സകരിയ്യ ഗ്രൂപ്പിനെതിരെ അബ്ദുല്‍ റഹ്മാന്‍ ഇരിവേറ്റി മാധ്യമത്തില്‍ (01/07/2012) എഴുതിയ കുറിപ്പ്
തൗഹീദ് (ഏകദൈവാരാധന) മുഖ്യവിഷയമാക്കി കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഒരു നൂറ്റാണ്ടുകാലം പ്രബോധനംനടത്തിയ പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. 1922നു മുമ്പ് വ്യക്തിഗതമായി നടത്തപ്പെട്ടിരുന്ന ഈ പ്രബോധനം 1922 മുതല്‍ സംഘടിത രൂപത്തില്‍ തന്നെ നടത്തുന്നു. `അഭൗതികമായ മാര്‍ഗത്തിലൂടെ ഗുണം പ്രതീക്ഷിച്ചുകൊണ്ടോ ദോഷം ഭയപ്പെട്ടുകൊണ്ടോ ദൈവത്തിനല്ലാതെ ഒന്നും അര്‍പ്പിക്കാന്‍ പാടില്ല' എന്ന ദൗത്യമാണ് ഈ പ്രസ്ഥാനം പ്രബോധനം ചെയ്‌തുപോന്നത്. ഈ നിര്‍വചനം സംബന്ധിച്ച് മുജാഹിദുകളല്ലാത്തവര്‍ക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം. എന്നാല്‍, മുജാഹിദുകള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ഒരു നൂറ്റാണ്ടു കാലത്തനിടയ്‌ക്ക് ഒരു അര്‍ഥശങ്കയും ഉണ്ടായിട്ടില്ല.
മുജാഹിദുകളുടെ മുഖ്യ അജണ്ടകള്‍ അവര്‍ക്കെന്ന പോലെ അവരുടെ എതിര്‍സംഘടനകള്‍ക്കും എന്നും അറിയാം. തൗഹീദും ശിര്‍ക്കും (ഏകദൈവ ബഹുദൈവ വിശ്വാസങ്ങള്‍), ഖുര്‍ആനും സുന്നത്തും (യഥാര്‍ഥ മതപ്രമാണങ്ങള്‍), അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (വിശ്വാസങ്ങളിലും കര്‍മങ്ങളിലും കടന്നുകൂടിയ ഇസ്വലാമികേതര കാര്യങ്ങള്‍), സ്‌ത്രീ വിദ്യാഭ്യാസം, സ്‌ത്രീകളുടെ പള്ളികളിലെ ജമാഅത്തും ജുമുഅയും, ജുമുഅ ഖുത്വ്‌ബ ശ്രോതാക്കളുടെ ഭാഷയില്‍, നാട്ടുമാമൂലുകള്‍, സംഘടിത സകാത്ത്, ഖുര്‍ആന്‍ പരിഭാഷപ്പെടുത്തല്‍ തുടങ്ങിയവയായിരുന്നു മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖ്യ പ്രബോധന വിഷയങ്ങള്‍. പ്രസ്ഥാന പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് സമൂഹത്തിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാമൂലുകളും എണ്ണിപ്പറയുക അസാധ്യമാണ്.
എന്നാല്‍, അന്നത്തെ രോഗചികിത്സാരംഗത്തെ അന്ധവിശ്വാസങ്ങള്‍ പറയാതിരിക്കാനും പറ്റില്ല. മിക്കവാറും രോഗങ്ങള്‍ പിശാചുക്കളുടെയും ജിന്നുകളുടെയും (രണ്ടും ഒരേവര്‍ഗം തന്നെ) സൃഷ്‌ടിയാണെന്നായിരുന്നു അന്ന് പരക്കെ വിശ്വസിച്ചിരുന്നത്. കോളറി (തട്ട്) ഉണ്ടാക്കിയിരുന്നത് `തട്ട് ചെയ്‌ത്താനും' വസൂരി (കുരിപ്പ്) ഉണ്ടാക്കിയിരുന്നത് `കുരിപ്പ്' ചെയ്‌ത്താനുമാണെന്ന് അന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. കൂടാതെ അപസ്‌മാരം, ഭ്രാന്ത്, തലവേദന, പനി തുടങ്ങിയവ പോലും `ചെയ്‌ത്താന്മാരുടെ' സൃഷ്‌ടികളാണെന്ന് ജനം കരുതി. നട്ടപ്പാതിരാവിലും മറ്റും ഈ `ചെയ്‌ത്താന്മാരെ'യും ജിന്നുകളെയും നേരിട്ട് കണ്ടവരുടെ ദൃക്‌സാക്ഷി വിവരണങ്ങള്‍ അക്കാലത്തെ `ചായമക്കാനി'കളുടെ എരിവും പുളിയുമായിരുന്നു! അതുകൂടാതെ `ജിന്നുകള്‍' ശരീരത്തില്‍ കയറുക, കൂട്ട കൂക്കുകളുണ്ടാക്കുക തുടങ്ങിയവയും അക്കാലത്ത് സജീവമായിരുന്നു.
ജിന്നിനെയും ചെകുത്താനെയും അകറ്റാനായി മന്ത്രിച്ചനൂല്, ഏലസ്സ്, വെള്ളം മന്ത്രിച്ചത്, ഉഴിഞ്ഞെടുക്കല്‍, ജീവികളെ ഉഴിഞ്ഞിടല്‍, ഉഴിഞ്ഞ് കുഴിച്ചിടല്‍, വെള്ളത്തില്‍ ഒഴുക്കല്‍, ഹോമം, കൂട്ട ബാങ്ക്, അടിച്ചിറക്കല്‍, നേര്‍ച്ച (കൊടുതി) നല്‍കല്‍, തീര്‍ഥാടനം പോകല്‍ തുടങ്ങിയ അനേകം ക്ഷുദ്രകാര്യങ്ങള്‍ ജനങ്ങള്‍ അനുഷ്‌ഠിച്ചുപോന്നിരുന്നു. എന്നാല്‍, മുജാഹിദ് പ്രസ്ഥാനം വന്നപ്പോള്‍ ജിന്നിനെയും പിശാചിനെയും പറ്റി ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ പഠിപ്പിച്ചു. ജിന്ന് മനുഷ്യരെപ്പോലെത്തന്നെയുള്ള ഒരു ദൈവസൃഷ്‌ടിയാണെന്നും അവര്‍ അഗ്‌നിയാല്‍ സൃഷ്‌ടിക്കപ്പെട്ടവരാണെന്നും അവരിലെ വഴിപിഴച്ചവരാണ് പിശാചുക്കളെന്നും പിശാചുക്കളുടെ ദൗത്യം മനുഷ്യരെ നേര്‍മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കുക എന്നതാണെന്നും ശാരീരിക രോഗങ്ങളുണ്ടാക്കുന്നത് പിശാചിന്റെ ദൗത്യമായി ഖുര്‍ആന്‍ പറഞ്ഞിട്ടില്ലെന്നും മുജാഹിദ് പ്രസ്ഥാനം ജനങ്ങളെ പഠിപ്പിച്ചു. ഒഴിഞ്ഞ വീടുകളും പള്ളികളുമൊക്കെ ജിന്നുകള്‍ താവളമാക്കുമെന്നത് അന്ധവിശ്വാസമാണെന്നും പഠിപ്പിച്ചു. അതോടെ ജനങ്ങള്‍ നിര്‍ഭയരായി. ഈ ബോധവത്‌കരണത്തിന് പുറമെ ടോര്‍ച്ചിന്റെയും കരിമരുന്നിന്റെയും വ്യാപനവും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും അതിനെത്തുടര്‍ന്നുള്ള ഭയപ്പാടുകള്‍ക്കും വിരാമംകുറിച്ചു. എങ്കിലും സമൂഹത്തില്‍ അവിടവിടെ ഈ വിശ്വാസക്കാര്‍ അവശേഷിക്കുന്നുണ്ടെന്ന കാര്യം വിസ്‌മരിക്കുന്നില്ല.
എന്നാല്‍, ഇപ്പോഴിതാ മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു കൂട്ടം കൊച്ചു മൗലവിമാരും സംഘടനയിലേക്ക് അടുത്തകാലത്ത് ചേക്കേറിവന്ന മുല്ലമാരും മുസ്‌ലിയാക്കന്മാരും ചേര്‍ന്ന് ഈ ജിന്ന്-പിശാച് ചിന്തകള്‍ പ്രസ്ഥാനത്തിന്റെ മുഖ്യ പ്രബോധനവിഷയമാക്കിയിരിക്കുന്നു. ജിന്നുകള്‍ രോഗമുണ്ടാക്കും! അതിന് അടിച്ചുചികിത്സയടക്കമുള്ള പലതരം ക്ഷുദ്രങ്ങള്‍ ചെയ്യണം! എല്ലായിടത്തും ജിന്നുകള്‍ ഉണ്ടാകുമത്രെ!
ഒരു റൂമില്‍ കസേര മാറ്റിയിടുമ്പോള്‍, മേശ വലിപ്പടക്കുമ്പോള്‍, വീട്ടില്‍നിന്ന് ചൂടുവെള്ളം പുറത്തേക്കൊഴിക്കുമ്പോള്‍, മരത്തില്‍ നിന്ന് തേങ്ങയോ ചക്കയോ ഇടുമ്പോള്‍ നാം അക്കാര്യം ജിന്നുകളോട് പറയണമത്രെ! സമ്മതം ചോദിക്കണമത്രെ! ജിന്നുകള്‍ പാമ്പായും വരുമത്രെ! അതിനാല്‍ പാമ്പിനെ കൊല്ലാന്‍ പാടില്ല! പകരം പോ പാമ്പേ, പോ.. എന്നിങ്ങനെ ഉപദേശിക്കണമത്രെ! ഭര്‍ത്താവ് മറ്റെവിടെയോ പോയ സമയംനോക്കി ഭാര്യയുടെ അടുത്ത് ഭര്‍ത്താവായി വന്ന് ചാരിത്ര്യചോരണവും നടത്തുമത്രെ! അപകടത്തില്‍ പെടുന്നവര്‍ക്ക് ജിന്നിനെയും വിളിച്ച് സഹായം തേടാം!
സിഹ്‌റിന് ഫലപ്രാപ്‌തിയുണ്ട്. നബിപോലും സിഹ്‌റ് (മാരണം) ബാധിച്ച അവശനായിട്ടുണ്ട്. മരണക്കാരനെ മാത്രമല്ല, മാരണം ചെയ്‌തുവെച്ച കിണറ്റിന്‍കരയിലെ ഈത്തപ്പന മരങ്ങളുടെ തലകള്‍ കണ്ടുപോലും അദ്ദേഹം പേടിച്ചിട്ടുണ്ട്! സ്വഹാബിമാരും പേടിച്ചിട്ടുണ്ട്. മാരണക്കാരന്‍ വിജയിക്കുകയും നബി പരാജയപ്പെടുകയും ചെയ്‌തിട്ടുണ്ട്. ``എങ്ങനെ വന്നാലും മാരണക്കാരന്‍ വിജയിക്കുകയില്ല'' (സൂറതുത്ത്വാഹ) എന്ന ഖുര്‍ആന്‍ വചനമൊന്നും `സനദ് സ്വഹീഹായ' ബുഖരിയിലെ ഹദീസിനെ ദുല്‍ബലപ്പെടുത്തുകയില്ല! അങ്ങനെ പോകുന്നു ആപല്‍ക്കരമായ ഈ വിസ്‌മയ ചിന്തകള്‍.
മാരണം ഫലിക്കുന്നതിനാല്‍ അതിനും ചികിത്സ വേണം. കാസറ്റും സീഡിയുമുപയോഗിച്ച് ഖുര്‍ആന്‍ കേള്‍പ്പിക്കുക. മന്ത്രിക്കുക, വഴങ്ങുന്നില്ലെങ്കില്‍ മാരകമായി അടിച്ചിറക്കുക എന്നിങ്ങനെ അതിന് നിരവധി കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മുജാഹിദ് പ്രസ്ഥാനത്തില്‍ ഈ വഴിപിഴച്ച ചിന്താധാരയ്‌ക്ക് മേല്‍ക്കൈ ലഭിച്ചുകഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് യുവാക്കളുടെ ഇടയില്‍. നമുക്ക് വിസ്‌മയം തോന്നും. സാധാരണ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുക യുവാക്കളാണല്ലോ. ഇവിടെ നേരെ മറിച്ചാണ്. വയോധികരായ മുജാഹിദുകള്‍ പഴയ നവോത്ഥാന പ്രസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കുന്നു.
കേരള മുജാഹിദുകള്‍ ലോക സലഫി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ല. മുജാഹിദുകള്‍ ഒരു മദ്‌ഹബിനെയും തഖ്‌ലീദ് (അനുകരണം) ചെയ്യാത്തവരാണ്. ലോക സലഫികളില്‍ ഭൂരിഭാഗവും ഹന്‍ബലീ മദ്‌ഹബുകാരണ്. സ്‌ത്രീകളുടെ വസ്‌ത്രധാരണം, സ്‌ത്രി വിദ്യാഭ്യാസം, സ്‌ത്രീ പള്ളിപ്രവേശം, രോഗചികിത്സ തുടങ്ങിയ അനേകം കാര്യങ്ങളില്‍ മുജാഹിദ് വിഭാഗം പുരോഗമനപരവും ശാസ്‌ത്രീയവുമായ നിലപാടുകളാണ് ആദ്യം മുതലേ സ്വീകരിച്ചുപോന്നിട്ടുള്ളത്.
`ലോകസലഫികള്‍' അതിലൊക്കെ വളരെ പിന്നാക്കമാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി മുജാഹിദ് പ്രസ്ഥാനത്തെ `ലോക സലഫി'യില്‍ അഫിലിയേറ്റ് ചെയ്‌തതാണ് ഈ കുഴപ്പങ്ങളുടെ തുടക്കം. രാഷ്‌ട്രീയ പാര്‍ട്ടികളെപ്പോലെ മറ്റും സംഘടനകളില്‍ നിന്ന് വിശ്വാസത്തില്‍ മാറ്റംവരാത്തവര്‍ വേറെ ഭൗതിക ആകര്‍ഷണങ്ങളാല്‍ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് അടിച്ചുകയറിയതും വന്‍ വിനയായി.
ഈ പ്രവണതകളെ എതിര്‍ത്തുകൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിന്റെ വ്യതിരിക്തത പഴയപടി കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് എന്റെ പേരിലുള്ള കുറ്റം! ഈ കേസില്‍ വേറെയും പ്രതികളുണ്ട്.
(മാധ്യമം 2012 ജൂലൈ 1)