിശുദ്ധ ഖുര്‍ആനിലും ഇപ്രകാരമെല്ലാം ഉണ്ടെന്ന്‌ ജല്‌പിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകും.

3). അതുകൊണ്ട്‌ സ്വഹീഹായ ഹദീസുകള്‍ സ്വീകരിക്കുക തന്നെ വേണം. ഹദീസ്‌ ഇസ്‌ലാമിന്റെ രണ്ടാം പ്രമാണമാകുന്നു. (അല്‍നാര്‍ മാസിക: 2007 ഒക്‌ടോബര്‍, പേജ്‌ 33, വ്യാജ ഹദീസുകള്‍ എം മുഹമ്മദ്‌ മാറഞ്ചേരി)

4). ഹദീസ്‌ രണ്ടാം പ്രമാണം (അല്‍മനാര്‍ മാസിക -2007, ആഗസ്‌ത്‌, പേജ്‌ 53)

5). ഹദീസ്‌ രണ്ടാം പ്രമാണമാണെന്നും ഇതില്‍ നിന്ന്‌ മനസ്സിലാക്കാം (പി പി മുഹമ്മദ്‌ മദനി, അല്‍മനാര്‍ മാസിക: -2008 ജൂണ്‍, പേജ്‌ 11)

മുഹമ്മദ്‌ നബി(സ)ക്ക്‌ ആറ്‌ മാസക്കാലത്തോളം ഒരു ജൂതന്‍ ചെയ്‌ത സിഹ്‌റ്‌ ബാധിച്ച്‌ ബുദ്ധിക്ക്‌ സ്ഥിരതയില്ലാതെയായി എന്ന്‌ പറയുന്ന ഹദീസിനെ സ്വഹീഹാക്കാന്‍ വേണ്ടിയാണ്‌ ഈ വിഭാഗം വിശുദ്ധ ഖുര്‍ആനിനെ തരംതാഴ്‌ത്തിയത്‌ എന്നതാണ്‌ കൂടുതല്‍ ഖേദകരം. മുആദിന്റെ(റ) ഹദീസിനെ ഇവര്‍ ദുര്‍ബലമാക്കിയതും സിഹ്‌റ്‌ ബാധയും ജിന്ന്‌ ബാധയും മുസ്‌ലിംകള്‍ക്കിടയിലേക്ക്‌ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ്‌. നാം സ്വഹീഹായ ഹദീസിനെ തള്ളിയിട്ടില്ല; തള്ളുകയുമില്ല. ഹദീസ്‌ സ്വഹീഹാകാന്‍ ഹദീസ്‌ പണ്ഡിതന്മാരും മുസ്‌ലിം ലോകവും നിര്‍ദേശിച്ച വ്യവസ്ഥകള്‍ പരമ്പരയുടെ വിഷയത്തിലും മത്‌നിന്റെ (ആശയത്തിന്റെ) വിഷയത്തിലും ശ്രദ്ധിക്കണം എന്നാണ്‌ നവയാഥാസ്ഥിതികരോട്‌ പറയാനുള്ളത്‌.

ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും പവിത്രത കാത്തുസൂക്ഷിക്കാന്‍ നമുക്കു സാധിക്കുകയില്ല. ബുദ്ധിയുള്ള മനുഷ്യര്‍ക്ക്‌ സൂചന തന്നെ മതിയാകുന്നതാണ്‌. കൂടുതല്‍ വിവരണം ആവശ്യമില്ല. മുആദിന്റെ(റ) ഹദീസിനെ ദുര്‍ബലമാക്കി തള്ളുന്നവര്‍ ഹദീസ്‌ സ്വീകരിക്കുന്നവരും അതിനെ സ്വഹീഹാക്കി സ്വീകരിക്കുന്നവര്‍ ഹദീസ്‌ നിഷേധികളുമായിട്ടാണ്‌ ഈ വിഭാഗം അവതരിപ്പിക്കുന്നത്‌.

വിശുദ്ധ ഖുര്‍ആനും ഹദീസും ഒന്നാണെന്ന്‌ ജല്‌പിക്കുന്ന ലേഖനത്തില്‍ തന്നെ മുജാഹിദുകള്‍ സ്വഹീഹാക്കിയ ഹദീസിനെ ഇവര്‍ ദുര്‍ബലമാക്കുന്നു. ദുര്‍ബലമായ ആയത്തും സ്വഹീഹായ ആയത്തും ഇവരുടെ പക്കല്‍ ഉണ്ടായിരിക്കുമോ? സ്വഹീഹായ ഹദീസിനാണ്‌ ഈ സ്ഥാനങ്ങള്‍ നല്‍കിയതെന്ന്‌ ഇവര്‍ ജല്‌പിച്ചാലും ഇവര്‍ക്കു രക്ഷപ്പെടാന്‍ സാധ്യമല്ല. എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി ഉള്‍പ്പെടെ മുജാഹിദ്‌ പണ്ഡിതന്മാര്‍ സ്വഹീഹാണെന്ന്‌ വ്യക്തമാക്കിയ ഹദീസിനെ കെ കെ സകരിയ ദുര്‍ബലമാക്കുന്നതു കാണാം.

ഇബ്‌നുഖയ്യിം(റ) മുആദിന്റെ(റ) ഹദീസിന്‌ എതിരായി വരുന്ന സര്‍വ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‌കിയ ശേഷം എല്ലാ കാലഘട്ടങ്ങളിലും മുസ്‌ലിം ലോകം സ്വീകരിച്ചുവന്ന മുതവാതിറായ ഹദീസാണിതെന്ന്‌ പ്രഖ്യാപിക്കുന്നു (അഅ്‌ലാമുല്‍ മുവഖിഈന 1:189) ഇമാം ഖത്ത്വാബി(റ)യും ഈ ഹദീസ്‌ സ്വഹീഹായതാണെന്നു പറയുന്നു. ഔനുല്‍മഅ്‌ബൂദിലും ഹദീസ്‌ സ്വഹീഹാണെന്ന്‌ പറയുന്നു. (9:390)
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews