അൽബാനി ശിയാക്കളുടെ മഹ്ദി വാദം പ്രചരിപ്പിക്കുന്നു !!
ലോകാവസാനത്തിന് മുമ്പ് മഹ്‌ദീ ഇമാം വരികയും അദ്ദേഹം ലോകത്ത് നീതി നടപ്പാക്കുകയും ചെയ്യുമെന്ന വിശ്വാസം ശീഅകളാണ് മുസ്‌ലിംലോകത്ത് ആദ്യം പ്രചരിപ്പിച്ചത്. ഇപ്രകാരം വരുന്ന മഹ്‌ദിയുടെ പേര് നബിയുടെ നാമമായിരിക്കുമെന്നും അദ്ദേഹം നബികുടുംബത്തില്‍ പെട്ടവനായിരിക്കുമെന്നും അവര്‍ വാദിച്ചു. അതിനുവേണ്ടി ഒട്ടേറെ വ്യാജഹദീസുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. സയ്യിദ് റശീദ് റിദാ(റ) ഈ ഹദീസുകളെയെല്ലാം പഠനവിധേയമാക്കിയ ശേഷം അവയൊക്കെ ദുര്‍ബലങ്ങളാണെന്ന് വിധിച്ചു. മഹ്‌ദിയുടെ ആഗമനത്തെ സ്വപ്‌നം കാണുന്നവരോട് അദ്ദേഹത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തുന്നത് കാണാവുന്നതാണ്. അന്ധവിശ്വാസങ്ങളോട് സന്ധിയില്ലാസമരം നടത്തുന്ന മുജാഹിദ് പ്രസ്ഥാനം ഈ ദൃഢവിശ്വാസത്തെ പൂര്‍ണമായും തള്ളിക്കളയുന്നു. അല്‍മനാര്‍ മാസികയില്‍ എഴുതുന്നു: “അവസാനകാലം ഒരു മഹ്‌ദി വരും, അയാള്‍ ഫാത്വിമിയായിരിക്കും. അയാള്‍ ഇസ്‌ലാമിനെ പുനസ്ഥാപിക്കും, നീതിനിഷ്‌ഠവും ദൈവികവുമായ ഭരണം നടത്തും എന്നെല്ലാമുള്ള ഫാത്വിമികള്‍ പരത്തിയ ധാരണയെ പറ്റിയുള്ള അടിസ്ഥാനരേഖകള്‍ അതീവ ദുര്‍ബലങ്ങളാണ്.” (പുസ്‌തകം 41, ലക്കം 2)
ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സമീപനം ഇതിനു വിരുദ്ധമാണ്. അദ്ദേഹം മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ച് സുവിശേഷമറിയിച്ചിരുന്നു. തന്റെ സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹയിലും ബലഹീനമായവയുടെ പരമ്പരയിലും അദ്ദേഹം മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ചുള്ള നിവേദനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബലഹീനതകളില്ലാത്ത ഒരു നിവേദനവും ഈ വിഷയത്തിലില്ല. ശൈഖ് റശീദ് റിദാ തന്റെ ഖുര്‍ആന്‍ വിവരണത്തില്‍ മഹ്‌ദിയെക്കുറിച്ച് വന്ന മുഴുവന്‍ നിവേദനങ്ങളെയും വിശകലനം ചെയ്യുകയും അവയിലുള്ള ബലഹീനത ചൂണ്ടിക്കാണിക്കുകയും ചെയ്‌തിട്ടുണ്ട്. ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി അവയില്‍ ചിലതിനെ ബാലിശമായ ന്യായീകരണങ്ങളിലൂടെ പ്രബലങ്ങളാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സില്‍സിലത്തുല്‍ അഹാദീസുസ്സ്വഹീഹയിലെ 2293-ാം നമ്പര്‍ ഹദീസ് ഒരു ഉദാഹരണമാണ്: “നമ്മുടെ കൂട്ടത്തില്‍ ഒരാളുണ്ട്. അയാളുടെ പിന്നില്‍ മര്‍യമിന്റെ മകന്‍ ഈസ നമസ്‌കരിക്കുന്നതാണ്.” (5:371) ബലഹീനമായ ഈ നിവേദനം അല്‍ബാനി സ്വഹീഹ് എന്ന് വിധിക്കുന്നു. അതിന് അദ്ദേഹം നല്‌കുന്ന കാരണം നോക്കുക:
“സുയൂത്വി തന്റെ അല്‍ജാമിഅ് എന്ന ഗ്രന്ഥത്തില്‍ അബൂനഈമിലേക്ക് ഈ നിവേദനത്തെ ചേര്‍ത്തിപ്പറഞ്ഞിട്ടുണ്ട്. കിതാബുല്‍ മഹ്‌ദി എന്ന കൃതിയില്‍ അദ്ദേഹം അബൂസഈദില്‍ നിന്ന് ഇതിനെ ഉദ്ധരിച്ചതായി പറയുന്നു. ഈ ഹദീസിനെക്കുറിച്ച് അല്‍മനാവി `ദുര്‍ബലം (ദ്വഈഫ്) എന്ന് പറഞ്ഞിട്ടുണ്ട്. ഈ ഹദീസിന്റെ സനദ് കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും ഈ ഹദീസ് എന്റെയടുക്കല്‍ സ്വഹീഹാണ്. കാരണം ഇത് മറ്റു ഹദീസുകളില്‍ ശകലങ്ങളായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ 5:371)
നോക്കൂ, സനദ് കാണുക പോലും ചെയ്യാതെ ശൈഖ് അല്‍ബാനി ഹദീസ് പ്രബലമാണെന്ന് വിധിക്കുന്നു! സനദ് പരിശോധിച്ച ശേഷം അത് ബലഹീനമാണെന്ന് എഴുതിയ പ്രമുഖനായ ഹദീസ് പണ്ഡിതന്റെ വാക്ക് അദ്ദേഹം നിരാകരിക്കുകയും ചെയ്യുന്നു!
മഹ്‌ദിയെക്കുറിച്ചുള്ള ഹദീസുകളെല്ലാം ഇപ്രകാരം ദുര്‍ബലങ്ങളാണ്. അതിനാല്‍ നാം അവയെ തള്ളിക്കളയുന്നു. എന്നാല്‍ വിഘടിതരുടെ അഭിനവ മുജ്‌തഹിദ് ഉറക്കവുമൊഴിച്ച് മഹ്‌ദിയുടെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുന്നു. അതിനിടെ `മഹ്‌ദി വരില്ലെന്ന്’ അദ്ദേഹത്തോട് പറയുന്ന കേരള സലഫികളെയും റശീദ് റിദായെയും മറ്റുമെല്ലാം അദ്ദേഹം അധിക്ഷേപിക്കുന്നു.
“യഥാര്‍ഥത്തില്‍ മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ചുള്ള ഹദീസുകള്‍ മുഴുവനും വ്യാജമാണെന്ന റശീദ് റിദയുടെ സൂക്ഷ്‌മതയില്ലാത്ത അഭിപ്രായങ്ങളെ തെളിവുനോക്കാതെ പിന്തുടര്‍ന്നതാണ് ഇക്കാര്യത്തില്‍ കേരള സലഫികള്‍ക്കു പറ്റിയ അബദ്ധം. ജമാഅത്തുകാര്‍ വിവര്‍ത്തനം ചെയ്‌ത് പ്രസിദ്ധീകരിച്ച മഹ്‌ദി എന്ന മിഥ്യ എന്ന കൃതിയും നമ്മുടെ ആളുകളെ സ്വാധീനിച്ചു. എന്നാല്‍ മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ചുള്ള ഹദീസുകള്‍ പ്രബലവും സ്വീകാര്യവുമാണെന്ന് ലോകപ്രസിദ്ധ മുഹദ്ദിസായ നാസ്വിറുദ്ദീന്‍ അല്‍ബാനിയും ഗള്‍ഫിലെ ദാറുല്‍ഇഫ്‌ത്വായും വ്യക്തമാക്കിയിട്ടുണ്ട്.” (കെ കെ സകരിയ്യ സ്വലാഹി, ഗള്‍ഫ്‌സലഫിസവും കേരളത്തിലെ ഇസ്‌ലാഹീപ്രസ്ഥാനവും, പേജ് 92,93)
നോക്കൂ, നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ അബദ്ധവീക്ഷണങ്ങളെ അനുകരിക്കാന്‍ വേണ്ടി മുജാഹിദ് പ്രസ്ഥാനത്തെ തന്നെ തള്ളിക്കളയുന്നു. മുജാഹിദുകളെല്ലാം റശീദ് രിദായെ തെളിവ് നോക്കാതെ പിന്തുടരുന്നവര്‍ (മുഖല്ലിദുകള്‍) ആണെന്ന് വാദിക്കുന്നു. മാത്രമല്ല, മുജാഹിദുകള്‍ തങ്ങളുടെ വിശ്വാസകാര്യങ്ങളില്‍ പോലും ജമാഅത്തുകാരുടെ കൃതികളെ അനുഗമിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു.
അല്‍ബാനീപ്രേമം ഇവരെ എങ്ങോട്ടാണ് നയിക്കുന്നത്?
© 🅼︎🅼︎🆅︎єиgαяα