മലയാള ഖുത്വ്‌ബ, ഖുര്‍ആന്‍ പരിഭാഷ ഇന്നും തുടരുന്ന വിരോധത്തിനു പിന്നില്‍

ഭാഷ മനുഷ്യന്‌ അല്ലാഹു നല്‍കിയ പ്രത്യേകതയും വലിയ അനുഗ്രഹവുമാണ്‌. ജന്തുക്കള്‍ ആശയവിനിമയം നടത്തുന്നത്‌ അവയ്‌ക്ക്‌ അല്ലാഹു നല്‍കിയ ജന്മബോധത്തിന്റെ അടിസ്ഥാനത്തിലാണ്‌. അവയുടെ ആശയവിനിമയോപാധി കാലപ്പകര്‍ച്ചയ്‌ക്ക്‌ വിധേയമാകാതെ, മാറ്റങ്ങളേതുമില്ലാതെ തുടരുകയാണ്‌. മനുഷ്യന്‍ അങ്ങനെയല്ല. മനുഷ്യന്‍ പുതിയ പുതിയ ആശയങ്ങള്‍ ആവിഷ്‌കരിച്ച്‌ മറ്റുള്ളവരിലേക്ക്‌ സംവേദനം ചെയ്യുന്നു. ഇതിനുപയോഗിക്കുന്ന മാധ്യമം ഭാഷയാണ്‌. ഭാഷാബോധം ജന്മസിദ്ധമാണെങ്കിലും അതില്‍ നിരന്തരം മാറ്റങ്ങളും പഠനഗവേഷണങ്ങളും പുരോഗതികളും ഉണ്ടാകുന്നു. ഭാഷകള്‍ പുതുതായി ജനിക്കുന്നു. ചില ഭാഷകള്‍ മരിക്കുന്നു. ചിലത്‌ പരിവര്‍ത്തനവിധേയമാകുന്നു. ചിലതെങ്കിലും മാറ്റമില്ലാതെ തുടരുന്നു. `ഭാഷ'യെ സംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും (ലിംഗ്വിസ്റ്റിക്‌സ്‌) ഇന്ന്‌ ഒരു ശാസ്‌ത്രശാഖയായി വികസിച്ചിരിക്കുന്നു. ലോകത്ത്‌ മൂവ്വായിരത്തിലേറെ ഭാഷകള്‍ ഉണ്ടത്രേ. ഭാഷാഭേദങ്ങള്‍ വേറെയും. ഇത്രയേറെ ഭാഷകള്‍ ഉണ്ടായിട്ടും മനുഷ്യന്‍ പുരോഗതിപ്പെടുന്നു. ഇത്‌ ദൈവികദൃഷ്‌ടാന്തമല്ലാതെ മറ്റെന്താണ്‌? ഭാഷകളുടെയും നമ്മുടെയും സ്രഷ്‌ടാവായ അല്ലാഹു പറയുന്നു: ``ആകാശഭൂമികളുടെ സൃഷ്‌ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌'' (30:22). ഒരു ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ആശയം ഇതര ഭാഷക്കാര്‍ക്ക്‌ മനസ്സിലാകത്തക്കവണ്ണം ഭാഷാന്തരണം നടത്തുക എന്നത്‌ ഭാഷാവൈവിധ്യത്തിന്റെ അനിവാര്യതകളിലൊന്നാണ്‌. വിവിധ ഭാഷക്കാരെ കൂട്ടിയിണക്കുന്ന കണ്ണിയാണ്‌ ഭാഷാന്തരണം (ട്രാന്‍സ്‌ലേഷന്‍). ഐക്യരാഷ്‌ട്രസഭയിലെ ആശയവിനിമയം മുതല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ചോദിച്ചു മനസ്സിലാക്കുന്ന സാധാരണക്കാരന്‍ വരെ ഭാഷാന്തരണത്തിന്റെ കണ്ണികളാണ്‌. `നാനാത്വത്തില്‍ ഏകത്വം' കാണുന്ന ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സഭ (പാര്‍ലമെന്റ്‌) ഭാഷാവൈവിധ്യത്തിന്റെയും ഭാഷാന്തരണത്തിന്റെയും മികച്ച ഉദാഹരണമാണ്‌.

 ദൈവികമതമെന്ന നിലയില്‍ ഇസ്‌ലാമിനും അതംഗീകരിച്ച മുസ്‌ലിംസമൂഹത്തിനും ഭാഷയും ഭാഷാന്തരണവും പ്രത്യേകം ശ്രദ്ധാര്‍ഹമായ വിഷയങ്ങളാണ്‌. ഇസ്‌ലാം ലോകത്തിന്റെ മതമാണ്‌; മനുഷ്യര്‍ക്കുള്ളതാണ്‌. ലോകത്ത്‌ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്‌ അറബി ഭാഷയിലാണ്‌. അന്ത്യപ്രവാചകന്റെ ഭാഷ അറബിയായിരുന്നു. പ്രവാചക ചര്യ അറബിയില്‍ രേഖപ്പെട്ടു കിടക്കുന്നു. ഇസ്‌ലാം അറബികള്‍ക്ക്‌ മാത്രമുള്ളതല്ല. എങ്കില്‍ ഇതര സമൂഹങ്ങളിലേക്ക്‌ ഇസ്‌ലാം എത്തിച്ചേരാന്‍ എന്താണ്‌ വഴി? ഒന്നുകില്‍ അറബിഭാഷ പഠിച്ച്‌ അനറബികള്‍ ഇസ്‌ലാം മനസ്സിലാക്കുക. അല്ലെങ്കില്‍ ഇസ്‌ലാമികാശയങ്ങള്‍ ഇതര ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തി ഇക്കാര്യം സാധിക്കുക. ഇത്‌ രണ്ടും ചരിത്രത്തില്‍ നടന്നുവരുന്ന കാര്യങ്ങളാണ്‌. പ്രവാചക വിയോഗ ശേഷം ഇസ്‌ലാം പ്രചരിച്ച പല നാടുകളിലും അറബിഭാഷയും പ്രചരിച്ചു. ചിലേടങ്ങളില്‍ പ്രാദേശിക ഭാഷയെ അറബി ആദേശം ചെയ്‌തു. ചില അറബി ഭാഷാഭേദങ്ങള്‍ ഖുര്‍ആനിന്റെ ആഗമനത്തോടെ ക്ലാസിക്‌ ഭാഷയ്‌ക്ക്‌ വഴിമാറിക്കൊടുത്തു. എന്നാല്‍ വിദൂരദിക്കുകളിലെ, പ്രത്യേകിച്ചും സെമിറ്റിക്‌ ഭാഷാ കുടുംബത്തില്‍ പെടാത്ത, ഭാഷകളിലേക്ക്‌ ഇസ്‌ലാമികാശയങ്ങള്‍ ഭാഷാന്തരണം നടത്തേണ്ടിവന്നു. ഇന്നും ഈ പ്രക്രിയ അഭംഗുരം തുടരുന്നു. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രവാചകന്മാരുടെ ചരിത്രവുമെല്ലാം ലോകത്ത്‌ പ്രചരിച്ചതിങ്ങനെയാണ്‌. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്‌. അത്‌ ഭാഷാന്തരണം നടത്താന്‍ പാടുണ്ടോ? ഖുര്‍ആന്‍ പരിഭാഷ ഖുര്‍ആനാകുമോ? ഇത്യാദി സംശയങ്ങളും ആശങ്കകളും എക്കാലത്തും ഉണ്ടായിട്ടുണ്ട്‌.



ഒരു സമൂഹത്തിന്റെ മാതൃഭാഷ അറബിയല്ല എന്നത്‌, ദൈവികനിര്‍ദേശങ്ങള്‍ അവര്‍ക്ക്‌ ലഭിക്കാതിരിക്കാന്‍ കാരണമായിക്കൂടാ. ഖുര്‍ആനിന്റെ മഹത്വം പരിഭാഷകള്‍ക്കില്ലെങ്കിലും ഖുര്‍ആനിന്റെ ആശയം ജനങ്ങള്‍ക്കെത്തിക്കാന്‍ ഇതുതന്നെയാണ്‌ വഴി. ഈ യാഥാര്‍ഥ്യം ലോകം തിരിച്ചറിഞ്ഞു. ലോകത്തിലെ എല്ലാ ഭാഷകളിലും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. നമ്മുടെ കൊച്ചുമലയാളത്തിലും. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം കടന്നുവന്ന കേരളക്കരയില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍, മറ്റെല്ലാ സ്ഥലങ്ങളിലുമെന്ന പോലെ, മുസ്‌ലിംകള്‍ പ്രമാണങ്ങളില്‍ നിന്നകലുകയും ആദര്‍ശം നാമമാത്രമായിത്തീരുകയും ചെയ്‌തു. തത്‌ഫലമായി മുസ്‌ലിംസമൂഹം പിന്നാക്കത്തിന്റെ പിന്നണിയിലായിത്തീര്‍ന്നു. മുസ്‌ലിം സമൂഹത്തെ പ്രമാണങ്ങളിലേക്ക്‌ തിരിച്ചുകൊണ്ട്‌ പ്രബുദ്ധമാക്കാന്‍ വേണ്ടിയുള്ള നവോത്ഥാനയജ്ഞം, മറ്റെല്ലാ സ്ഥലങ്ങളിലുമെന്ന പോലെ, ഇവിടെയും ആരംഭിച്ചു. ഒരു നൂറ്റാണ്ടു മുമ്പ്‌ തുടങ്ങിയ ഇസ്‌ലാഹീ പ്രവര്‍ത്തനം ഇന്നും തുടരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആശയം ജനങ്ങളെ പഠിപ്പിച്ചുകൊണ്ടായിരുന്നു ഇസ്‌ലാഹിന്റെ തുടക്കം. മതം പഠിച്ച പുരഹോതിനും കേവലചടങ്ങുകള്‍ ചെയ്‌ത്‌ സായൂജ്യമടയുന്ന സാധാരണക്കാരനുമെന്ന സങ്കല്‌പമല്ല ഇസ്‌ലാമിന്റേത്‌. `എല്ലാവരും പഠിക്കുക; എല്ലാവരും പ്രവര്‍ത്തിക്കുക. താന്‍ പ്രവര്‍ത്തിച്ചതുമാത്രമേ ഓരോ വ്യക്തിക്കും ലഭിക്കൂ. ഒരാളുടെ പാപഭാരം വേറൊരാള്‍ പേറേണ്ടിവരില്ല. ആര്‍ക്കും മറ്റൊരാളെ പരലോകത്ത്‌ രക്ഷിക്കാനാവില്ല.' (53:38,29) ഈ അടിസ്ഥാനതത്വം ഇസ്വ്‌ലാഹീ പ്രസ്ഥാനം ജനങ്ങളെ പഠിപ്പിച്ചു. യാഥാസ്ഥിതികതയില്‍ മൂടുറച്ച സമൂഹവും അവര്‍ക്ക്‌ നേതൃത്വം നല്‌കിയിരുന്ന അല്‌പജ്ഞരായ പണ്ഡിതന്മാരും ഈ ആദര്‍ശത്തെ ശക്തമായി എതിര്‍ത്തു. എതിര്‍പ്പിന്റെ ആദ്യമുനയേറ്റത്‌ ഖുര്‍ആന്‍ പരിഭാഷയ്‌ക്കു നേരെയാണ്‌. ഖുര്‍ആനിലെ നിയമനിര്‍ദേശങ്ങള്‍ സാധാരണക്കാര്‍ അറിയുന്നത്‌ അപകടകരമാണെന്ന്‌ തിരിച്ചറിഞ്ഞ നേതൃത്വം പക്ഷേ, പുറത്തുപറഞ്ഞത്‌ വിശുദ്ധ ഖുര്‍ആനിന്റെ പവിത്രതയാണ്‌. നിത്യപ്രാര്‍ഥനയ്‌ക്ക്‌ (നമസ്‌കാരം) ആവശ്യമായ സൂറത്തുല്‍ഫാതിഹ പോലും ആശയം അറിയേണ്ടതില്ല എന്ന്‌ വ്യക്തമായി എഴുതിയ പണ്ഡിതന്മാര്‍ മണ്‍മറഞ്ഞുപോയി. എന്നാല്‍ എതിര്‍പ്പിന്റെ കുത്തൊഴുക്കില്‍ പിടിച്ചുനിന്ന്‌, ഒഴുക്കിനെതിരെ നീന്തി, ഖുര്‍ആന്‍ ആശയം പഠിപ്പിക്കുന്ന ഇസ്‌ലാഹി പണ്ഡിതന്മാരുടെ ക്ലാസുകളിലൂടെ കേരള ജനത ദൈവിക നിര്‍ദേശങ്ങളുടെ അകംപൊരുള്‍ അറിഞ്ഞുതുടങ്ങി.

എന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ ലിഖിത പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. കേരളത്തില്‍ ആദ്യമായി മായിന്‍കുട്ടി എളയാ എന്ന പണ്ഡിതന്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയെങ്കിലും അത്‌ വെളിച്ചം കാണിക്കാന്‍ പോലും യാഥാസ്ഥിതികര്‍ അനുവദിച്ചില്ല. പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഇന്ന്‌ കേരളത്തില്‍ മൂന്നു ഡസനിലേറെ ഖുര്‍ആന്‍ പരിഭാഷകളുള്ളതില്‍ മുജാഹിദ്‌ പ്രസ്ഥാനവുമായി ബന്ധമുള്ളത്‌ മൂന്നോ നാലോ മാത്രമേയുള്ളൂ. ഇത്‌ പരിഭാഷാ പരിവര്‍ത്തനത്തിന്റെ ഒരു കൊടുങ്കാറ്റായിരുന്നു. പരിഭാഷാ വിരോധ ചരിത്രത്തിന്റെ ഈ നാള്‍വഴികള്‍ ഇന്നത്തെ തലമുറയ്‌ക്ക്‌ ഓര്‍മയുടെ പരിധിക്കു പുറത്താണ്‌. ഇത്‌ ഓര്‍ക്കാതിരിക്കാന്‍, ഓര്‍മയുള്ളവര്‍, ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു. പരിഭാഷയുമായി ബന്ധപ്പെട്ട്‌ മുസ്‌ലിം സമൂഹത്തിന്നിടയില്‍ ചര്‍ച്ചയായ മറ്റൊരു പ്രധാനവിഷയം ജുമുഅ ഖുത്വ്‌ബയാണ്‌. ആഴ്‌ചയിലൊരിക്കല്‍ ഓരോ പ്രദേശത്തുമുള്ള മുസ്‌ലിംകള്‍ പള്ളികളില്‍ ഒത്തുകൂടുന്നു. ഈ ഒത്തുകൂടലിന്‌ ജുമുഅ എന്ന്‌ പറയുന്നു. ഇതൊരു നിര്‍ബന്ധകര്‍മമാണ്‌. സജീവമായ സമൂഹസൃഷ്‌ടിക്കു വേണ്ടി ഇസ്‌ലാം നിശ്ചയിച്ച ക്രിയാത്മകമായ ഒരു സംവിധാനം. ഇതൊരാരാധനയാണ്‌. നിര്‍ബന്ധ നമസ്‌കാരമായ ദുഹ്‌റിന്റെ നേരത്താണ്‌. ഇമാം ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക; തുടര്‍ന്ന്‌ രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. വിശുദ്ധ ഖുര്‍ആനില്‍ (62:9-11) ഇക്കാര്യം സാമാന്യമായി പറഞ്ഞു. നബിചര്യ ഇത്‌ പ്രായോഗികമായി വിവരിച്ചു. ``ഉദ്‌ബോധനം ജനങ്ങള്‍ക്ക്‌ മനസ്സിലാകേണ്ടതുണ്ടോ അതോ അറബിയില്‍ ഉരുവിടുന്ന ഒരു കേവല ചടങ്ങോ?'' ഇതാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഒരുപാടു കാലം നിലനിന്നിരുന്ന ഒരു ചര്‍ച്ച! നബി(സ) പത്ത്‌ വര്‍ഷത്തോളം ജുമുഅയ്‌ക്ക്‌ നേതൃത്വം നല്‍കി. അഞ്ഞൂറില്‍ പരം ഖുത്വ്‌ബകള്‍ നിര്‍വഹിച്ചു. പ്രവാചകന്റെ ഓരോ അടക്കവും അനക്കവും രേഖപ്പെടുത്തിയും ഓര്‍മയില്‍ വച്ചും കാത്തുസൂക്ഷിച്ച സ്വഹാബികള്‍, പക്ഷേ നബി(സ)യുടെ ഒരൊറ്റ ഖുത്വ്‌ബയും രേഖപ്പെടുത്തിവെച്ചില്ല. അതിന്നര്‍ഥം, സന്ദര്‍ഭോചിതമായ ഉദ്‌ബോധനങ്ങളായിരുന്നു അവ എന്നാണ്‌. ഈ ചര്യ പിന്‍പറ്റി ഓരോ കാലത്തെയും ഇമാമുകള്‍ ജുമുഅയില്‍ ജനങ്ങള്‍ക്ക്‌ അവരുടെ ഭാഷയില്‍ ഉദ്‌ബോധനം നല്‍കിക്കൊണ്ടിരിക്കണം എന്ന്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം ജനങ്ങളെ പഠിപ്പിച്ചു. അത്‌ ജനങ്ങള്‍ക്ക്‌ ഏറെക്കുറെ മനസ്സിലാവുകയും ചെയ്‌തു. ഇങ്ങനെ പറയേണ്ടി വന്ന പശ്ചാത്തലം കൂടി മനസ്സിലാക്കുന്നത്‌ നന്ന്‌. നബി(സ) ജുമുഅ ഖുത്വ്‌ബയില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഖുലഫാഉര്‍റാശിദ അത്‌ തുടര്‍ന്നു. നബി ചെയ്‌ത ഖുത്വ്‌ബ അവര്‍ ആവര്‍ത്തിക്കുകയായിരുന്നില്ല. (പ്രവാചകന്റെ ആ പുണ്യവചനങ്ങള്‍ ലഭ്യമായിരുന്നുമില്ല). പില്‍ക്കാലത്തും അത്‌ തുടര്‍ന്നു. കാലം പിന്നിട്ടപ്പോള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വവും ഭരണകൂടവുമൊക്കെ നാമമാത്രമായിത്തീര്‍ന്നു. ഖുര്‍ആനും ഹദീസും ഉദ്ധരിച്ച്‌ ഉല്‍ബോധനം നടത്താന്‍ പോലും കെല്‍പില്ലാത്ത `ഇമാമുകള്‍' വര്‍ധിച്ചു. ജുമുഅകള്‍ ചടങ്ങുകളായി മാറി. ചില പ്രഗത്ഭ പണ്ഡിതന്മാര്‍ തങ്ങളുടെ ജുമുഅ ഖുത്വ്‌ബകള്‍ രേഖപ്പെടുത്തിവച്ചിരുന്നു. ആ `ഏടുകള്‍' വായിച്ചുകൊണ്ട്‌ ജുമുഅ ഖുത്വ്‌ബയെന്ന `കടമ' തീര്‍ത്തിരുന്നവര്‍ ഏറെ. കേരളത്തിലെ പള്ളികളില്‍ ഇബ്‌നുനബാത അല്‍മിസ്‌രിയുടെ ഖുത്വ്‌ബ സമാഹാരം വായിക്കലായിരുന്നു പതിവ്‌. അത്‌ കടുകട്ടി സാഹിത്യമായിരുന്നു. ഇക്കാലത്തേക്ക്‌ പറ്റിയതല്ല. ഇന്നാട്ടിലേക്ക്‌ യോജിച്ചതല്ല. കാരണം അത്‌ ആ പണ്ഡിതന്‍ അദ്ദേഹത്തിന്റെ കാലത്ത്‌ ഈജിപ്‌തിലേക്ക്‌ വേണ്ടി തയ്യാറാക്കിയ കാലിക പ്രഭാഷണങ്ങളായിരുന്നു.

`അറബ്‌ ഭാഷയിലുള്ള എന്തെങ്കിലും മതി' എന്ന ഒരു രീതിയിലേക്ക്‌ സമുദായം അധപ്പതിച്ച സന്ദര്‍ഭത്തിലാണ്‌ എന്താണ്‌ ജുമുഅയുടെ ഉദ്ദേശ്യമെന്നും എങ്ങനെയാണ്‌ ഖുത്വ്‌ബ എന്നും കേരളക്കാര്‍ക്ക്‌ കാണിച്ചുകൊടുക്കാന്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം നിര്‍ബന്ധിതമായത്‌. ജുമുഅ ഖുത്വ്‌ബയുടെ ആവശ്യകത ഉള്‍ക്കൊണ്ട സാത്വികരായ നിരവധി പണ്ഡിതന്മാര്‍ കേരളത്തില്‍ അന്നും ഉണ്ടായിരുന്നു. പള്ളിയിലെ ഇമാമുകള്‍ എല്ലാവരും ജനങ്ങളെ സന്ദര്‍ഭോചിതം ഉദ്‌ബോധിപ്പിക്കാന്‍ (ആഴ്‌ചതോറും) അശക്തരാണെന്ന്‌ ബോധ്യമുള്ളവര്‍ പ്രായോഗികമായ ഒരു പരിഹാരമെന്ന നിലയില്‍ നിലവിലുള്ള `നബാത്തീഖുതുബ' മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി അറബി മലയാള ലിപിയില്‍ പ്രസിദ്ധപ്പെടുത്തി. വൈലത്തൂര്‍ ഞവനേക്കാട്‌ പുതിയ വീട്ടില്‍ മൂലയില്‍ മുഹ്‌യിദ്ദീന്‍ മൗലവി അല്‍യാഖൂത്തുല്‍ അത്വിയ്യ അലല്‍ ഖുതബിന്നബാത്തിയ്യ ബില്ലുഗത്തില്‍ മലൈബാരിയ്യ എന്ന പേരിലാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചത്‌ (നൂറു വര്‍ഷം മുമ്പ്‌ ഹിജ്‌റ 1320ലാണിത്‌ എന്നോര്‍ക്കുക). കേരളത്തിലെ മിക്ക പള്ളികളിലും ഈ `ഖുത്വ്‌ബപരിഭാഷ' (പരിഭാഷപ്പെടുത്തിയ ഖുത്വ്‌ബ) ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രമുഖരായ പണ്ഡിതന്മാര്‍ ഖുത്വ്‌ബ നിര്‍വഹിച്ചിരുന്നത്‌ മാതൃഭാഷയിലായിരുന്നു. അവര്‍ക്ക്‌ പരിഭാഷയുടെ ആവശ്യമില്ലായിരുന്നു. കേരളത്തിലെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂര്‍ മുതല്‍ നിരവധി പള്ളികളില്‍ ഇതായിരുന്നു സ്ഥിതി. `നബാതിയ്യ ഖുത്വ്‌ബ' പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്‌ ഏതെങ്കിലും ഒരു പണ്ഡിതന്‍ സ്വന്തം നിലയില്‍ ചെയ്‌തതല്ല. അന്ന്‌ കേരളത്തില്‍ ജീവിച്ചിരുന്ന സുന്നീ പണ്ഡിതന്മാരില്‍ പ്രമുഖരായ നാല്‌പത്‌ പേര്‍ ആ പരിഭാഷ കണ്ട്‌, വായിച്ച്‌ അംഗീകരിച്ച്‌, പള്ളികളില്‍ ഉപയോഗിക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌ത്‌ പ്രസിദ്ധപ്പെടുത്തിയതാണ്‌.

ആ നാല്‌പത്‌ പണ്ഡിതന്മാര്‍ ഇനി പറയുന്നവരാണ്‌: ഞവനേക്കാട്‌ പീടികക്കല്‍ ഏനിക്കുട്ടി മുസ്‌ല്യാര്‍, കട്ടിലശ്ശേരി ആലി മുസ്‌ല്യാര്‍, പൊന്നാനി മഖ്‌ദൂം തങ്ങളുടെ മകന്‍ പുതിയകത്ത്‌ അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ല്യാര്‍, പള്ളിപ്പുറം മടത്തൊടുക യൂസുഫ്‌ മുസ്‌ല്യാര്‍, പൊന്നാനി തുന്നന്‍വീട്ടില്‍ മുഹമ്മദ്‌ മുസ്‌ല്യാര്‍, പുളിക്കല്‍ കൊല്ലോളി അഹ്‌മദ്‌കുട്ടി മുസ്‌ല്യാര്‍, തലശ്ശേരി ടി യു കുഞ്ഞഹമ്മദ്‌ മൗലവി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരുടെ പിതാവ്‌ ഹസ്സന്‍ മുസ്‌ല്യാര്‍, പുതിയ പടത്തല അലി മുസ്‌ല്യാര്‍, പാറൂറ്‌ വെളിയത്ത്‌ കുഞ്ഞഹമ്മദ്‌ മുസ്‌ല്യാര്‍, ചേറൂര്‌ മങ്ങാട്ടില്‍ മൊയ്‌തീന്‍ മുസ്‌ല്യാര്‍, മുഹമ്മദുബ്‌നു യൂസുഫുല്‍ ഫദ്‌ഫരി, കോക്കൂര്‍ പുത്തന്‍പുരയില്‍ മരക്കാര്‍ മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാദി സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, സയ്യിദ്‌ ഹൈദ്രോസ്‌ കുഞ്ഞിക്കോയ തങ്ങള്‍, ഒതളക്കാട്ടില്‍ അഹ്‌മദ്‌ മുസ്‌ല്യാര്‍, ഇരുവേരി മുഹ്‌യിദ്ദീന്‍ കുഞ്ഞുമുസ്‌ല്യാര്‍, ചാലിലകത്ത്‌ മുഹമ്മദ്‌ മൗലവി, അണ്ടത്തോട്‌ ഖാദിര്‍കുട്ടി മുസ്‌ല്യാര്‍, പെരുമ്പടപ്പ്‌ തോപ്പില്‍ വീരാന്‍ മുസ്‌ല്യാര്‍, പൊന്മുണ്ടത്ത്‌ ആറ്റക്കോയ തങ്ങള്‍, തിരൂര്‍ കുഞ്ഞമ്മു മുസ്‌ല്യാര്‍, കൂട്ടായി അബ്‌ദുല്ലക്കുട്ടി മുസ്‌ല്യാര്‍, കോക്കൂര്‍ അഹ്‌മദ്‌ മൗലവി, ഇരിങ്ങാവൂര്‍ മാദക്കല്‍ അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ല്യാര്‍, ഷൊര്‍ണൂര്‍ കോയ മുസ്‌ല്യാര്‍, പൊന്നാനി കുഞ്ഞാവ മുസ്‌ല്യാര്‍, അഹ്‌മദുബ്‌നു നൂറുദ്ദീന്‍ മുല്ലവി, താനാരി ഹസ്സന്‍കുട്ടി മൗലവി, മുസാലിക്കുട്ടി മുസ്‌ല്യാര്‍, കരിമ്പനക്കല്‍ മമ്മദ്‌കുട്ടി മുസ്‌ല്യാര്‍, മയ്യഴി ശൈഖ്‌ മുഹമ്മദ്‌ മൗലവി, നെട്ടൂറ്‌ കൊച്ചുണ്ണി മുസ്‌ല്യാര്‍, ആലുവായി ഹൈദറു മുസ്‌ല്യാര്‍, ആലപ്പുഴ സുലൈമാന്‍ മൗലവി, എം മുഹമ്മദ്‌ അബ്‌ദുല്‍ഖാദര്‍ മൗലവി (വക്കം), വടുതല ഹമദാനി തങ്ങള്‍, കായല്‍പട്ടണം ലബ്ബ മൗലവി, ശൈഖ്‌ ഇബ്‌റാഹീം ആരിഫ്‌ ബില്ലാഹ്‌ ചിശ്‌ത്തില്‍ ഖാദിരിയ്യില്‍ വേലൂരി, ശൈഖ്‌ മുഹമ്മദ്‌ ചിശ്‌ത്തി കവരത്തി. കേരളത്തിലങ്ങോളമിങ്ങോളം മുദര്‍രിസ്‌, ഖാദി, വാഇദ്‌ (വയദ്‌ പറയുന്നവന്‍) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇരുത്തംവന്ന ഈ പണ്ഡിതന്മാരില്‍ പലരുടെയും പേരുപോലും ഇന്നത്തെ തലമുറ കേട്ടിട്ടുണ്ടാവില്ല. `ഖുത്വ്‌ബ പരിഭാഷ' എന്ന സംജ്ഞതന്നെ മലയാളത്തിന്‌ ലഭിച്ചത്‌ ഇവ്വിധമാണ്‌. ഖുര്‍ആന്‍ പരിഭാഷ പോലെ നബി(സ)യുടെയോ സ്വഹാബിമാരുടെയോ ഖുത്വ്‌ബകളുടെ മലയാള പരിഭാഷയെപ്പറ്റിയല്ല ഇപ്പറയുന്നത്‌. (ഖുത്വ്‌ബ എന്നാല്‍ പ്രസംഗമാണ്‌ എന്നുപോലും സമൂഹത്തിനറിയില്ലായിരുന്നു).

മേല്‍പറഞ്ഞ പണ്ഡിതന്മാര്‍ ഖുത്വ്‌ബയെ മലയാളികള്‍ക്കിങ്ങനെ പരിചയപ്പെടുത്തിയത്‌ അവര്‍ `വഹ്‌ഹാബികളാ'യതു കൊണ്ടല്ല. അവര്‍ പഠിച്ച്‌ വളര്‍ന്ന്‌ ആദര്‍ശമായി കൊണ്ടുനടക്കുന്ന ശാഫിഈ മദ്‌ഹബിന്റെ അടിസ്ഥാനത്തിലാണത്‌ ചെയ്‌തത്‌. ജുമുഅ ഖുത്വ്‌ബയുടെ അര്‍കാനുകള്‍ (അവശ്യഘടകങ്ങള്‍) അറബിയിലും തവാബിഅ്‌ (അനുബന്ധങ്ങള്‍) ശ്രോതാക്കളുടെ ഭാഷയിലും ആവാമെന്നാണ്‌ പ്രമുഖ ശാഫിഈ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളിലെല്ലാം രേഖപ്പെട്ടുകിടക്കുന്നത്‌. 1922ല്‍ രൂപീകൃതമായ കേരള ജംഇയ്യത്തുല്‍ ഉലമ (കെ ജെ യു)യെയും മുജാഹിദുപ്രസ്ഥാനത്തെയും എതിര്‍ത്തു തോല്‌പിക്കാന്‍ എന്തും ചെയ്യാമെന്ന ലക്ഷ്യവുമായി 1926ല്‍ രൂപീകരിക്കപ്പെട്ട `സമസ്‌ത' എന്ന സംഘം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌ മുതല്‍ക്കാണ്‌ ജുമുഅ ഖുത്വ്‌ബ ഒരു വലിയ വിവാദ വിഷയമായി കേരളീയര്‍ കാണാന്‍ തുടങ്ങിയത്‌. ഇരുപത്‌ വര്‍ഷങ്ങള്‍ക്കു ശേഷം 1947ല്‍ ഒരു പ്രമേയത്തിലൂടെ `സമസ്‌ത' ജുമുഅ ഖുത്വ്‌ബക്കു നേരെ ആഞ്ഞടിച്ചു. അത്‌ ജനങങള്‍ക്ക്‌ മനസ്സിലായിക്കൂടാ എന്ന്‌ ശഠിച്ചു. ആ പ്രമേയം ഇങ്ങനെയായിരുന്നു: `ജുമുഅന്റെ ഖുത്‌ബയില്‍ അറബിഭാഷ അല്ലാതെ ഉപയോഗിക്കുന്നത്‌ നല്ലതല്ലാത്തും മുന്‍കറത്തായ ബിദ്‌അത്തുമാണെന്ന്‌ (നിരോധിക്കേണ്ട അനാചാരം) ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. ഇന്ന്‌ ഖുത്വ്‌ബ പരിഭാഷ നടപ്പിലുള്ള ജുമുഅത്ത്‌ പള്ളി ഭാരവാഹികളോടും ഖത്വീബുമാരോടും അത്‌ നിര്‍ത്തല്‍ ചെയ്‌വാന്‍ ഈ യോഗം ഉപദേശിക്കുകയും ചെയ്യുന്നു.'' എന്തായിരുന്നു ഈ പിന്തിരിപ്പന്‍ പ്രമേയത്തിന്റെ അനന്തരഫലം? 1), സാധുക്കളായ ചില ഖത്വീബുമാരും അവരെ പിന്താങ്ങുന്ന മഹല്ലുകാരും മനമില്ലാമനസ്സോടെ ഖുത്വ്‌ബക്ക്‌ പകരം അറബി ഏട്‌ വായിക്കല്‍ മാത്രായി ജുമുഅയെ പരിവര്‍ത്തിപ്പിച്ചു. 2), പ്രമേയത്തിന്റെ അന്തസ്സത്ത കാറ്റില്‍പറത്തി, എന്നാല്‍ ഒരുവാക്കു പോലും എതിരുപറയാതെ, തങ്ങള്‍ നിര്‍വഹിച്ചുപോന്നിരുന്ന മലായള ഖുത്വ്‌ബയോ പരിഭാഷയോ നിര്‍ബാധം തുടര്‍ന്നുപോന്നു. 3), സമസ്‌ത മുശാവറ അംഗവും കൊടിയത്തൂര്‍ ഖാദിയുമായ പ്രമുഖ പണ്ഡിതന്‍ മുസ്‌ല്യാരകത്ത്‌ അബ്‌ദുല്‍അസീസ്‌ മുസ്‌ല്യാര്‍, പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ പതിറ്റാണ്ടുകളോളം ജംഉല്‍ ജവാമിഅ്‌ പോലുള്ള ഫിഖ്‌ഹ്‌ സൈദ്ധാന്തിക ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചിരുന്ന ടി സി മുഹമ്മദ്‌ മുസ്‌ല്യാര്‍, യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി തുടങ്ങിയ നിരവധി പേര്‍ സമസ്‌തയുമായി തെറ്റിപ്പിരിഞ്ഞു. തികഞ്ഞ സുന്നി മുസ്‌ല്യാരായി തന്നെ കഴിഞ്ഞുകൂടിയ അബ്‌ദുല്‍അസീസ്‌ മുസ്‌ല്യാര്‍ ശാഫിഈ മദ്‌ഹബിലെ ഗ്രന്ഥങ്ങള്‍ മാത്രം ഉദ്ധരിച്ചുകൊണ്ട്‌, ജുമുഅ ഖുത്വ്‌ബ മാതൃഭാഷയില്‍ നടത്താമെന്ന്‌ സമര്‍ഥിച്ചുകൊണ്ട്‌ ഗ്രന്ഥങ്ങള്‍ എഴുതി. ജംഇയ്യത്തുല്‍ ഉലമാഇസ്സുന്നിയ്യ എന്ന ഒരു സംഘടന തന്നെ ഇപ്പേരില്‍ രൂപീകരിക്കപ്പെട്ടു.

കാലം മുന്നോട്ടുപോയി. സമസ്‌ത വീണ്ടും പിളര്‍ന്നു. ഒരു വിഭാഗം തങ്ങളുടെ വാദങ്ങള്‍ക്ക്‌ തീവ്രത കൂട്ടി. തൂക്കം ഒപ്പിക്കാന്‍ ഗത്യന്തരമില്ലാതെ മറ്റവരും വാദങ്ങള്‍ക്ക്‌ ശക്തികൂട്ടി. ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്ന ഖുത്വ്‌ബകള്‍ ഈ തീവ്രവാദങ്ങളുടെ ബലിയാടായി. സമുദായത്തിന്‌ പകരം കിട്ടിയത്‌ ജുമുഅക്ക്‌ മുമ്പായി മിഹ്‌റാബിന്റെ മുന്നില്‍ വച്ച്‌ നടത്തപ്പെടുന്ന നെടുങ്കന്‍ വഅദുകള്‍! കൊടുങ്ങല്ലൂര്‍ പോലുളള പല പള്ളികളിലും നൂറ്റാണ്ടുകള്‍ തുടര്‍ന്ന പ്രാദേശിക ഭാഷയിലെ ഖുത്വ്‌ബ യാഥാസ്ഥിതികതയ്‌ക്ക്‌ വഴിമാറിയപ്പോള്‍ മഞ്ചേരി പള്ളി പോലുള്ള പല മഹല്ലുകളും യഥാസ്ഥിതിയില്‍ ഇപ്പോഴും നിലകൊള്ളുന്നു. പരിഭാഷാ വിരോധ ചരിത്രത്തിന്റെ ഈ നാള്‍വഴികള്‍ ഇപ്പോള്‍ ഓര്‍ത്തുപോകാന്‍ ഒരു നിമിത്തമുണ്ടായി. സപ്‌തംബര്‍ 16-30ലെ സുന്നീ വോയ്‌സ്‌ ദൈ്വവാരികയുടെ കവര്‍‌സ്റ്റോറിയായി നല്‍കിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: `ഖുത്വ്‌ബയുടെ ഭാഷയും ബിദ്‌അത്തുകാരുടെ കൈക്രിയകളും.' ലേഖനകര്‍ത്താവിനെ വല്ലാതെ പ്രകോപിപ്പിച്ച ഒരു വാക്യമുണ്ട്‌. കെ എന്‍ എം ദഅ്‌വ വിംഗ്‌ പ്രസിദ്ധീകരിച്ച അഹ്‌ലുസ്സുന്ന വല്‍ജമാഅ: സംശയും മറുപടിയും എന്ന ലഘുലേഖയിലെ പ്രസ്‌തുത വാക്യം ഇതാണ്‌: ``സമസ്‌ത എന്ന സംഘടന രൂപീകരിച്ചതിനു ശേഷമാണ്‌ മാതൃഭാഷയില്‍ ഖുത്വ്‌ബ നടത്തല്‍ ഹറാമാണെന്ന്‌ ഫത്‌വ വന്നത്‌. മദ്‌ഹബുകള്‍ക്കത്‌ പരിചയമില്ല.'' ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്‌ മുജാഹിദ്‌ പ്രസ്ഥാനത്തെ പുലഭ്യം പറയുന്ന ലേഖകന്‌ മറുപടി പറയുന്നതിന്‌ മുന്‍പായി ഈ ചരിത്രയാഥാര്‍ഥ്യം ഓര്‍ത്തുപോയതാണ്‌. വ യുശ്‌തറത്വു കൗനുഹാ അറബിയ്യതന്‍ അയ്‌ അല്‍അര്‍കാനു ദൂന മാ അദാഹാ എന്ന ശാഫിഈ ഫിഖ്‌ഹിന്റെ വാക്യങ്ങളും ആശയവും ബോധപൂര്‍വം മറച്ചുവച്ച്‌ പദക്കസര്‍ത്ത്‌ നടത്തിയ സഖാഫി, ജുമുഅ ഖുത്വ്‌ബ കാര്യത്തില്‍ തിരൂര്‍കോടതി ഇ കെ ഹസ്സന്‍ മുസ്‌ല്യാരെ വിചാരണ ചെയ്‌തതിന്റെ പ്രൊസീഡിംഗ്‌സും എം അബ്‌ദുല്‍അസീസ്‌ മുസ്‌ല്യാരുടെ പുസ്‌തകങ്ങളും വായിക്കുന്നത്‌ നന്ന്‌. തങ്ങളുടെതല്ലാത്ത താളുകള്‍ വായിക്കില്ല എന്നുറപ്പുള്ള ഒരു അനുവാചക വൃന്ദത്തിനു മുന്നില്‍ പദക്കസര്‍ത്ത്‌ നടത്താം. എന്നാല്‍ ചരിത്രം വിസ്‌മരിച്ചവരല്ലല്ലോ കേരളത്തിലെ മുഴുവന്‍ മനുഷ്യരും. നടന്നു കയറിയ പാതകളിലേക്ക്‌ തിരിഞ്ഞുനോക്കുന്നത്‌ ചിലര്‍ക്ക്‌ ഭയമാണ്‌. ചരിത്രമെന്ന പദത്തോടുതന്നെ അലര്‍ജിയാവുന്നത്‌ വിശ്വാസിയുടെ ലക്ഷണമല്ല. തെറ്റുകള്‍ വന്നുപോയെങ്കില്‍ തിരുത്തുക. പോരായ്‌മയുണ്ടെങ്കില്‍ നികത്തുക. അതാണ്‌ മാന്യത. അതാണ്‌ വിനയം. അതാണ്‌ വിശ്വാസിയുടെ മര്‍ഗം.

By അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews