ദൈവവിധിയെ തോല്‍പിക്കുന്ന കണ്ണോ?

പി കെ മൊയ്‌തീന്‍ സുല്ലമി 

 അല്ലാഹു ഈ ലോകം സംവിധാനിച്ചിട്ട്‌ എത്ര വര്‍ഷമായി എന്ന്‌ കൃത്യമായി പറയാന്‍ സാധ്യമല്ല. എങ്കിലും കാലം മുന്നോട്ടുപോകുംതോറും പുതിയതായി പലതും നിര്‍മിക്കപ്പെടുകയും നിലനിന്നിരുന്ന പലതും നശിപ്പിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, തീവ്രവാദ ആക്രണങ്ങള്‍, യുദ്ധങ്ങള്‍ എന്നിവ മൂലം നശിപ്പിക്കപ്പെട്ടത്‌ കോടിക്കണക്കില്‍ ജനങ്ങളും അവരുടെ സമ്പത്തുക്കളുമാണ്‌. വിശുദ്ധഖുര്‍ആനും ചരിത്രയാഥാര്‍ഥ്യങ്ങളും ഇക്കാര്യം ബോധ്യപ്പെടുത്തുന്നുമുണ്ട്‌.

 എന്നാല്‍ കണ്ണേറു മൂലമോ നാക്കിന്റെ ശാപം കാരണമോ ഏതെങ്കിലും ഒരു സമൂഹമോ അവരുടെ സമ്പത്തുക്കളോ നശിപ്പിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ല. കോടിക്കണക്കില്‍ രൂപ വിലമതിക്കുന്ന രമ്യഹര്‍മങ്ങളും പഴങ്ങളും ഫലങ്ങളും പ്രദാനം ചെയ്‌തുകൊണ്ടിരിക്കുന്ന തോട്ടങ്ങളുമെല്ലാം മനുഷ്യരുടെ കണ്ണേറും നാക്കുശാപവും പേറിക്കൊണ്ട്‌ അല്ലാഹുവിന്റെ സംരക്ഷണത്തില്‍ യാതൊരുവിധ കേടുപാടും കൂടാതെ നിലനില്‍ക്കുന്നു. അതേയവസരത്തില്‍ പോക്കരുടെ പറമ്പില്‍ രണ്ട്‌ തെങ്ങുകളുണ്ട്‌. അതിലൊന്ന്‌ നാക്കുശാപം കൊണ്ട്‌ കരിഞ്ഞുപോകുന്നു. രണ്ട്‌ റൂമുകള്‍ മാത്രമുള്ള മമ്മദിന്റെ കുടിലിന്റെ പടിഞ്ഞാറു ഭാഗം കണ്ണേറു തട്ടി പൊളിഞ്ഞുവീഴുന്നു. പിറ്റേന്ന്‌ മമ്മദ്‌ വീടിന്റെ മുന്‍വശത്ത്‌ യക്ഷിയുടെ പേക്കോലം തൂക്കിയിടുന്നു. പിന്നെ ഈ വീടിന്‌ യാതൊരുവിധ കണ്ണേറും സംഭവിച്ചിട്ടില്ല -ഇത്‌ യാതൊരുഅറിവുമില്ലാത്ത ഒരാളുടെ അന്ധവിശ്വാസമല്ല. മറിച്ച്‌, ഖുര്‍ആനും സുന്നത്തുമനുസരിച്ച്‌ ജീവിച്ചുകൊള്ളാം എന്ന്‌ പ്രതിജ്ഞയെടുത്ത സാക്ഷാല്‍ മുജാഹിദാണെന്ന്‌ വീരവാദം മുഴക്കുന്ന ഒരു വിഭാഗത്തിന്റെ കൂടി വാദമാണ്‌.


ഇസ്‌ലാമില്‍ ഹദീസുകള്‍ക്ക്‌ വലിയ സ്ഥാനമുണ്ട്‌. ഇസ്‌ലാമിന്റെ എണ്‍പത്‌ ശതമാനം കര്‍മങ്ങളും കര്‍മപഥത്തില്‍ കൊണ്ടുവരുന്നതും അനുഷ്‌ഠിക്കുന്നതും ഹദീസുകളെ ആധാരമാക്കിയാണ്‌. എന്നാല്‍ ഒരു ഹദീസ്‌ `നബിവചനം' എന്ന നിലയില്‍ അംഗീകരിക്കപ്പെടണമെങ്കില്‍ ഹദീസുകളുടെ നിദാനശാസ്‌ത്രം പഠിച്ച പണ്ഡിതന്മാര്‍ ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്‌. അവ ഒത്തുവരുമ്പോള്‍ മാത്രമേ അത്‌ നബിവചനമായി പരിഗണിക്കൂ. അല്ലാതെ നബി(സ) പറഞ്ഞു എന്ന നിലയില്‍ അറബിഭാഷയില്‍ പരമ്പരയൊപ്പിച്ച്‌ ഒരു വചനം റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ അതിന്‌ സാങ്കേതികമായി ഹദീസ്‌ എന്ന്‌ പറയില്ല. അതില്‍ ഒന്നാമത്തെ നിബന്ധന ഖുര്‍ആനിന്റെ നസ്സ്വിന്‌ വിരുദ്ധമാകാതിരിക്കുക എന്നതാണ്‌. ഇക്കാര്യം പൂര്‍വീകരും ആധുനികരുമായ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അക്കാര്യം ഇബ്‌നുഹജര്‍(റ) വ്യക്തമാക്കിയത്‌ ശ്രദ്ധിക്കുക: ``ഖുര്‍ആനിന്റെ വ്യക്തമായ കല്‍പനകള്‍ക്ക്‌ വിരുദ്ധമോ നിരാക്ഷേപം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള (മുതവാതിറായ) ഹദീസുകള്‍ക്ക്‌ വിരുദ്ധമോ ഖണ്ഡിതമായ ഇജ്‌മാഇന്‌ വിരുദ്ധമോ അല്ലെങ്കില്‍ സാമാന്യബുദ്ധിക്ക്‌ വിരുദ്ധമോ ആയ നിലയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഹദീസുകള്‍ നിര്‍മിതങ്ങളാകുന്നു'' (നുഖുബതുല്‍ ഫിക്‌ര്‍, പേജ്‌ 113).

കെ എന്‍ എം ജന. സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായിരുന്ന കെ പി മുഹമ്മദ്‌ മൗലവി രേഖപ്പെടുത്തിയത്‌ ശ്രദ്ധിക്കുക: ``ഒരു ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ എത്രയും പരിശുദ്ധരും സത്യസന്ധരുമായിരുന്നാല്‍ പോലും, അതിലെ ആശയം ഖുര്‍ആനിന്റെ വ്യക്തമായ പ്രസ്‌താവനക്കെതിരായി വരുമ്പോള്‍ ആ ഹദീസ്‌ തള്ളിക്കളയണമെന്ന കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല.'' (അത്തവസ്സുല്‍, പേജ്‌ 82) ഇസ്‌ലാമിന്റെ ഒന്നാമത്തെ പ്രമാണം വിശുദ്ധ ഖുര്‍ആനാണെന്ന കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ തര്‍ക്കമില്ല. അതേ നിലപാട്‌ തന്നെയാണ്‌ മുജാഹിദുകള്‍ ഇന്നേവരെ അനുവര്‍ത്തിച്ചുപോന്നിട്ടുള്ളതും.

എന്നാല്‍ അല്‍ബാനിയെ(റ) അന്ധമായി തഖ്‌ലീദ്‌ ചെയ്യുകയും ജിന്ന്‌ മനുഷ്യരില്‍ ബാധിക്കുമെന്ന വിശ്വാസം കൊണ്ടുനടക്കുകയും ചെയ്യുന്ന നവയാഥാസ്ഥിതികര്‍ ഖുര്‍ആനിന്ന്‌ രണ്ടാം സ്ഥാനമാണ്‌ നല്‍കിവരുന്നത്‌. അതുകൊണ്ട്‌ ഖുര്‍ആനിന്‌ വിരുദ്ധമായ സകല അന്ധവിശ്വാസങ്ങളിലും ഇവര്‍ ചെന്നുചാടിക്കൊണ്ടിരിക്കുന്നു. കണ്ണേറ്‌ ബാധിക്കലും പിരാക്ക്‌ തട്ടലും അത്തരം അന്ധവിശ്വാസത്തില്‍ പെട്ടതാണ്‌. വിശുദ്ധ ഖുര്‍ആനിനും മുതവാതിറായി വന്നിട്ടുള്ള ഹദീസുകള്‍ക്കും അനുഭവയാഥാര്‍ഥ്യങ്ങള്‍ക്കും വിരുദ്ധവുമാണത്‌. ഈ ലേഖകന്‍ മുമ്പ്‌ ഒരു ലേഖനത്തില്‍ കണ്ണേറ്‌ ബാധിക്കലും പിരാക്ക്‌ തട്ടലും വിശുദ്ധ ഖുര്‍ആനിനും തൗഹീദിനും വിരുദ്ധമാണെന്ന്‌ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനെതിരില്‍ മറ്റു ചില വാദങ്ങള്‍ പൊങ്ങിവന്നതായി അറിയാന്‍ കഴിഞ്ഞു. അതിലൊന്ന്‌ താഴെ വരുന്ന റിപ്പോര്‍ട്ടാണ്‌:

``കണ്ണ്‌ (അസൂയനിറഞ്ഞ നോട്ടം) സത്യമാണ്‌. അല്ലാഹുവിന്റെ വിധിയെ മുന്‍കടക്കുന്ന വല്ല വസ്‌തുവും ഉണ്ടായിരുന്നെങ്കില്‍ കണ്ണ്‌ അതിനെ മുന്‍കടക്കുമായിരുന്നു.'' (ഫത്‌ഹുല്‍ബാരി 13:113) എന്താണ്‌ ഈ ഹദീസിന്റെ വിവക്ഷ? അസൂയാലുവിന്റെ അസൂയ നിറഞ്ഞ നോട്ടം ഒരു യാഥാര്‍ഥ്യമാണ്‌. അല്ലാഹുവിന്റെ വിധി ഒരു വ്യക്തിക്ക്‌ അനുഗ്രഹം ലഭിക്കണം എന്നതാണെങ്കിലും അസൂയാലു അല്ലാഹുവിന്റെ വിധി അവഗണിച്ചുകൊണ്ട്‌ തന്റെ നോട്ടവും തന്റെ അസൂയക്ക്‌ വിധേയനായവനെ തകര്‍ക്കാനുള്ള ശ്രമങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. അസൂയ എന്നത്‌ അത്രക്കും ദുഷിച്ച സ്വഭാവമാണ്‌ എന്നാണ്‌ ഹദിസിലെ പാഠം. അല്ലാതെ നവയാഥാസ്ഥിതികര്‍ ജല്‌പിക്കും പോലെ ഏതെങ്കിലും ഒരാള്‍ ശപിച്ചാലോ നോക്കിയാലോ അല്ലാഹുവിന്റെ വിധിയെ പരാജയപ്പെടുത്തി അപരന്മാര്‍ക്ക്‌ നാശമുണ്ടാക്കാന്‍ കഴിയും എന്നതല്ല. അങ്ങനെയാണെങ്കില്‍ വിശുദ്ധ ഖുര്‍ആനെ നാം തള്ളിക്കളയേണ്ടി വരും. അല്ലാഹുവിനെയോ അവന്റെ വിധിയെയോ പരാജയപ്പെടുത്താനോ മുന്‍കടക്കാനോ ഒരു ശക്തിക്കും സാധ്യമല്ല. കാരണം അവനുദ്ദേശിച്ചത്‌ മാത്രമേ ഈ ലോകത്ത്‌ സംഭവിക്കൂ.

അല്ലാഹു പറയുന്നു: ``അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല'' (ഇന്‍സാന്‍ 30). നമ്മുടെ നാക്കിനെയും കണ്ണിനെയും മറ്റു അവയവങ്ങളെയും ഇല്ലായ്‌മ ചെയ്യാന്‍ കഴിവുള്ള അല്ലാഹുവിന്റെ വിധിയെ പരാജയപ്പെടുത്താനോ മുന്‍കടക്കാനോ കണ്ണേറിന്‌ കഴിവുണ്ടെന്ന്‌ വിശ്വസിക്കുന്നവര്‍ എത്തിപ്പെടുന്നത്‌ ദൈവനിഷേധത്തിലായിരിക്കും. അല്ലാഹു പറയുന്നു: ``അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്‌ചയും അവന്‍ പാടെ നശിപ്പിച്ചു കളയുക തന്നെ ചെയ്യുമായിരുന്നു.'' (അല്‍ബഖറ 20). അല്ലാഹുവിന്റെ വിധിയെ തോല്‌പിക്കാനോ മുന്‍കടക്കാനോ ഒരു കണ്ണിനോ നാക്കിനോ നിഷേധികള്‍ക്കോ സാധ്യമല്ല. അല്ലാഹു പറയുന്നു: ``സത്യനിഷേധികള്‍ ഭൂമിയില്‍ അല്ലാഹുവെ തോല്‍പിച്ചുകളയുന്നവരാണെന്ന്‌ നീ ധരിച്ചുകളയരുത്‌. അവരുടെ വാസസ്ഥലം നരകമത്രെ'' (അന്നൂര്‍ 57). ``അതെ, തന്റെ രക്ഷിതാവിനെത്തന്നെയാണ്‌ സത്യം. തീര്‍ച്ചയായും അത്‌ സത്യം തന്നെയാണ്‌. നിങ്ങള്‍ക്ക്‌ (അവനെ) തോല്‌പിച്ചുകളയാനാകില്ല.'' (യൂനുസ്‌ 53) 

അല്ലാഹുവിന്റെ കല്‌പനകള്‍ക്കും വിധികള്‍ക്കുമെതിരില്‍ കണ്ണേറും പിരാക്കും തട്ടുമെന്ന്‌ വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഖുര്‍ആനിന്റെ ഭാഷയില്‍, അല്ലാഹുവിന്റെ വിധിയെ പരാജയപ്പെടുത്താന്‍ കഴിയും എന്ന അന്ധമായ ശിര്‍ക്കന്‍ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ്‌. കണ്ണേറും പിരാക്കും തട്ടും എന്ന്‌ വാദിക്കുന്നവരുടെ മറ്റൊരുവാദം ഇപ്രകാരമാണ്‌: ``കണ്ണേറിനെ സംബന്ധിച്ച്‌ വന്നിട്ടുള്ള ഹദീസുകളുടെ സനദ്‌ (പരമ്പര) കുറ്റമറ്റതാണ്‌.'' ഒരു ഹദീസിന്റെ പരമ്പര മാത്രം വിലയിരുത്തിയല്ല ഹദീസുകളുടെ സാധുത വിലയിരുത്തപ്പെടുന്നത്‌. പരമ്പരയെക്കാള്‍ പ്രധാനം ആ ഹദീസിലൂടെ ലഭിക്കുന്ന കാര്യമാണ്‌. ഈമാന്‍ കാര്യം ഏഴാണ്‌ എന്ന നിലയില്‍ കുറ്റമറ്റ പരമ്പരയോട്‌ കൂടി ഒരു ഹദീസുണ്ടെന്ന്‌ സങ്കല്‍പിക്കുക. അത്‌ അംഗീകരിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. കാരണം അത്‌ ഖുര്‍ആനിനും മുതവാതിറായി വന്നിട്ടുള്ള ഹദീസുകള്‍ക്കും വിരുദ്ധമാണ്‌.

കണ്ണേറിനെ സംബന്ധിച്ച്‌ മാത്രമല്ല ഏത്‌ വിഷയത്തിലും ഏത്‌ റിപ്പോര്‍ട്ടര്‍ ഉദ്ധരിച്ച ഹദീസായിരുന്നാലും അതിന്റെ പരമ്പര മാത്രമല്ല, മത്‌നും കൂടി സ്വഹീഹായി വരേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ അത്‌ അംഗീകരിക്കാന്‍ പറ്റൂ. അക്കാര്യം ഹദീസുകളുടെ നിദാനശാസ്‌ത്രം പഠിച്ച പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇമാം സഖാവി രേഖപ്പെടുത്തി: ``ഹദീസിന്റെ പരമ്പരയിലും മത്‌നിലും (മാറ്റര്‍) വരുന്ന ആശയക്കുഴപ്പം നിര്‍ബന്ധമായും ഹദീസിനെ ദുര്‍ബലപ്പെടുത്തും'' (ഫത്‌ഹുല്‍ മുഗീസ്‌ 1:225). ഇമാം ശാത്വിബി രേഖപ്പെടുത്തി: ``മതപരമായ വിധിക്ക്‌ (മത്‌നിന്‌) വിരുദ്ധമായി ഹദീസിന്റെ പരമ്പര മാത്രം ശരിയായാല്‍ മതി എന്ന ചിലരുടെ സാക്ഷിത്വം നിലനിര്‍ക്കുന്നതല്ല.'' (അല്‍ഇഅ്‌തിസ്വാം 1:290)

 ഇമാം ഇബ്‌നുകസീര്‍ പറയുന്നു: ഒരു ഹദീസിന്റെ പരമ്പര ശരിയാണ്‌ എന്നത്‌ ഹദീസ്‌ സ്വഹീഹാണ്‌ എന്നത്‌ അനിവാര്യമാക്കുകയില്ല'' (അല്‍ബാഇസ്‌, പേജ്‌ 42). ഇതേ ആശയം ഇമാം സഹസ്‌വാനി സ്വിയാനത്തുല്‍ ഇന്‍സാനിലും ഇബ്‌നുഹജറുല്‍ ഹൈതമി ഫതാവാ ഹദീസിയ്യയിലും രേഖപ്പെടുത്തിയിട്ടുണ്ട്‌. ചുരുക്കത്തില്‍ കണ്ണേറു ബാധിക്കലും നാക്കുശാപം ഏല്‍ക്കലും കാര്യകാരണബന്ധങ്ങള്‍ക്കതീതവും അഭൗതികവും അദൃശ്യവുമായ മാര്‍ഗങ്ങളിലൂടെ ദ്രോഹം വരുത്തിവെക്കാന്‍ ഇതിനു പുറമെ ചില അവയവങ്ങള്‍ക്കു പോലും കഴിയും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിലകൊള്ളുന്ന ചില പ്രക്രിയകളാണ്‌. മേല്‍പറഞ്ഞ വിധം ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിന്‌ മാത്രമേ സാധിക്കൂ എന്നത്‌ ഈമാന്‍ കാര്യങ്ങളില്‍പെട്ട ആറില്‍ ഒന്നാണ്‌. മേല്‍ പറഞ്ഞ വിധം ദ്രോഹം വരുത്തിവെക്കാന്‍ മനുഷ്യവര്‍ഗത്തില്‍ ആര്‍ക്കെങ്കിലും സാധിക്കുന്ന പക്ഷം അത്‌ മുഅ്‌ജിസത്തുള്ള പ്രവാചകന്മാര്‍ക്ക്‌ മാത്രം അല്ലാഹു നല്‍കുമ്പോള്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്ന്‌ മുമ്പ്‌ നാം രേഖപ്പെടുത്തിയിട്ടുണ്ട്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews