നബി(സ)ക്കും പിശാചുബാധയോ?

പി കെ മൊയ്‌തീന്‍ സുല്ലമി 

 നബി(സ)ക്കു പോലും ശാരീരികദ്രോഹം വരുത്താന്‍ സിഹ്‌ര്‍ മൂലം പിശാചുക്കള്‍ക്ക്‌ സാധിക്കുമെന്നാണല്ലോ നവയാഥാസ്ഥിതികരുടെ വാദം. ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസിനെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു നിരൂപണമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. അഥവാ സിഹ്‌ര്‍ മുഖേനയോ മറ്റേതെങ്കിലും കാരണത്താലോ സത്യവിശ്വാസികള്‍ക്കും പ്രവാചകനും പിശാചുബാധയുണ്ടാകുമെന്ന വാദം വിശുദ്ധഖുര്‍ആനുമായും മുതവാതിറായ ഹദീസുകളുമായും പൊരുത്തപ്പെടുന്നുണ്ടോ എന്നതാണ്‌ ഇവിടെ ചര്‍ച്ചയ്‌ക്കു വിധേയമാക്കുന്നത്‌. പിശാചുക്കള്‍ക്ക്‌ മനുഷ്യവര്‍ഗത്തെ ശാരീരികമായി ദ്രോഹിക്കാന്‍ സാധ്യമല്ലെന്നും മറിച്ച്‌ അവരെ തെറ്റുകളിലേക്ക്‌ പ്രേരിപ്പിക്കുക എന്നതാണ്‌ അവന്റെ പ്രവര്‍ത്തന പരിധിയെന്നും അതിനുള്ള അധികാരവും കഴിവും മാത്രമേ പിശാചിന്‌ അല്ലാഹു നല്‍കിയിട്ടുള്ളൂവെന്നും മുമ്പ്‌ നിരവധി ലേഖനങ്ങളിലൂടെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിച്ചിട്ടുള്ളതാണ്‌. എന്നാല്‍ ശാരീരികദ്രോഹം പോയിട്ട്‌ യഥാര്‍ഥ ഭക്തന്മാരെ വഴിതെറ്റിക്കാന്‍ പോലും പിശാചിന്‌ സാധ്യമല്ലാ എന്ന്‌ വിശുദ്ധഖുര്‍ആന്‍ സംശയത്തിന്നിടവരുത്താത്ത വിധം പഠിപ്പിക്കുന്നുണ്ട്‌.

``തീര്‍ച്ചയായും എന്റെ അടിമകളുടെ മേല്‍ നിനക്ക്‌ യാതൊരു അധികാരവുമില്ല. നിന്നെ പിന്‍പറ്റിയ വഴിപിഴച്ചവരുടെ മേലല്ലാതെ.'' (ഹിജ്‌റ്‌ 42). ``നിന്റെ പ്രതാപമാണ്‌ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിപിഴപ്പിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്‌കളങ്കരായ ദാസന്മാരെ ഒഴികെ.'' (സ്വാദ്‌ 82,83)

 മേല്‍വചനങ്ങള്‍ വ്യക്തമാക്കുന്നത്‌ സത്യവിശ്വാസികളെ വഴിപിഴപ്പിക്കാന്‍ പിശാചിന്‌ ഒരിക്കലും സാധ്യമല്ല എന്നാണ്‌. എന്നാല്‍ പിശാച്‌ അവരെ വഴിതെറ്റിക്കാന്‍ പരമാവധി ശ്രമം നടത്തും. പ്രസ്‌തുത സന്ദര്‍ഭത്തില്‍ ഭക്തിയും ദൈവസ്‌മരണയും കാരണത്താല്‍ അല്ലാഹു അവര്‍ക്ക്‌ പിശാചിന്റെ ശര്‍റില്‍ നിന്നും കാവല്‍നല്‌കും. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും സൂക്ഷ്‌മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ അല്ലാഹുവിനെക്കുറിച്ച്‌ ഓര്‍മിക്കുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്‌ചയുള്ളവരായിത്തീരുന്നു'' (അഅ്‌റാഫ്‌ 201). ഈ വചനത്തിന്റെ താല്‌പര്യം ഇതാണ്‌: സത്യവിശ്വാസികളായ അടിമകളുടെ മനസ്സില്‍ പിശാച്‌ വല്ല ദുഷ്‌പ്രേരണയും ചെലുത്തുന്നപക്ഷം അവര്‍ അല്ലാഹുവിനെ ഭയപ്പെടുകയും അവനെ ഓര്‍ത്തുകൊണ്ടും അവരതില്‍ നിന്നും മാറിനില്‌ക്കുന്നു. നിഷേധികളും ഈമാനില്ലാത്തവരും പിശാചിന്റെ ദുഷ്‌പ്രേരണയ്‌ക്കു വഴങ്ങി തെറ്റില്‍ അകപ്പെടുന്നു.


ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്‌ മൂസാനബി(അ)യുടെ കാലത്ത്‌ ഫറോവയുടെ മാജിക്കുകാര്‍ നടത്തിയ ചെപ്പടിവിദ്യയാകുന്ന സിഹ്‌റിനെ സംബന്ധിച്ചല്ല. അത്‌ ജനമധ്യത്തില്‍ വെച്ചു നടത്തിയ ഒരു മത്സരമായിരുന്നു. അല്ലാഹു അതിനെ ഗൗരവമായി കണ്ടത്‌ അത്‌ മൂസാ നബി(അ)യുടെ മുഅ്‌ജിസത്തിനെ പരാജയപ്പെടുത്താന്‍ ഉപയോഗപ്പെടുത്തിയതു കൊണ്ടാണ്‌. അതും അല്ലാഹു പരാജയപ്പെടുത്തുകയാണുണ്ടായത്‌. നാം ചര്‍ച്ച ചെയ്യുന്നത്‌ മനുഷ്യപ്പിശാചായ സാഹിറിന്റെ ക്വട്ടേഷന്‍ പണി ഏറ്റെടുത്തുകൊണ്ട്‌ എതിരാളിയെ അദൃശ്യമായ നിലയില്‍ ദ്രോഹിക്കാന്‍ കഴിയും എന്ന അവകാശവാദം പ്രചരിപ്പിക്കുന്ന നവയാഥാസ്ഥിതികര്‍ നടത്തിക്കൊണ്ടിരിക്കുന്ന സിഹ്‌റിനെക്കുറിച്ചാണ്‌. അത്തരം സിഹ്‌റുകൊണ്ട്‌ സത്യവിശ്വാസികളെയോ നബി(സ)യെയോ ഒന്നും ചെയ്യാന്‍ സാധ്യമല്ല എന്നാണ്‌ വിശുദ്ധ ഖുര്‍ആനും മുതവാതിറായി വന്നിട്ടുള്ള ഹദീസുകളും പഠിപ്പിക്കുന്നുത്‌.

മേല്‍ ഖുര്‍ആന്‍ വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്ന കാര്യം ഇതാണ്‌: പിശാചിന്‌ അല്ലാഹുവിനെ സൂക്ഷിച്ചുജീവിക്കുന്ന ഭക്തന്മാരെ യാതൊരു നിലയിലും ദ്രോഹിക്കാന്‍ സാധ്യമല്ല എന്ന്‌ മാത്രമല്ല, അവരെ വഴിപിഴപ്പിക്കാന്‍ പോലും സാധ്യമല്ല. എന്നാല്‍ നബി(സ)യും സത്യവിശ്വാസികളും ഈ വിഷയത്തില്‍ ഒരു വ്യത്യാസമുണ്ട്‌. സത്യവിശ്വാസികള്‍ക്ക്‌ പിശാചില്‍ നിന്നും സമ്പൂര്‍ണ സംരക്ഷണം നല്‌കപ്പെട്ടിട്ടില്ല. പിശാച്‌ അവരെ പിഴപ്പിക്കാന്‍ ശ്രമം നടത്തിക്കൊണ്ടേയിരിക്കും. അവരുടെ ഈമാനിനും തഖ്‌വയ്‌ക്കുമനുസരിച്ചായിരിക്കും അവര്‍ക്ക്‌ പിശാചിന്റെ ശര്‍റില്‍ നിന്നും മോചനം നല്‌കപ്പെടുക. എന്നാല്‍ നബി(സ)യുടെ അവസ്ഥ മറിച്ചാണ്‌. നബി(സ)ക്ക്‌ നിരുപാധികവും സമ്പൂര്‍ണമായും പിശാചിന്റെ എല്ലാവിധ ശര്‍റുകളില്‍ നിന്നും അല്ലാഹു സംരക്ഷണം നല്‌കിയിരിക്കുന്നു. പിശാചിന്റെ യാതൊരു വിധത്തിലുള്ള പീഡനവും നബി(സ)ക്ക്‌ ഏല്‌ക്കുന്നതല്ല. അപ്പോള്‍ നിഷ്‌കളങ്കരും ഈമാനില്‍ മികച്ചുനില്‌ക്കുന്നവരുമായ സത്യവിശ്വാസികളെ യാതൊരു നിലയിലും ദ്രോഹിക്കാന്‍ പിശാചിന്‌ സാധ്യമല്ല. എന്നാല്‍ കാപട്യവും വിശ്വാസക്കുറവും പിശാചിന്‌ നമ്മെ തെറ്റുകുറ്റങ്ങളില്‍ അകപ്പെടുത്താന്‍ സൗകര്യംനല്‍കുന്നു.

 ചുരുക്കത്തില്‍ സാഹിറിന്‌ പിശാചിനെ ഉപയോഗിച്ച്‌ നബി(സ)ക്കും സത്യവിശ്വാസികള്‍ക്കും ശാരീരികദ്രോഹം വരുത്താന്‍ കഴിയുമെന്ന അവകാശവാദം ഇസ്‌ലാമിക വിരുദ്ധവും അന്ധവിശ്വാസവുമാണ്‌. അത്തരം ധാരണകള്‍ വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ കല്‌പനകള്‍ക്ക്‌ എതിരാണ്‌. പിശാചില്‍ നിന്നും സംരക്ഷണം നല്‌കപ്പെട്ട നബി(സ)ക്ക്‌ എങ്ങനെയാണ്‌ പിശാചിനാല്‍ ദ്രോഹം വരുത്തിവെക്കും എന്ന്‌ ഊഹിക്കപ്പെടുന്ന സിഹ്‌ര്‍ ബാധിക്കുക. നബി(സ)ക്ക്‌ ഒരിക്കലും പിശാച്‌ ബാധിക്കുന്നതല്ല. നബി(സ)ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്ന വഹ്‌യ്‌ പിശാച്‌ ഇട്ടുകൊടുക്കുന്നതാണെന്ന മുശ്‌രിക്കുകളുടെ വാദത്തിന്‌ അല്ലാഹു നല്‍കിയ മറുപടി ശ്രദ്ധിക്കുക: 

``(നബിയേ പറയുക:) ആരുടെമേലാണ്‌ പിശാചുക്കള്‍ ഇറങ്ങുന്നതെന്ന്‌ നിങ്ങള്‍ക്ക്‌ ഞാന്‍ അറിയിച്ചുതരട്ടെയോ? പെരുംനുണയന്മാരും പാപികളുമായ എല്ലാവരുടെ മേലും പിശാചുക്കള്‍ ഇറങ്ങുന്നതാണ്‌'' (ശുഅറാ 221, 222). നബി(സ)ക്ക്‌ പിശാചിന്റെ ഒരു ശര്‍റും ബാധിക്കുന്നതല്ലെന്ന്‌ അല്ലാഹു നബി(സ)യെക്കൊണ്ട്‌ പറിയിപ്പിക്കുകയാണ്‌. പിന്നെ എങ്ങനെയാണ്‌ സിഹ്‌റിലൂടെ പിശാചിന്റെ ശര്‍റ്‌ നബി(സ)ക്ക്‌ ബാധിക്കുക? നബി(സ)ക്ക്‌ സിഹ്‌റ്‌ ബാധിച്ചു എന്ന്‌ പറഞ്ഞാല്‍ അതിന്റെ അര്‍ഥം പിശാച്‌ ബാധിച്ചു എന്നാണ്‌. ഇവിടെ ഇമാം ബുഖാരി(റ) പറഞ്ഞതാണോ ശരി? അതല്ല അല്ലാഹുവും റസൂലും പറഞ്ഞതോ? അല്ലാഹു പറയുന്നു: ``ഹേ, പ്രവാചകരേ, താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ താങ്കള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടത്‌ താങ്കള്‍ (ജനങ്ങള്‍ക്ക്‌) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം താങ്കള്‍ താങ്കളുടെ ദൗത്യം നിര്‍വഹിച്ചിട്ടില്ല. ജനങ്ങളില്‍ നിന്ന്‌ അല്ലാഹു താങ്കളെ രക്ഷിക്കുന്നതാണ്‌'' (മാഇദ 67).

മേല്‍ വചനത്തിന്റെ വിശദീകരണത്തില്‍ നബി(സ) അരുളിയതായി ത്വബ്‌റാനി രേഖപ്പെടുത്തുന്നു: ``തീര്‍ച്ചയായും അല്ലാഹു ജിന്നുകളുടെയും മനുഷ്യരുടെയും ശര്‍റുകളില്‍ നിന്ന്‌ എനിക്ക്‌ സംരക്ഷണം നല്‌കിയിരിക്കുന്നു'' (ത്വബ്‌റാനി). മേല്‍പറഞ്ഞ ഖുര്‍ആന്‍വചനവും ഹദീസും വ്യക്തമാക്കുന്നത്‌, പ്രബോധനരംഗം തടസ്സപ്പെടുത്താന്‍ ഒരു ജിന്ന്‌ പിശാചിനോ മനുഷ്യപ്പിശാചിനോ സാധ്യമല്ല എന്നാണ്‌. അങ്ങനെ തടസ്സപ്പെടുത്താന്‍ സാധിച്ചിരുന്നുവെങ്കില്‍ ദീന്‍ ഇന്ന്‌ നമ്മില്‍ എത്തുമായിരുന്നില്ല. `അക്കാര്യത്തില്‍ താങ്കള്‍ക്ക്‌ അല്ലാഹുവിന്റെ സംരക്ഷണമുണ്ട്‌. അതില്‍ താങ്കള്‍ ഭീരുത്വമോ അമാന്തമോ കാണിക്കരുത്‌' എന്നാണ്‌ അല്ലാഹുവിന്റെ കല്‌പന. സൂറതുല്‍ മാഇദയിലെ 67-ാം വചനവും തുടര്‍ന്നുവന്ന ഹദീസുകളും ഇമാംബുഖാരി ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുന്നതല്ല. കാരണം ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഒരു റിപ്പോര്‍ട്ടിലുള്ളത്‌, `നബി(സ)ക്ക്‌ ആറ്‌ മാസത്തോളം സിഹ്‌ര്‍ ബാധിച്ചു' (ഫത്‌ഹുല്‍ബാരി 13:150) എന്നാണ്‌. ആറ്‌ മാസം സിഹ്‌റുബാധിച്ചു എന്നു പറഞ്ഞാല്‍ ആറ്‌ മാസം പിശാച്‌ ബാധിച്ചു എന്നര്‍ഥം. അങ്ങനെ ചെയ്‌തത്‌ ചെയ്യാത്തതായും, ചെയ്യാത്തത്‌ ചെയ്‌തതായും ഒക്കെ തോന്നി എന്നാണ്‌ ഐതിഹ്യം.

ഇവിടെ യഥാര്‍ഥ മുഅ്‌മിനുകള്‍ക്ക്‌ ഒരുപാട്‌ ചിന്തിക്കാനും ചോദിക്കാനുമുണ്ട്‌. ജിന്ന്‌ ശരീരത്തില്‍ കയറിക്കൂടുമെന്നതില്‍ എ പി വിഭാഗം മുജാഹിദുകളിലെ ജിന്നുവാദികളും അല്ലാത്ത വിഭാഗവും തമ്മില്‍ തര്‍ക്കമില്ല. പിന്നെ തര്‍ക്കം എവിടെയാണ്‌? അങ്ങനെ കയറിയോ ഇല്ലയോ എന്നറിയാന്‍ നബി(സ) വന്ന്‌ ഫത്‌വ കൊടുക്കണം. അബൂബക്കര്‍ സലഫി ഫത്‌വ കൊടുത്താല്‍ പോരാ. ഈയുള്ളവന്‍ എ പി മുജാഹിദ്‌ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന സന്ദര്‍ഭത്തില്‍ അതിന്റെ പണ്ഡിതസഭയില്‍ വെച്ച്‌ അബൂബക്കര്‍ സലഫി പറഞ്ഞത്‌ ഇപ്രകാരമാണ്‌: ``ജിന്ന്‌ പിശാച്‌ മനുഷ്യശരീരത്തില്‍ കയറും. അത്‌ നാം ജനങ്ങളെ പഠിപ്പിക്കേണ്ടതാണ്‌.'' പിന്നെ ഇവര്‍ തമ്മിലുള്ള തര്‍ക്കം ജിന്ന്‌ മനുഷ്യശരീരത്തില്‍ കയറും. ഈ വിഷയത്തില്‍ ഇരു വിഭാഗവും ഇജ്‌മാആണ്‌. പക്ഷെ, ഇന്‍സ്‌ മുജാഹിദിന്റെ വാദം അടിച്ചിറക്കാന്‍ പാടില്ല. അതിന്‌ തെളിവില്ല എന്നതാണ്‌. എന്നാല്‍ നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു എന്ന വിഷയത്തില്‍ ഇരു വിഭാഗവും ഏകാഭിപ്രായക്കാരാണ്‌.

മുന്‍ഗാമികളായ മുജാഹിദു പണ്ഡിതന്മാര്‍ ഇത്തരം ഹദീസുകളുടെ കാര്യത്തില്‍ അത്‌ പ്രചരണായുധമാക്കാതെ നിശ്ശബ്‌ദത പാലിച്ചത്‌ അത്‌ വിശുദ്ധ ഖുര്‍ആനിനും സാമാന്യബുദ്ധിക്കും വിരുദ്ധമാണ്‌ എന്നതുകൊണ്ട്‌ മാത്രമാണ്‌. സിഹ്‌ര്‍ ബാധമൂലം ആറ്‌ മാസം ബുദ്ധിഭ്രംശം ബാധിച്ച പ്രവാചകന്‌ അക്കാലത്ത്‌ വഹ്‌യുണ്ടായിരുന്നോ? ഉണ്ടായിരുന്നുവെങ്കില്‍ അത്‌ വിശ്വാസത്തിലെടുക്കാന്‍ പറ്റുമോ എന്ന ശത്രുക്കളുടെ ചോദ്യത്തിന്ന്‌ നിങ്ങളുടെ പക്കല്‍ എന്താണ്‌ മറുപടി? അങ്ങനെ ബുദ്ധിഭ്രംശം ബാധിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ആറ്‌ മാസം അല്ലാഹു വഹ്‌യിറക്കാന്‍ സാധ്യതയില്ല. കാരണം നബി(സ)ക്കും നമ്മെപ്പോലെ ഒരു ബുദ്ധിയും ഒരു മനസ്സും മാത്രമേയുള്ളൂ. ആറ്‌ മാസം വഹ്‌യ്‌ നിലച്ചിരുന്നെങ്കില്‍ അത്‌ ഒരു മഹാസംഭവമായി വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും രേഖപ്പെടുത്തുമായിരുന്നു. കാരണം ഏതാനും ദിവസത്തെ വഹ്‌യ്‌ നബി(സ)ക്ക്‌ നിലച്ചപ്പോഴേക്കും മുശ്‌രിക്കുകള്‍ അത്‌ അദ്ദേഹത്തെ പരിഹസിക്കാനുള്ള ഒരു ചാന്‍സാക്കി മാറ്റിയിരുന്നുവല്ലോ.

 ``ജുന്‍ദുബ്‌(റ) കേട്ടതായി അസ്‌വദുബ്‌നു ഖൈസ്‌(റ) ഉദ്ധരിക്കുന്നു: നബി(സ)ക്ക്‌ വഹ്‌യ്‌ നല്‌കുന്ന വിഷയത്തില്‍ ജിബ്‌രീല്‍(അ) പിന്തുണയ്‌ക്കുകയുണ്ടായി. അപ്പോള്‍ മുശ്‌രിക്കുകള്‍ പറഞ്ഞു: മുഹമ്മദിനെ അവന്റെ രക്ഷിതാവ്‌ കൈവെടിഞ്ഞിരിക്കുന്നു. അപ്പോള്‍ അല്ലാഹു ഇപ്രകാരം വചനങ്ങള്‍ ഇറക്കി: നിന്റെ രക്ഷിതാവ്‌ താങ്കളെ കൈവെടിഞ്ഞിട്ടില്ല. വെറുത്തിട്ടുമില്ല''(ബുഖാരി, മുസ്‌ലിം, തിര്‍മിദ്‌, നസാഈ). അപ്പോള്‍ നബി(സ)ക്ക്‌ ഒരിക്കലും സിഹ്‌റ്‌ ബാധിക്കുന്നതല്ല. കാരണം നബി(സ)ക്ക്‌ സിഹ്‌റ്‌ ബാധിച്ചു എന്നു പറഞ്ഞാല്‍ പിശാച്‌ ബാധിച്ചു എന്നാണ്‌ എ പി ഗ്രൂപ്പില്‍ പെട്ട ഇരുമുജാഹിദുകളും വാദിക്കുന്നത്‌. അത്തരം പിശാചില്‍ നിന്നും അല്ലാഹു നബി(സ)ക്ക്‌ സംരക്ഷണം നല്‌കിയിരിക്കുന്നു. ഇബ്‌നുകസീര്‍ (റ) രേഖപ്പെടുത്തുന്നു: ``നബി(സ) പറഞ്ഞതായി സ്വഹീഹായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിങ്ങളുടെ വഴിതെറ്റിക്കാന്‍ കൂട്ടുകാരനായി ഒരു പിശാചിന്റെ ഭരമേല്‌പിക്കപ്പെടാത്ത ഒരാളും തന്നെ നിങ്ങളില്‍ ഇല്ല. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: താങ്കള്‍ക്കുമുണ്ടോ അപ്രകാരം ഒരു കൂട്ടുകാരന്‍? അവിടുന്നരുളി: അതെ എനിക്കുമുണ്ട്‌. പക്ഷെ, അവന്റെ ശര്‍റില്‍ നിന്നും അല്ലാഹു എന്നെ സഹായിച്ചിരിക്കുന്നു. എന്റെ കൂട്ടുകാരനായ പിശാച്‌ എന്നോട്‌ നന്മയല്ലാതെ കല്‌പിക്കുന്നതല്ല'' (ഇബ്‌നുകസീര്‍ 4:515).

 ``നബി(സ) നിത്യവും സുബ്‌ഹി നമസ്‌കരിച്ചിരുന്നു'' എന്ന നിലയില്‍ ഒരു ഹദീസില്ലെങ്കില്‍, നബി(സ) അപ്രകാരം നമസ്‌കരിച്ചിരുന്നു എന്ന്‌ പറയുന്നവനോട്‌ നിങ്ങളല്ലാത്ത ആരെങ്കിലും അപ്രകാരം പറഞ്ഞിട്ടുണ്ടോ എന്നു ചോദിക്കുന്നതുപോലെ നബി(സ)ക്ക്‌ സിഹ്‌റും പിശാചും ബാധിച്ചിട്ടില്ല എന്ന്‌ മറ്റു വല്ലവരും പറഞ്ഞിട്ടുണ്ടോ എന്ന്‌ ചോദിക്കുന്നവരും ഉണ്ട്‌. ഒരു കാര്യം അല്ലാഹുവും റസൂലും പറഞ്ഞാല്‍ പോരേ?! സൂറത്തുല്‍ മാഇദ 67-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ``സിഹ്‌റുകൊണ്ട്‌ യഹൂദികള്‍ നബി(സ)യെ വഞ്ചിച്ചു. എന്നാല്‍ അല്ലാഹു നബി(സ)യെ അതിന്റെ ശര്‍റില്‍ നിന്നും രക്ഷിച്ചു'' (ഇബ്‌നുകസീര്‍ 2:79). യഹൂദികള്‍ നബി(സ)ക്ക്‌ സിഹ്‌ര്‍ ചെയ്‌തു. പക്ഷെ, ഫലിച്ചില്ല എന്നാണ്‌ മേല്‍ ഉദ്ധരണി ചൂണ്ടിക്കാട്ടുന്നത്‌. ഇമാം അബൂമുസ്‌ത്വഫല്‍ മറാഗീ(റ) രേഖപ്പെടുത്തി: ``മുതവാതിറായി വന്നിട്ടുള്ള ഖുര്‍ആന്‍ വചനങ്ങള്‍ നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്നതിനെ നിഷേധിക്കുന്നു'' (തഫ്‌സീറുല്‍ മറാഗീ 3:268). പ്രമുഖ സലഫീ പണ്ഡിതന്‍ അബൂബക്കറുല്‍ ജസ്വാസ്‌ രേഖപ്പെടുത്തി: ഇത്തരം കഥകള്‍ പ്രവാചകന്മാരുടെ മുഅ്‌ജിസത്തുകള്‍ നിഷ്‌ഫലമാക്കാന്‍ വേണ്ടി ചില മതനിഷേധികള്‍ നിര്‍മിച്ചുണ്ടാക്കിയതാണ്‌'' (അഹ്‌കാമുല്‍ഖുര്‍ആന്‍ 1:49). സിഹ്‌റ്‌ മിഥ്യയാണെന്നും അത്‌ ഫലിക്കുകയില്ലെന്നും അഹ്‌ലുസ്സുന്നയുടെ പത്തിലധികം പണ്ഡിതന്മാര്‍ സലക്ഷ്യം രേഖപ്പെടുത്തിയിട്ടുണ്ട്‌. അബുഹനീഫയും മുഅ്‌തസ്‌ലികളും മാത്രമല്ല.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews