പി കെ മൊയ്‌തീന്‍ സുല്ലമി
സിഹ്‌റിനെ നിരവധി ഇനങ്ങളായി പണ്ഡിതന്മാര്‍ വേര്‍തിരിച്ചിരിക്കുന്നു. ഏഷണി പോലും ചില പണ്ഡിതന്മാര്‍ സിഹ്‌റിന്റെ ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ സിഹ്‌റിനെ പ്രധാനമായും രണ്ട് തരമായി വിശദീകരിക്കുന്നതായി മനസ്സിലാക്കാം. ഒന്ന്: ജാലവിദ്യയില്‍ ഉള്‍പ്പെടുന്ന സിഹ്‌ര്‍. മൂസാനബി(അ)യുടെ കാലഘട്ടത്തില്‍ മുഅ്‌ജിസിത്തിനെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച സിഹ്‌ര്‍ അതായിരുന്നു. ഇത്തരം സിഹ്‌റ് കുഫ്‌റിലോ ശിര്‍ക്കിലോ അകപ്പെടുത്തുന്നതല്ലെങ്കിലും അസത്യത്തെ സത്യമായി തോന്നിപ്പിക്കുന്നു എന്നതിനാല്‍ കുറ്റകരം തന്നെയാണ്.
അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെ പരാജയപ്പെടുത്താനാണ് ഇവ ഉപയോഗപ്പെടുത്തിയത് എന്നത് കുറ്റത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇത്തരം മാജിക്കുകള്‍ക്കും ജാലവിദ്യകള്‍ക്കും എത്ര വലിയ ബുദ്ധിമാനെയും ചില തോന്നലുകളില്‍ വീഴ്‌ത്താന്‍ കഴിയും എന്നതില്‍ കവിഞ്ഞ് ശാരീരികമായ യാതൊരു ദ്രോഹവും വരുത്താന്‍ സാധ്യമല്ല. ഫറോവയുടെ മാജിക്കുകാര്‍ അവരുടെ വടികളും കയറുകളും നിലത്തിട്ടപ്പോള്‍ അവചലിക്കുന്നതായി മൂസാനബി(അ)ക്ക് തോന്നിയെന്നും മൂസാനബിക്ക് മനസ്സില്‍ പേടി തോന്നിയെന്നും നീ പേടിക്കേണ്ട, നീ തന്നെയാണ് വിജയിക്കാന്‍ പോകുന്നതെന്ന് അല്ലാഹു അരുളിയെന്നും സൂറത്ത് ത്വാഹാ 66, 67, 68 വചനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ സൂക്തങ്ങളില്‍ നിന്നും രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്: മാജിക്കാവുന്ന സിഹ്‌റിന് ചില തോന്നലുകള്‍ ഉണ്ടാക്കാം എന്നല്ലാതെ ശാരീരികമായി ദ്രോഹം വരുത്താന്‍ സാധ്യമല്ല. രണ്ട്: ഇത്തരം മാജിക്കുകള്‍ യഥാര്‍ഥ്യമല്ലാത്തിനാലും അതിന് നിലനില്‌പില്ലാത്തതിനാലും പരാജയപ്പെടും.