ജിന്ന്‌ വാദം: തിരിഞ്ഞുകൊത്തുന്ന വാക്കുകള്‍!

അബൂഹിമ 

 ആദര്‍ശവ്യതിയാനത്തിന്റെ ഇല്ലാക്കഥകളുമായി ഇസ്‌ലാഹി കേരളത്തില്‍ അഴിഞ്ഞാടി ആദര്‍ശപ്രസ്ഥാനത്തെ കുത്തിപ്പിളര്‍ത്തിയവര്‍ നിന്ദ്യതയുടെ അഗാധതയിലാണിപ്പോള്‍. അനിവാര്യമായ തിരിച്ചടിയുടെ കാലുഷ്യം മറുപാളയത്തില്‍ അസ്വാരസ്യങ്ങളുടെയും ചേരിപ്പോരിന്റെയും പുകപടലമുയര്‍ത്തുന്നു. വെല്ലുവിളികള്‍ മുതല്‍ വിഴുപ്പലക്കലുകളും തെറിയഭിഷേകവും വരെ പോരടിച്ച്‌ കൊണ്ടിരിക്കുന്ന ഇരുവിഭാഗങ്ങളും മത്സരിച്ച്‌ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സാത്വികരായ ഇസ്‌ലാഹി പണ്ഡിതന്മാരുടെയും നിഷ്‌കളങ്കരായ പ്രവര്‍ത്തകരുടെയും പ്രസ്ഥാനത്തിന്റെ ചാലകശക്തിയായ യുവജനവിഭാഗത്തിന്റെയും ആദര്‍ശത്തെ ചോദ്യം ചെയ്‌തും സ്വയം പത്തരമാറ്റ്‌ ആദര്‍ശം അവകാശപ്പെട്ടും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ഒരു കഷ്‌ണമായി പുറത്ത്‌ പോയവരിന്ന്‌ അര ഡസന്‍ കഷ്‌ണങ്ങളായി മാറുകയാണ്‌.

തിരിച്ചടികളുടെ വേലിയേറ്റത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക്‌ ഒരു തനിയാവര്‍ത്തനത്തിന്റെ നിറവും മണവുമുണ്ടാവുന്നത്‌ യാദൃച്ഛികമാണെന്ന്‌ കരുതാന്‍ ന്യായമില്ല. ചെയ്‌തുകൂട്ടിയ അധര്‍മങ്ങളുടെയും പറഞ്ഞുപരത്തിയ അന്യായങ്ങളുടെയും തിരിച്ചടി അനിവാര്യമായ നിശ്ചയമായി വേണം വിശ്വാസികള്‍ ഉള്‍ക്കൊള്ളാന്‍. തിരിച്ചറിവ്‌ പകരുന്ന പരീക്ഷണങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ എ പി വിഭാഗത്തിലെ സക്കരിയ വിഭാഗവും അബ്‌ദുര്‍റഹ്‌മാന്‍ സലഫി വിഭാഗവും ചേരിതിരിഞ്ഞ്‌ നടത്തുന്ന വിശദീകരണ പ്രസംഗങ്ങളിലെ ചില പരാമര്‍ശങ്ങള്‍ പഴയ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ കാലഘട്ടം മുന്നില്‍ വെച്ച്‌ വിലയിരുത്തുകയാണിവിടെ. കൂടുതലൊന്നും അനുബന്ധ വിശദീകരണങ്ങളാവശ്യമില്ലാത്ത വിധം നേരിന്റെ വഴിയിലേക്കൊരു ചൂണ്ടുപലകയായി ആ വാചകങ്ങള്‍ മുജാഹിദുകള്‍ക്ക്‌ മുന്നില്‍ തെളിഞ്ഞ്‌ നില്‍ക്കുകയാണ്‌.

ജിന്നുകള്‍ നാടുവാഴുമ്പോള്‍

SHABAB EDITORIAL

ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം മുസ്‌ലിംലോകത്ത്‌ പല തരത്തിലുള്ള വഴിത്തിരിവുകളുണ്ടായി. വിവിധ തരത്തിലുള്ള ചിന്താ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. രാഷ്‌ട്രീയമായ ചേരിതിരിവുകളും പക്ഷപാതിത്വങ്ങളും ഇവയെ സ്വാധീനിച്ചു. ഹിജ്‌റ മൂന്നും നാലും നൂറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന ഒരു വലിയ സംവാദമായിരുന്നു വിശുദ്ധ ഖുര്‍ആന്‍ സൃഷ്‌ടിയാണോ അല്ലേ എന്നത്‌. വൈജ്ഞാനികവും അക്കാദമികവുമായ ഒരു ചര്‍ച്ച എന്നതിലുപരി സമൂഹവുമായി നേരിട്ട്‌ ബന്ധമുള്ളതോ ഇസ്‌ലാമിക വിശ്വാസ-അനുഷ്‌ഠാന-സംസ്‌കാര രംഗത്ത്‌ കാര്യമായ സ്വാധീനം ചെലുത്തുന്നതോ അല്ല ഈ വിവാദം. പക്ഷേ, അബ്ബാസിയാ ഭരണാധികാരികളില്‍ ചിലരുടെ പക്ഷപാതിത്വവും പണ്ഡിതന്മാരില്‍ ചിലരുടെ കൊള്ളരുതായ്‌മകളും നിമിത്തം വലിയ പ്രശ്‌നമായി മാറി. സമുദായത്തിന്റെ ഊര്‍ജം വലിയൊരളവോളം ഇതിനു വിനിയോഗിക്കപ്പെട്ടു. പരസ്‌പരം അവിശ്വാസാരോപണങ്ങള്‍ പോലും നടക്കുകയുണ്ടായി. ഹിജ്‌റ 241ല്‍ മരണമടഞ്ഞ ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ ഈ വിവാദത്തിന്റെ രക്തസാക്ഷിയാണെന്നു പറയാം. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ -ഉത്തമ നൂറ്റാണ്ടില്‍ - അതൊരു ചര്‍ച്ചയേ ആയിരുന്നില്ല. നാലാം നൂറ്റാണ്ടിനു ശേഷവും അത്‌ വിവാദവിധേയമായില്ല.

 ഏതാണ്ട്‌ ഇതുപോലെയാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഈ അടുത്ത കാലത്ത്‌ കയറിവന്ന ജിന്ന്‌ വിവാദം. സമുദായത്തിന്റെ ധൈഷണികോര്‍ജവും വിലപ്പെട്ട സമയവും അനാവശ്യമായ വിവാദങ്ങളില്‍ ഉടക്കി നഷ്‌ടപ്പെടുത്തപ്പെടുന്ന കാഴ്‌ച നാമേറെ കണ്ടു. ഒരു യാഥാര്‍ഥ്യത്തെ പറ്റിയുള്ള വികല ധാരണകളാല്‍ സമുദായം അജ്ഞതയിലും അന്ധവിശ്വാസത്തിലും കുരുങ്ങിപ്പോയ ഒരു സംഗതിയാണ്‌ ജിന്ന്‌ വിവാദം. മനുഷ്യനേത്രങ്ങള്‍ക്ക്‌ ഗോചരമല്ലാത്ത, ധിഷണയ്‌ക്ക്‌ പ്രാപ്യമല്ലാത്ത, ഗവേഷണത്തിന്‌ പഴുതില്ലാത്ത, അദൃശ്യജീവിയായ `ജിന്നി'നെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിലപ്പുറം ഒന്നും പറയേണ്ട ആവശ്യമില്ല. പ്രവാചകനോ സ്വഹാബിമാരോ വ്യക്തമാക്കിത്തരാത്ത ഒരു കാര്യത്തില്‍ ചില അല്‍പജ്ഞന്മാര്‍ നടത്തിയ ഗവേഷണവും അവരുടെ സ്ഥാപിത താല്‌പര്യങ്ങളുമാണ്‌ ഈ വിഷയം സങ്കീര്‍ണമാക്കിയത്‌.

താടിയുടെ മഹത്വം

പി കെ മൊയ്‌തീന്‍സുല്ലമി 

 ഒരു വ്യക്തിയെ സ്വര്‍ഗാവകാശിയാക്കുന്നത്‌ അവന്റെ ബാഹ്യമായ ജാടകളല്ല. മറിച്ച്‌ സത്യവിശ്വാസവും കര്‍മങ്ങളും മനശ്ശുദ്ധിയുമാണ്‌. നബി(സ) അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു: ``അല്ലാഹു നോക്കുന്നത്‌ നിങ്ങളുടെ രൂപത്തിലേക്കോ ശരീരത്തിലേക്കോ അല്ല. മറിച്ച്‌ നിങ്ങളുടെ മനസ്സുകളിലേക്കും കര്‍മങ്ങളിലേക്കുമാണ്‌'' (മുസ്‌ലിം). നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ മനസ്സുകള്‍ ശുദ്ധമായിരിക്കണം. നാം അനുഷ്‌ഠിക്കുന്ന കര്‍മങ്ങള്‍ ഇഖ്‌ലാസോടെയാവണം. അസൂയ, കിബ്‌റ്‌, പക, പോര്‌ എന്നിവയില്‍ നിന്നെല്ലാം മനസ്സ്‌ മുക്തമായിരിക്കണം. അക്കാര്യം അല്ലാഹു ഉണര്‍ത്തുന്നുണ്ട്‌: ``തീര്‍ച്ചയായും (മനസ്സ്‌) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവന്‍ പരാജയപ്പെടുകയും ചെയ്‌തു.'' (അശ്ശംസ്‌ 9,10)  മൂസാനബി(അ) അല്ലാഹുവോട്‌ പ്രാര്‍ഥിച്ചത്‌ ഹൃദയ വിശാലതക്കു വേണ്ടിയായിരുന്നു: ``നാഥാ, എന്റെ ഹൃദയത്തിന്‌ വിശാലത നല്‍കണമേ?'' (ത്വാഹാ 25). നബി(സ)ക്ക്‌ അല്ലാഹു നല്‌കിയ പ്രധാനപ്പെട്ട ഒരനുഗ്രഹം അതായിരുന്നു. ``നിനക്ക്‌ നിന്റെ മനസ്സ്‌ നാം വിശാലമാക്കിത്തന്നില്ലയോ?'' (ശര്‍ഹ്‌ 1)

 ഒരാളെ സ്വര്‍ഗാവകാശിയാക്കുന്നത്‌ അയാളുടെ ത്യാഗമാണ്‌. സത്യവിശ്വാസവും സല്‍കര്‍മങ്ങളും മനശ്ശുദ്ധിയും നിലനിര്‍ത്തിപ്പോരുന്ന ഒരു വ്യക്തിക്ക്‌ നിരവധി ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. ഇഷ്‌ടപ്പെട്ട പലതും ത്യജിക്കേണ്ടി വരും. മറ്റുള്ളവര്‍ ത്യജിക്കുന്ന പലതും സ്വീകരിക്കേണ്ടിവരും. എന്നാല്‍ താടിയുടെ പിന്നില്‍ യാതൊരു ത്യാഗവുമില്ല. അതു സ്വയം വളരുന്ന അവസ്ഥയിലാണ്‌. നബി(സ)യുടെ കല്‌പനയും പ്രോത്സാഹനവും ആ വിഷയത്തില്‍ വന്നതിനാല്‍ താടിവെച്ചവന്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌. ഇത്തരം കര്‍മപരമായ വിഷയങ്ങളില്‍ ഇജ്‌തിഹാദിന്‌ കഴിവുള്ള പണ്ഡിതന്മാര്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തിയതായി കാണാം. ഇമാം അഹ്‌മദുബ്‌നു ഹന്‍ബലിന്റെ അഭിപ്രായത്തില്‍ ഔറത്ത്‌ മുന്‍ദ്വാരവും പിന്‍ദ്വാരവും മാത്രമാണ്‌. വുദുവിന്റെ കാര്യത്തില്‍ കൊപ്‌ളിക്കലും മൂക്കില്‍ വെള്ളം കയറ്റി ചീറ്റലും നിര്‍ബന്ധമാണ്‌'' (ഫത്‌ഹുല്‍മുഈന്‍, പേജ്‌ 343). എന്നാല്‍ നാം മനസ്സിലാക്കിയതും പ്രവര്‍ത്തിച്ചുവരുന്നതും അതിനെതിരാണ്‌.

താടിവടിക്കല്‍ നിഷിദ്ധമാണെന്ന്‌ ഏതെങ്കിലും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ ഇജ്‌തിഹാദിയായ അഭിപ്രായങ്ങളാണ്‌. അവര്‍ക്ക്‌ ഇജ്‌തിഹാദിനുള്ള അറിവും അവകാശവുമുണ്ട്‌. ഇജ്‌തിഹാദിലൂടെ ഒരാളുടെ അഭിപ്രായത്തിന്‌ പിഴവു സംഭവിച്ചാലും അതിന്‌ ഒരു പ്രതിഫലമുണ്ടെന്നാണ്‌ നബി(സ) പറഞ്ഞിട്ടുള്ളത്‌. അതേയവസരത്തില്‍ ഹര്‍കത്തില്ലാത്ത അറബിഭാഷാ ഉദ്ധരണി വായിക്കാന്‍ പോലും അറിയാത്തവര്‍ കാര്യം മനസ്സിലാക്കാതെ ഒരു വിഷയത്തെ ഹറാമും ഹലാലുമാക്കുന്ന രീതിയോട്‌ യോജിക്കാനാവില്ല. മുന്‍കാല പണ്ഡിതന്മാര്‍ താടി ഒഴിവാക്കല്‍ നിഷിദ്ധമാണെന്ന്‌ അഭിപ്രായപ്പെടാന്‍ ചില കാരണങ്ങളുണ്ട്‌. അതിഥികളെ സല്‍ക്കരിക്കല്‍, താടിവളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ അറബികള്‍ ഇസ്‌ലാമിലേക്ക്‌ വരുന്നതിന്‌ മുമ്പുതന്നെ നിഷ്‌ഠ പുലര്‍ത്തിയിരുന്നു. താടി ഇസ്‌ലാമിലും ഒരു പുണ്യകര്‍മമാണെന്ന്‌ മനസ്സിലാക്കിയപ്പോള്‍ പിന്നെ തങ്ങളുടെ താടി ഒഴിവാക്കാതിരിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. അങ്ങനെയുള്ള ഒരു ധാരണയില്‍ നിന്നാണ്‌ ചില പണ്ഡിതന്മാര്‍ താടി ഒഴിവാക്കല്‍ നിഷിദ്ധമാണെന്ന്‌ ധരിച്ചുവെച്ചത്‌. താടി വളര്‍ത്താനും മൈലാഞ്ചിയിടാനും അതുപോലുള്ള പലതും ചെയ്‌ത്‌ അന്യമതക്കാരോട്‌ വിരുദ്ധമാകാന്‍ നബി(സ) കല്‌പിച്ചത്‌ മുസ്‌ലിംകളെ പ്രത്യേകം തിരിച്ചറിയാന്‍ വേണ്ടിയാണ്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews