ഇരുളകറ്റിയ ഇസ്‌ലാഹീപ്രസ്ഥാനം


ശംസുദ്ദീന്‍ പാലക്കോട്‌

മതസമൂഹങ്ങളില്‍ കാണുന്ന മതവിരുദ്ധ പ്രവണതകളെ മതപ്രമാണങ്ങളുടെ സത്യശുദ്ധപാത കാട്ടി തിരുത്തുകയും നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ്‌ ഇസ്വ്‌ലാഹ്‌ എന്ന പദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌. പ്രവാചകന്മാര്‍ പോലും അവരുടെ പ്രബോധന ദൗത്യത്തിന്റെ വിശകലനവേളയില്‍ തങ്ങള്‍ നിര്‍വഹിക്കുന്നത്‌ ഇസ്വ്‌ലാഹീ പ്രവര്‍ത്തനമാണ്‌ എന്ന്‌ വിശേഷിപ്പിച്ചതായി ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ ഭാഗം സുവിദിതമാണ്‌ (വി.ഖു 11:88, 7:56,85 കാണുക). മുന്‍കഴിഞ്ഞ പ്രവാചകന്മാരും അവരുടെ അനുയായികളും ജീവിച്ച ആദര്‍ശധന്യമായ സല്‍പന്ഥാവില്‍ നിന്ന്‌ അവരുടെ പിന്‍തലമുറ വ്യതിചലിക്കുമ്പോഴാണ്‌ ഇത്തരം ഇസ്‌ലാഹ്‌ പ്രസക്തമാകുന്നതും അനിവാര്യമാകുന്നതും.

അന്ത്യപ്രവാചകനായ മുഹമ്മദ്‌(സ) ഈ ലോകത്തോട്‌ വിടപറയുന്നതിന്‌ മുമ്പ്‌ ലോകാവസാനം വരെയുള്ള വിശ്വാസി സമൂഹത്തെ ശക്തമായ ഭാഷയില്‍ ഉണര്‍ത്തിയ കാര്യവും ഇസ്‌ലാഹ്‌ ഇസ്‌ലാമിക സമൂഹത്തില്‍ അഭംഗുരം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും നിലനില്‍ക്കുമെന്നുള്ള സൂചനയുമാണ്‌ നല്‌കുന്നത്‌. പ്രസിദ്ധമായ ആ പ്രവാചകവചനം ഇപ്രകാരമാണ്‌: ``രണ്ട്‌ കാര്യങ്ങള്‍ നിങ്ങളില്‍ ഉപേക്ഷിച്ചുകൊണ്ടാണ്‌ ഞാന്‍ പോകുന്നത്‌. അവ രണ്ടും മുറുകെ പിടിച്ച്‌ ജീവിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും അവന്റെ പ്രവാചകന്റെ ചര്യയുമാകുന്നു അത്‌.'' ``നിങ്ങളുടെ അണപ്പല്ലുകൊണ്ട്‌ അവ കടിച്ചുപിടിക്കുക'' എന്ന്‌ നബി(സ) പറഞ്ഞതായും ഇതു സംബന്ധമായ ഹദീസിന്‌ ഒരു പാഠഭേദമുണ്ട്‌.


ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ചു ജീവിക്കുകയും തദനുസാരമുള്ള ജീവിതത്തിന്റെ സവിശേഷതകള്‍ മതസമൂഹത്തിലും പൊതുസമൂഹത്തിലും പ്രബോധനം ചെയ്യുകയും ചെയ്‌തുകൊണ്ടാണ്‌ `ഇസ്വ്‌ലാഹി'ന്റെ കര്‍മരൂപങ്ങളായി പില്‌ക്കാല പണ്ഡിതന്മാരും സത്യവിശ്വാസികളും ജീവിച്ചത്‌. ഈ കൂട്ടായ്‌മയാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്ന്‌ പറയുന്നത്‌. ജീര്‍ണതക്കും തീവ്രതക്കും മധ്യേയുള്ള നവോത്ഥാന പാതയാണ്‌ ഇസ്‌ലാഹിന്റെ പാത. അത്‌ വ്യക്തികേന്ദ്രീകൃതമോ ഏതെങ്കിലും `ഇസ'ങ്ങളുടെ ചട്ടക്കൂട്ടില്‍ ബന്ധിച്ചിടാവുന്ന ഒരു സങ്കുചിത ചിന്താധാരയോ അല്ല.

എന്നാല്‍ പ്രവാചകന്മാരും ഖലീഫമാരും മഹാന്മാരായ ഇമാമുകളും ലോകത്ത്‌ വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ച സച്ചരിതരായ പണ്ഡിതന്മാരും ആദര്‍ശമായി സ്വീകരിച്ച്‌ കര്‍മപഥത്തെ ധന്യമാക്കിയ ഈ നവോത്ഥാന സംരംഭത്തെ കമ്യൂണിസം, ശിആയിസം, മൗദൂദിസം പോലെ ഒരു `ഇസ' പരിവേഷം നല്‌കുന്ന പ്രവണത ഇസ്‌ലാമികാധ്യാപനങ്ങളെയും ഇസ്‌ലാമിക പാരമ്പര്യങ്ങളെയും അപഹസിക്കുന്ന ക്രൂരതയാണ്‌. ഈ ക്രൂരവിനോദം ചരിത്രത്തില്‍ രണ്ട്‌ കൂട്ടര്‍ മാത്രമേ ചെയ്‌തിട്ടുള്ളൂ. നവോത്ഥാന സംരംഭങ്ങളെ `വഹ്‌ഹാബിസം' എന്ന്‌ മുദ്രകുത്തി പാര്‍ശ്വവല്‍കരിക്കാനും വ്യക്തിവല്‍കരിക്കാനും ശ്രമിച്ച ബ്രിട്ടീഷുകാരാണ്‌ ഒന്നാം കക്ഷി. രണ്ടാം കക്ഷിയാകട്ടെ `സലഫിസം' എന്ന്‌ വരികളിലും വാക്കുകളിലും `ആയിരംതവണ' ആവര്‍ത്തിച്ച്‌ ഈ നവോത്ഥാന സംരംഭത്തെ പാര്‍ട്ടിവല്‍കരിച്ച്‌ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന മതരാഷ്‌ട്രവാദക്കാരായ ജമാഅത്തുകാരാണ്‌.

ബ്രിട്ടീഷുകാര്‍ `വഹ്‌ഹാബിസം' എന്ന്‌ വിളിച്ച്‌ ഇസ്‌ലാമിന്റെ ഇസ്വ്‌ലാഹീ തരംഗത്തെ വഴിതിരിച്ചുവിടാന്‍ വിഫലശ്രമം നടത്തിയതുപോലെ മൗദൂദിയുടെ ചിന്താധാരകളില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കാര്‍ `സലഫിസം' എന്ന്‌ നൂറ്റൊന്നാവര്‍ത്തിച്ച്‌ ഇസ്‌ലാമിന്റെ ഇസ്വ്‌ലാഹീ തരംഗത്തെ കൊച്ചാക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിലാണിപ്പോള്‍. പക്ഷെ, അതിനിടയിലും മദ്‌ഹബിന്റെ ആലയില്‍ തളിച്ചിടാന്‍ കഴിയില്ല എന്ന്‌ വ്യംഗ്യമായി സമ്മതിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്‌തിട്ടുണ്ട്‌. ഇതാ ചില ഉദാഹരണങ്ങള്‍:

``സലഫിസത്തെക്കുറിച്ച്‌ പറയുകയാണെങ്കില്‍ സലഫിസം ഒരു ചിന്താവഴിയാണ്‌. ഇസ്‌ലാമിക ലോകത്തിന്റെ എല്ലാ ഭാഗത്തും അതിന്റെ വിത്തുകള്‍ മുളപൊട്ടിയിട്ടുണ്ട്‌. പാരമ്പര്യ വിജ്ഞാനീയങ്ങളെക്കുറിച്ച സൂക്ഷ്‌മമായ അറിവ്‌, വിശ്വാസ പ്രമാണങ്ങളെ കലര്‍പ്പുകളില്‍ നിന്ന്‌ ശുദ്ധിചെയ്‌തെടുക്കല്‍, നബിചര്യ അനുധാവനം ചെയ്യുന്നതോടൊപ്പം പ്രബല ഹദീസുകള്‍ മാത്രം സ്വീകരിച്ച്‌ ദുര്‍ബലമായ ഹദീസുകളില്‍ നിന്ന്‌ അകന്നുനില്‍ക്കല്‍- ഇതൊക്കെ സലഫിസത്തിന്റെ ശക്തിബിന്ദുക്കളാണ്‌.'' (പ്രബോധനം 31-3-2012, പേജ്‌ 11,12) (അടിവര ലേഖകന്റേത്‌)
``സലഫിസം ഒരു ജീവിതരീതിയാണ്‌. ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ച്‌ മുന്‍ഗാമികളായ സത്യവിശ്വാസികളുടെ മാര്‍ഗം പിന്തുടരലാണ്‌. യഥാര്‍ഥത്തില്‍ അതൊരു സംഘടനയോ കര്‍മശാസ്‌ത്ര മദ്‌ഹബോ അല്ല.'' (അതേ പുസ്‌തകം, പേജ്‌ 17)

അനിഷേധ്യവും സത്യവുമായ ഈ കാര്യം വായനക്കാരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്നും അപ്പോള്‍ ബ്രിട്ടീഷുകാര്‍ മുമ്പ്‌ ചെയ്‌തതും ഇപ്പോള്‍ തങ്ങള്‍ പരീക്ഷിക്കുന്നതുമായ `വഹാബിസം', `സലഫിസം' തന്ത്രം പൊളിയുമെന്നും കണ്ടതിനാല്‍ ഇസ്വ്‌ലാഹീ തരംഗം ഇസ്‌ലാമുമായി ബന്ധമില്ലാത്ത ഒരു ഇസം തന്നെയാണ്‌ (കമ്യൂണിസവും മൗദൂദിസവും പോലെ!) എന്ന മുന്‍വിധി ജമാഅത്തു ലേഖകന്‍ ദുസ്സാമര്‍ഥ്യത്തോടെ എഴുതി പിടിപ്പിക്കുന്ന ഈ വരികള്‍ കൂടി വായിക്കുക: ``മുഅ്‌തസില, അശ്‌അരിയ്യ, മാതുരീദിയ്യ ദൈവശാസ്‌ത്ര സരണികളോടൊപ്പം അഖീദയിലെ മറ്റൊരു മദ്‌ഹബാണ്‌ സലഫിയ്യ'' (പ്രബോധനം 31-3, 2012, പേജ്‌ 17)

നോക്കൂ! ഒരേ ലക്കത്തില്‍ രണ്ട്‌ സത്യങ്ങള്‍ക്കിടയില്‍ ഒരു അസത്യം അഥവാ പ്രകടമായ വൈരുദ്ധ്യം എഴുതിപ്പിടിപ്പിക്കാന്‍ വല്ലാത്ത ദുഷ്‌ടബുദ്ധിയും ദുഷ്‌ട മനസ്സും തന്നെ വേണം. അതാണല്ലോ വൈരുധ്യാധിഷ്‌ഠിത മൗദൂദിസം!
കമ്യൂണിസം, സയണിസം, ശിആഇസം, ബഹാഇസം, മൗദൂദിസം എന്നെല്ലാം പറയുന്നതു പോലെ പറയാന്‍ പറ്റുന്നതല്ല സലഫിസം എന്നറിയാമായിരുന്നിട്ടും ഇത്‌ പുതിയ ഒരു ചിന്താധാരയാണ്‌ എന്നും ആ ചിന്താധാര കാലഹരണപ്പെട്ടുവെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതിന്‌ പിന്നിലുള്ളത്‌. മതത്തിന്റെ ആദിമവും പ്രമാണബദ്ധവുമായ വിശുദ്ധിയിലേക്ക്‌ ക്ഷണിക്കുന്ന ലോകാവസാനം വരെ നിലനില്‍ക്കുമെന്നുറപ്പുള്ള `ഇസ്വ്‌ലാഹീ' സംവിധാനത്തെയും സംരംഭത്തെയും വ്യക്തിവല്‍കരിക്കുന്നതും പാര്‍ട്ടിവല്‍കരിക്കുന്നതും ഇസ്‌ലാമിക പാരമ്പര്യത്തെയും ഇസ്‌ലാമിക പ്രമാണങ്ങളെയും നിരാകരിക്കുന്നതിന്‌ തുല്യമാണ്‌. ഇസ്‌ലാമിക ചരിത്രത്തിന്റെ എല്ലാ കാലങ്ങളിലും വ്യക്തിസംരംഭം എന്ന നിലയ്‌ക്കും കൂട്ടമായ സംവാദമെന്ന നിലയിലും മതവിരുദ്ധ പ്രവണതകളെ മതത്തിന്റെ ഗ്രാമീണ വിശുദ്ധിയിലേക്ക്‌ തിരിച്ചുവിളിക്കുന്ന ഇസ്വ്‌ലാഹ്‌ (നവോത്ഥാന പ്രവര്‍ത്തനം) നടന്നിട്ടുണ്ട്‌. മതസമൂഹത്തില്‍ പടര്‍ന്നുകയറുമായിരുന്ന അനാചാരങ്ങളുടെയും അത്യാചാരങ്ങളുടെയും ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ബഹുദൈവത്വ സങ്കല്‌പങ്ങളുടെയും അന്ധകാരങ്ങളെ ഒരു പരിധിവരെ അകറ്റിനിര്‍ത്തിയത്‌ ഇത്തരം നവോത്ഥാന പ്രവര്‍ത്തനങ്ങളാലാണ്‌. ഈ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ രീതികള്‍ക്ക്‌ കാല-ഭേദങ്ങള്‍ക്കനുസരിച്ച്‌ ചില വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്‌ എന്നത്‌ സ്വാഭാവികമാണ്‌.

കാരണം നന്മ പ്രബോധിപ്പിക്കുകയും തിന്മ നിരാകരിക്കുകയും ചെയ്യുന്ന ഇസ്‌ലാഹീ പ്രവര്‍ത്തനത്തിന്‌ ഏകശിലാമുഖമല്ല ഇസ്‌ലാം നിര്‍ണയിച്ചിട്ടുള്ളത്‌. ``നിങ്ങളിലൊരാള്‍ തിന്മ കണ്ടാല്‍ കൈകൊണ്ട്‌ തടയാന്‍ കഴിയുന്നവര്‍ അങ്ങനെയും അതിന്‌ കഴിയാത്തവര്‍ നാവുകൊണ്ടും അതിനു കഴിയാത്തവര്‍ ഹൃദയം കൊണ്ടും തടയട്ടെ'' എന്നാണ്‌ നബി(സ) നിര്‍ദേശിച്ചിട്ടുള്ളത്‌. ഇസ്‌ലാമിക ഭരണമുള്ള സുഊദി അറേബ്യയില്‍ അവിടുത്തെ ഭരണാധികാരികളും പണ്ഡിതന്മാരും ഇസ്വ്‌ലാഹ്‌ നടത്തുന്ന രൂപവും ഇസ്‌ലാമികേതര ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളെപ്പോലുള്ളവര്‍ നിര്‍വഹിക്കേണ്ട ഇസ്‌ലാഹും ഒരുപോലെയാവണമെന്ന്‌ ഇസ്‌ലാമിക പ്രബോധന രീതിശാസ്‌ത്രത്തിന്റെ ബാലപാഠം അറിയുന്നവര്‍ പോലും പറയുകയില്ല.

ഒരു കാര്യം ഉറപ്പിച്ച്‌ പറയാന്‍ കഴിയും; കാലാകാലങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സത്യമതത്തോട്‌ സ്‌നേഹവും പ്രതിബദ്ധതയുമുള്ള വ്യക്തികളും സംഘങ്ങളും അവര്‍ക്ക്‌ സാധ്യമാവുന്ന തരത്തില്‍ ഇസ്വ്‌ലാഹ്‌ നടത്തിയതുകൊണ്ടും നടത്തുന്നതുകൊണ്ടുമാണ്‌ ഇസ്‌ലാമിന്റെ വെളിച്ചം അതിന്റെ ദിവ്യമായ പ്രഭയോടെ ഇവിടെ ഇന്നും നിലനില്‍ക്കുന്നത്‌. സമൂഹത്തില്‍ നിന്ന്‌ ഇരുള്‍ മാറ്റുകയും മതത്തിന്റെ സത്യശുദ്ധമായ ദിവ്യവെളിച്ചം പ്രകാശിപ്പിക്കുകയും ജാജ്വല്യമാക്കുകയും ചെയ്യുന്ന, ഇസ്‌ലാമിക സമൂഹത്തില്‍ എല്ലായിടത്തുമായി എല്ലാ കാലത്തുമുള്ള ഇസ്വ്‌ലാഹീ പ്രവര്‍ത്തനത്തെ ഏതെങ്കിലും ഇസത്തിന്റെ ആലയില്‍ തളച്ചിടാമെന്ന്‌ വിചാരിക്കുന്നത്‌ മൗഢ്യവും അത്തരം ശ്രമങ്ങള്‍ വിഫലവും ദുഷ്‌ടമനസ്സിന്റെ പ്രകടനവുമാണ്‌ എന്ന്‌ പറയാതെ വയ്യ. വ്യക്തികളും സംഘങ്ങളും കാലാകാലങ്ങളില്‍ നടത്തിയിട്ടുള്ള ഇസ്‌ലാഹിന്‌ കൈ കൊണ്ടും നാവുകൊണ്ടും ഹൃദയം കൊണ്ടും മതത്തിന്റെ നന്മ പ്രകാശിപ്പിക്കാനും തിന്മ തിരുത്താനും വേണ്ടി ശ്രമങ്ങളുണ്ടായിട്ടുണ്ട്‌. അതില്‍ ഏതാനും ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു. ഇസ്വ്‌ലാഹീ പ്രസ്ഥാനം ഏതെങ്കിലും ഒരു `ഇസ'ത്തിന്റെ തടവറയിലല്ലെന്നും ഏതെങ്കിലും ഒരു വ്യക്തിയുടെ തലയില്‍ ബന്ധിച്ചതല്ലെന്നും മൗദൂദിസം പോലുള്ള വ്യക്തിയധിഷ്‌ഠിത പ്രസ്ഥാനത്തിന്റെ തടവറയില്‍ നിന്ന്‌ മോചനം നേടാന്‍ കഴിയാത്തവര്‍ക്ക്‌ ബോധ്യപ്പെടാന്‍ സഹായകമാകും. ചില ഉദാഹരണങ്ങള്‍:

1). സാമ്പത്തിക അസമത്വങ്ങളും കൊള്ളലാഭമെടുക്കുന്ന കച്ചവടക്കാരും ഒരു കാലഘട്ടത്തിന്റെ മുഖമുദ്രയായപ്പോള്‍, അത്തരമൊരു സമൂഹത്തിലേക്ക്‌ നിയോഗിക്കപ്പെട്ട ശുഐബ്‌ നബി(അ) വളരെയധികം ഗുണകാംക്ഷയോടെ സാമ്പത്തിക വിശുദ്ധിയിലേക്കും നീതിബോധത്തിലേക്കും ദൈവഭയത്തിലേക്കും തിരിച്ചുവരാന്‍ തന്റെ ജനതയെ ഉദ്‌ബോധിപ്പിച്ചു. ഇത്‌ ശുഐബ്‌ നബി(അ) നടത്തിയ ഇസ്വ്‌ലാഹീ പ്രവര്‍ത്തനമായിരുന്നു പ്രമാണബദ്ധമായി സംസാരിച്ചുകൊണ്ടുള്ള ഈ സംരംഭത്തെ ശുഐബ്‌ നബിയുടെ തന്നെ വാക്കുകളിലൂടെ അല്ലാഹു വിവരിക്കുന്നതിപ്രകാരം:
``എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവന്‍ എനിക്ക്‌ അവന്റെ വകയായി ഉത്തമമായ ഉപജീവനം നല്‌കുകയും ചെയ്‌തിരിക്കുന്നു. നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന്‌ വിലക്കുകയും എന്നിട്ട്‌ നിങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തനായിക്കൊണ്ട്‌ ഞാനത്‌ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന്‌ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. സാധ്യമായത്ര നന്മ വരുത്താനല്ലാതെ (ഇസ്വ്‌ലാഹ്‌ നിര്‍വഹിക്കാനല്ലാതെ) ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. അല്ലാഹു മുഖേന മാത്രമാണിതിന്‌ ഞാന്‍ മുന്നിട്ടിറങ്ങുന്നത്‌? (അഥവാ അവനാണ്‌ ഇതിനെനിക്ക്‌ ഉതവി ചെയ്‌തത്‌). അവന്റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിക്കുന്നത്‌. അവനിലേക്ക്‌ ഞാന്‍ വിനീതമായി മടങ്ങുകയും ചെയ്യുന്നു.'' (വി.ഖു 11:88)

ജീര്‍ണതയില്‍ ആണ്ടുകിടക്കുന്ന തന്റെ ജനതയെ ദൈവികമായ ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നന്നാക്കിയെടുക്കാനുള്ള ശുഐബ്‌ നബിയുടെ ഈ പരിശ്രമത്തെ `സലിഫസം' എന്ന്‌ പേരിട്ട്‌ സംഘടനാവല്‍കരിക്കുന്നത്‌ ശരിയല്ല. അങ്ങനെയാണെങ്കില്‍ `സലഫിസ'ത്തിന്റെ ഏത്‌ ഗ്രൂപ്പിലാണ്‌ ശുഐബ്‌ നബിയെ നാം ഉള്‍പ്പെടുത്തുക?

2. ഫിര്‍ഔന്റെ സ്വേച്ഛാധിപത്യത്തിനു കീഴില്‍ അധമ ജീവിതം നയിച്ച ബനൂഇസ്‌റാഈല്‍ വംശജരെ ഭൗതികമായി മോചിപ്പിക്കുകയും ആത്മീയമായി ശുദ്ധീകരിച്ചെടുക്കുകയും ചെയ്‌ത മൂസായുടെ (അ) കഥ ഖുര്‍ആനില്‍ വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്‌. ബനൂഇസ്‌റാഈല്യരെ തന്റെ സഹോദരനും പ്രവാചകനുമായ ഹാറൂനിനെ(അ) ഏല്‌പിച്ച്‌ മൂസാ(അ) തൗറാത്ത്‌ വാങ്ങാന്‍ പോയി. തിരിച്ചെത്തിയപ്പോള്‍ മൂസാ(അ) കാണുന്നത്‌ താന്‍ സംസ്‌കരിച്ചെടുത്ത ജനത വീണ്ടും ബഹുദൈവാരാധനകളുടെ ജീര്‍ണതയിലേക്ക്‌ മുഖംകുത്തി വീഴുകയും അവര്‍ ദൈവമെന്ന്‌ കരുതി ഒരു സ്വര്‍ണവിഗ്രഹത്തെ (കാളക്കുട്ടിയെ) പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നതാണ്‌, ഹാറൂന്‍നബി(അ)യേക്കാള്‍ വാഗ്‌വിലാസവും ദുസ്സാമര്‍ഥ്യവും ഉണ്ടായിരുന്ന സാമിരി എന്ന വ്യക്തിയാണ്‌ അസത്യത്തെ സത്യമായി അവതരിപ്പിച്ച്‌ കാളക്കുട്ടിയെ ആരാധിക്കുന്ന അവസ്ഥയിലേക്ക്‌ ആ ജനതയെ എത്തിച്ചത്‌. ഹാറൂന്‍നബിയുടെ വിലക്കുകളെയോ ഇടപെടലുകളെയോ അവര്‍ ഗൗനിച്ചതുമില്ല.

മൂസാ(അ) തിരിച്ചുവന്ന്‌ ഹൃദയഭേദകമായ ഈ രംഗം കണ്ട്‌ അക്ഷരാര്‍ഥത്തില്‍ `ചൂടായി'. ആദ്യം സഹോദരനോട്‌ ദേഷ്യപ്പെട്ടു. പ്രശ്‌നത്തിന്റെ ഗൗരവം തന്റെ ജനതയെ ശക്തമായി ബോധ്യപ്പെടുത്തി. ദൈവമായി ആരാധിക്കപ്പെട്ട സ്വര്‍ണകാളക്കുട്ടിയെ ചുട്ടെരിച്ച്‌ ഭസ്‌മമാക്കി കടലില്‍ തള്ളി. തിന്മക്ക്‌ നേതൃത്വം കൊടുത്ത സാമിരി എന്ന `പാതിരി'യെ സമൂഹത്തില്‍ നന്ന്‌ ഭ്രഷ്‌ടനാക്കി. ഒടുവില്‍ അവരെ സത്യശുദ്ധമായ തൗഹീദിന്റെ സരണിയിലേക്ക്‌ തിരിച്ചുകൊണ്ടുവന്ന്‌ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: ``നിങ്ങളുടെ ആരാധ്യന്‍ അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അവന്റെ അറിവ്‌ എല്ലാ കാര്യത്തെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു.'' (വി.ഖു 20:98)

ഇനി പറയൂ, മൂസാനബിയുടെ ഈ ഇസ്വ്‌ലാഹീ പ്രവര്‍ത്തനത്തെ നാം `സലഫിസം' എന്ന്‌ പേരിട്ട്‌ കൊച്ചാക്കണോ? ഇരുട്ടകറ്റി പ്രകാശം പരത്താനുള്ള പരിശ്രമത്തില്‍ ശുഐബില്‍(അ) നിന്ന്‌ തികച്ചും വ്യത്യസ്‌തവും കര്‍ക്കശവുമായ ശൈലി സ്വീകരിച്ച മൂസായെ(അ) നാം `സലഫിസത്തി'ലെ ഒരു പ്രത്യേക ഗ്രൂപ്പിന്റെ ലീഡറാക്കി അവരോധിക്കണോ? മറുപടി പറയേണ്ടത്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തെ `വെടക്കാക്കി തനിക്കാക്കാന്‍' ദിവാസ്വപ്‌നം കാണുന്ന മൗദൂദിസ്റ്റുകളാണ്‌.

3). മുന്‍കഴിഞ്ഞ പ്രവാചകന്മാര്‍ സ്ഥാപിച്ചെടുത്ത നന്മയെ പിന്നീട്‌ വന്ന അനുയായികള്‍ തിന്മയിലേക്ക്‌ പരിവര്‍ത്തിപ്പിച്ചപ്പോള്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌(സ) വന്ന്‌ അവരോട്‌ ഇപ്രകാരം പറഞ്ഞു: ``താഴ്‌മയോടും സ്വകാര്യമായും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ഥിക്കുക. പരിധി വിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുന്നതല്ല. ഭൂമിയില്‍ നന്മ വരുത്തിയതിന്‌ ശേഷം നിങ്ങളവിടെ നാശമുണ്ടാക്കരുത്‌. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടു കൂടിയും നിങ്ങളവനെ വിളിച്ചുപ്രാര്‍ഥിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍ക്കര്‍മകാരികള്‍ക്ക്‌ സമീപസ്ഥമാകുന്നു.'' (7:55,56)

നബി(സ) അന്‍പത്തി മൂന്ന്‌ വര്‍ഷക്കാലം ജീവിച്ച മക്കയില്‍ ഉണ്ടായിരുന്നത്‌ പ്രവാചകനായ ഇബ്‌റാഹീം, ഇസ്‌മാഈല്‍ (അ) സന്തതികളും ഈ പ്രവാചകന്മാരുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവരുമായിരുന്നു. നബി(സ) പത്ത്‌ വര്‍ഷക്കാലം ജീവിച്ച മദീനയാകട്ടെ മൂസാ, ഈസാ(അ)ന്റെ അനുയായികളും പിന്മുറക്കാരും ധാരാളമായി അധിവസിച്ച പ്രദേശമായിരുന്നു. എന്നാല്‍ മക്കയിലും മദീനയിലുമുണ്ടായിരുന്ന ഈ മതസമൂഹങ്ങള്‍ അവര്‍ അഭിമാനം കൊള്ളുന്ന മതപാരമ്പര്യത്തിന്റെ മൗലിക വിശുദ്ധിയില്‍ നിന്നും ബഹുദൂരം അകന്നുപോകുകയും ഇബ്‌റാഹീം, ഇസ്‌മാഈല്‍, മൂസാ, ഈസാ തുടങ്ങിയ പ്രവാചകന്മാര്‍ കൊളുത്തിവെച്ച തൗഹീദിന്റെ ദീപശിഖ ഊതിക്കെടുത്തുകയും ചെയ്‌തിരുന്നു. ഏകദൈവാരാധന പ്രബോധനം ചെയ്യാന്‍, ചരിത്രത്തില്‍ തുല്യതയില്ലാത്ത കഷ്‌ടനഷ്‌ടങ്ങള്‍ സഹിച്ച മഹാനായ ഇബ്‌റാഹീം നബി(അ)യുടെ പ്രതിമയായിരുന്നു മക്കാ നിവാസികളുടെ പ്രധാന ആരാധനാമൂര്‍ത്തി! പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നീ ത്രിത്വ ദൈവസങ്കല്‌പങ്ങളെയും മറിയം ബീവി, ഉസൈര്‍ തുടങ്ങിയ മഹത്തുക്കളെയും ആരാധനാ മൂര്‍ത്തികളാക്കുന്നവരായിരുന്ന മദീനയിലെ യഹൂദരും ക്രൈസ്‌തവും ഒരു മതകീയ ജീവിതം മദീനാ നിവാസികളില്‍ ബഹുഭൂരിഭാഗത്തിനും അചിന്ത്യമായിരുന്നു! മുന്‍കാല പ്രവാചന്മാര്‍ പ്രകാശിപ്പിച്ച ഏകദൈവത്വ വിളക്കുമാടം തല്ലിത്തകര്‍ത്ത്‌ തല്‍സ്ഥാനത്ത്‌ ബഹുദൈവത്വത്തിന്റെയും മറ്റനേകം ജീര്‍ണതകളുടെയും കൂരിരുട്ട്‌ കരിമ്പടം പുതച്ചുറങ്ങുന്ന ദയനീയവും ഭീകരവുമായ അവസ്ഥ സംജാതമായി. ഇത്തരമൊരു സാഹചര്യത്തിലാണ്‌ സമൂഹത്തില്‍ പടര്‍ന്നുകയറിയ ഇരുളകറ്റി പ്രകാശം പരത്താന്‍ പതിമൂന്ന്‌ വര്‍ഷക്കാലം മക്കയിലും പത്ത്‌ വര്‍ഷക്കാലം മദീനയിലും മുഹമ്മദ്‌ നബി(സ) പണിയെടുത്തത്‌.

ഇനി പറയൂ! ലോകാവസാനം വരെയുള്ള ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക്‌ ആവേശവും മാതൃകയുമായ ഇസ്വ്‌ലാഹീ പ്രവര്‍ത്തനമല്ലാതെ മറ്റെന്താണ്‌ തിരുദൂതര്‍ മക്കയിലും മദീനയിലും നിര്‍വഹിച്ചത്‌? മതസമൂഹത്തിലും പൊതുസമൂഹത്തിലും അടിഞ്ഞുകൂടിയ ജീര്‍ണതയാകുന്ന ഇരുട്ടകറ്റാന്‍ പ്രമാണബദ്ധമായി പ്രവര്‍ത്തിച്ച പ്രവാചകനെ നാം `സലഫിസ'ത്തിന്റെ ഉപജ്ഞാതാവ്‌ എന്നും `സലഫിസ'ത്തിലെ ഒരു കാലഘട്ടത്തിലെ ഒരു ഗ്രൂപ്പിന്റെ നേതാവെന്നും പറഞ്ഞ്‌ ഇകഴ്‌ത്തണോ? ഇസ്വ്‌ലാഹീ പ്രവര്‍ത്തനത്തിലൂടെ ഇസ്‌ലാമിക പ്രബോധനം നടത്തുന്നവരെ അടച്ചാക്ഷേപിക്കാന്‍ രംഗത്തുവരാന്‍ ശ്രമിക്കുന്ന മതരാഷ്‌ട്രവാദക്കാരായ മൗദൂദിസ്റ്റുകളാണ്‌ മറുപടി എഴുതേണ്ടത്‌. അന്ധകാരങ്ങളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ നയിക്കുകയാണ്‌ അന്ത്യപ്രവാചകന്റെയും അന്തിമ വേദഗ്രന്ഥത്തിന്റെയും ലക്ഷ്യമെന്ന്‌ ഖുര്‍ആന്‍ തന്നെ 14:1 ല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും അറിയുക! ഇസ്വ്‌ലാഹീ പ്രസ്ഥാനം ലോകാടിസ്ഥാനത്തിലും മുജാഹിദ്‌ പ്രസ്ഥാനം കേരളത്തിലും ഇതഃപര്യന്തം ചെയ്‌തുകൊണ്ടിരിക്കുന്നതും ഇരുളകറ്റി വെളിച്ചം പരത്താനുള്ള മതകീയ നവോത്ഥാനം തന്നെയാണ്‌. ആര്‌ തന്നെ കണ്ണടച്ചിരുട്ടാക്കിയാലും ഈ സത്യം തമസ്‌കരിക്കാനാവില്ല.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews